കൊൽക്കത്ത: തൃണമൂൽ കോണ്‍ഗ്രസിൻ്റെ കാളിഗഞ്ച് ഉപതെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തിൽ പെണ്‍കുട്ടിയ്‌ക്ക് ദാരുണാന്ത്യം. അലിഫ അഹമ്മദിൻ്റെ വിജയാഘോഷ റാലിയിലാണ് സ്‌ഫോടനം ഉണ്ടായത്. ക്രൂഡ് ബോംബ് ആക്രമണത്തിലാണ് നാലാം ക്ലാസ് വിദ്യാർഥിനിയായ തമന്ന ഖാത്തൂൺ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പിടികൂടി.
എങ്ങനെയാണ് സ്‌ഫോടനമുണ്ടായത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം വിജയാഘോഷത്തിനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ദുഃഖം രേഖപ്പെടുത്തി. വിഷയത്തിൽ അടിയന്തര നടപടിയെടുക്കാൻ പൊലീസിനോട് നിർദേശിക്കുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വിജയാഘോഷം കുട്ടിയുടെ വീടിന് മുന്നിലൂടെ കടന്നുപോവുകയായിരുന്നു. പെട്ടെന്നാണ് സ്‌ഫോടനമുണ്ടായത്. ക്രൂഡ് ബോംബിൻ്റെ കഷണം കുട്ടിയുടെ കഴുത്തിൽ തറയ്‌ക്കുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ ഗുരുതര ആരോപണവുമായി കുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ടിഎംസിക്ക് വോട്ട് ചെയ്യാത്തതിനാലാണ് തങ്ങളെ പ്രവർത്തകർ ആക്രമിച്ചതെന്ന് മരിച്ച പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടി. വിജയഘോഷയാത്രകയ്‌ക്കിടെയുണ്ടായ സംഭവം അന്വേഷിക്കുമെന്ന് സംസ്ഥാന ചീഫ് ഇലക്‌ടറൽ ഓഫിസർ അറിയിച്ചു. വിജയ റാലികളിൽ മാർഗനിർദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. സംഭവത്തിൽ ബിജെപിയും ശക്തമായി പ്രതികരിച്ച് രംഗത്തെത്തി.
തൃണമൂലിൻ്റെ വിജയാഘോഷം രക്തക്കറ പുരണ്ട കൈകളോടെ അവസാനിച്ചുവെന്നാണ് ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ എക്‌സിൽ കുറിച്ചത്. ടിഎംസി ഒരു രാഷ്ട്രീയ പാർട്ടിയല്ല. അത് കഴുകന്മാരുടെ ഒരു കൂട്ടമാണ്. രക്തം ചിന്താതെ അവർക്ക് വിജയിക്കാൻ കഴിയില്ലെന്നും ബിജെപി കുറ്റപ്പെടുത്തി.