കൊനെംപാലം(ആന്ധ്രാപ്രദേശ്): സ്‌കൂള്‍ വിട്ട് വന്നാല്‍ എല്ലാ കുട്ടികളും പുസ്‌തസഞ്ചി ഒരു മൂലയില്‍ തള്ളി കളിക്കാനായി കൂട്ടുകാരുമൊത്ത് ഓടുകയായി.എന്നാല്‍ ഈ പെണ്‍കുട്ടി ഇവര്‍ക്കിടയില്‍ വ്യത്യസ്‌ത ആയിരുന്നു. സ്‌കൂള്‍ വിട്ട് വന്നാല്‍ കൂട്ടുകാരുമൊത്ത് കളിക്കാന്‍ പോകാതെ അവള്‍ ആ സമയവും പഠനത്തിനായി നീക്കി വച്ചു. കേവലം ഒരു വര്‍ഷം കൊണ്ട് അവള്‍ പഠിച്ച് തീര്‍ത്തത് 175 കോഴ്‌സുകളാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പത്താംക്ലാസുകാരിയായ ബണ്ടാരു പ്രവാലിക എന്ന ആ പെണ്‍കുട്ടിയുടെ വ്യത്യസ്‌തമായ നേട്ടത്തെ അഭിനന്ദിച്ച് ആന്ധ്രാ വിദ്യാഭ്യാസ മന്ത്രിയും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറും രംഗത്ത് എത്തി. അഭിനന്ദനം മാത്രമല്ല ഡിസ്‌നി ഇവളുടെ പ്രത്യേക അഭിമുഖവും എടുത്തു.
പരീക്ഷകള്‍ക്കപ്പുറം ചിന്തിക്കുന്ന വിദ്യാര്‍ത്ഥി
പതിനഞ്ചുകാരിയായ പ്രവാലിക വിശാഖപട്ടണത്തെ ഭിംലിയിലുള്ള കസ്‌തൂര്‍ബാഗാന്ധി വിദ്യാലയത്തില്‍ പത്താക്ലാസ് പഠനം പൂര്‍ത്തിയാക്കിയിട്ടേയുള്ളൂ. ഇവളുടെ പ്രായത്തിലുള്ള മിക്ക കുട്ടികളും ഈ സമയത്ത് പരീക്ഷയില്‍ മാര്‍ക്ക് നേടുന്നതിനെക്കുറിച്ചാകും ചിന്തിക്കുക. എന്നാല്‍ പ്രവാലിക ഇതിനുമപ്പുറം തന്‍റെ ഭാവിക്ക് സഹായകമാകാന്‍ ചില തൊഴില്‍ നൈപുണികള്‍ കൂടി പരിശീലിച്ചു. ഒന്‍പതാം ക്ലാസില്‍ വച്ച് സ്‌കൂള്‍ അധികൃതര്‍ പരിചയപ്പെടുത്തിയ ഇന്‍ഫോസിസിന്‍റെ ചില ഓണ്‍ ലൈന്‍ കോഴ്‌സുകളാണ് അവള്‍ തെരഞ്ഞെടുത്തത്.
മികച്ച നേട്ടം
മാനേജ്‌മെന്‍റ്, ഇലക്‌ട്രോണിക്‌സ്, ഹാര്‍ഡ്‌വെയര്‍, സോഫ്‌റ്റ് വെയര്‍, ഡ്രോണ്‍ സാങ്കേതികത, റോബോട്ടിക്‌സ്, നിര്‍മ്മിത ബുദ്ധി തുടങ്ങി വിവിധ വിഷയങ്ങളിലുള്ള കോഴ്‌സുകളാണ് പ്രവാലിക പൂര്‍ത്തിയാക്കിയത്. അവളുടെ ക്ലാസിലെ ചില കുട്ടികളും ഈ കോഴ്‌സുകള്‍ക്കൊക്കെ ചേര്‍ന്നിരുന്നെങ്കിലും 175 കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയത് അവള്‍ മാത്രമാണ് അതും കേവലം ഒരു കൊല്ലം കൊണ്ട്. പലപ്പോഴും മൂന്ന് മണിക്കൂര്‍ മുതല്‍ ഒരു ദിവസം വരെ പല കോഴ്‌സുകള്‍ക്കും വേണ്ടി അവള്‍ നീക്കി വച്ചു. ഇവളുടെ ഈ ആത്മാര്‍പ്പണത്തിന് ഇപ്പോള്‍ വ്യാപകമായ അംഗീകാരവും കിട്ടിയിരിക്കുകയാണ്.
അഭിനന്ദനവമായി ഡിസ്‌നിപ്ലസ് ഹോട്ട് സ്റ്റാറും ആന്ധ്രാ വിദ്യാഭ്യാസ മന്ത്രിയും
പ്രവാലികയുടെ ഈ മികച്ച നേട്ടത്തെക്കുറിച്ചറിഞ്ഞ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ ഡല്‍ഹിയില്‍ നിന്ന് ഇവിടേക്ക് പറന്നെത്തി അവളുടെ അഭിമുഖം എടുത്തു. ഇതിന് പുറമെ ആന്ധ്രാ വിദ്യാഭ്യാസമന്ത്രി നര ലോകേഷും അവളുടെ കഴിവിനെയും കഠിന പ്രയത്‌നത്തെയും അര്‍പ്പണബോധത്തെയും അഭിനന്ദിച്ച് രംഗത്ത് എത്തി.
മറ്റുള്ളവര്‍ക്ക് മാതൃക
അന്‍പത് കോഴ്‌സുകള്‍ക്ക് ഒക്കെ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടുന്നത് വലിയ കാര്യമാണെന്ന് കരുതുന്നവരെയൊക്കെ പിന്നിലാക്കിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. ബിടെക്, എംടെക് ബിരുദധാരികള്‍ക്ക് പോലും പലപ്പോഴും ബാലികേറാ മലയാകുന്ന 175 കോഴ്‌സുകളാണ് ഇവള്‍ നിഷ്‌പ്രയാസം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇന്‍ഫോസിസും ഇവളുടെ നേട്ടത്തെ അഭിനന്ദിച്ചു.
അക്കാദമിക നേട്ടങ്ങള്‍ക്കപ്പുറം മികച്ച കായികതാരം കൂടിയാ് ഈ പെണ്‍കുട്ടി. സ്വന്തം വിദ്യാലയത്തിലെ ക്രിക്കറ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ ആണ് അവള്‍. സംസ്ഥാന തലത്തില്‍ നിരവധി മെഡലുകളും നേടിയിട്ടുണ്ട്.
ഇവളുടെ നേട്ടങ്ങള്‍ ഒപ്പം പഠിക്കുന്നവര്‍ക്ക് മാത്രമല്ല പ്രചോദനമായിരിക്കുന്നത്. മറിച്ച് അവളുടെ വിദ്യാലയത്തിലെ മറ്റ് നാല് വിദ്യാര്‍ത്ഥികളെ കൂടി സ്വാധീനിച്ചിരിക്കുന്നു. അവര്‍ നൂറ് കോഴ്‌സുകള്‍ ഇപ്പോള്‍ വിജകരമായി പൂര്‍ത്തിയാക്കി. ഇവളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ ശ്രീ ചൈതന്യ വിദ്യ സന്‍സ്ഥ ഭാവി പഠനത്തിനായി തികച്ചും സൗജന്യമായി ഒരു സീറ്റും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
അമ്മയുടെ അഭിമാനം വാനോളം
പ്രവാലികയുടെ അമ്മ മകളുടെ നേട്ടങ്ങളില്‍ അങ്ങേയറ്റം അഭിമാനം പ്രകടിപ്പിക്കുന്നു. കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ മകളുടെ പഠനത്തെ തുടര്‍ന്നും പിന്തുണയ്ക്കുമെന്നും അവര്‍ പറയുന്നു.
മുന്നിലുള്ളത് പ്രതീക്ഷയുള്ള ഭാവി
പ്രവാലികക്ക് സിവില്‍ എന്‍ജിനീയറിങില്‍ ബിടെക് നേടണമെന്നാണ് മോഹം. ഭാവിയില്‍ സിവില്‍ സര്‍വീസിലും ഒരു കൈ നോക്കണമെന്ന് അവള്‍ പറയുന്നു. അവളുടെ ആത്മാര്‍പ്പണം എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണ്. കഠിനാദ്ധ്വാനവും ഇച്‌ഛാശക്‌തിയുമുണ്ടെങ്കില്‍ പ്രായവും സാഹചര്യങ്ങളുമൊന്നും വിജയം നേടാന്‍ തടസമല്ലെന്ന് പ്രവാലിക എന്ന ഈ കൊച്ചുമിടുക്കി തെളിയിക്കുന്നു.
Also Read: തൊഴിലന്വേഷകനില്‍ നിന്ന് കര്‍ഷകരെ ശാക്തീകരിക്കലിലേക്ക്; ഈ യുവാവിന്‍റെ ജീവിത കഥ പ്രചോദനകരം