പാട്‌ന: നിയമസഭാംഗം മിശ്രിലാൽ യാദവിൻ്റെ പാർട്ടി അംഗത്വം റദ്ദാക്കി ബിജെപി. ദർഭംഗയിലെ പ്രത്യേക എംപി-എംഎൽഎ കോടതി ക്രിമിനൽ കേസിൽ മിശ്രിലാലിനെ രണ്ട് വർഷം തടവിന് ശിക്ഷിച്ച സാഹചര്യത്തിലാണ് പാർട്ടി നടപടി. വികാശീൽ പാർട്ടി (വിഐപി) ടിക്കറ്റിൽ 2020 ൽ അലിനഗറിൽ നിന്നാണ് മിശ്രിലാൽ നിയമസഭയിലെത്തുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എംഎൽഎക്കെതിരെ നൽകിയ ആക്രമണ കവർച്ചാ കേസിൽ മിശ്രിലാലും കൂട്ടാളിയായ സുരേഷ് യാദവും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ദർഭംഗ ജില്ലയിലെ കിയോട്ടി ബ്ലോക്കിന് കീഴിലുള്ള സമൈല ഗ്രാമത്തിലെ ഉമേഷ് മിശ്ര എന്നയാൾ 2019 ൽ നൽകിയ പരാതിയിലാണ് വിധി.
മിശ്രിലാലും 25 ഓളം കൂട്ടാളികളും തന്നെ കോടാലി കൊണ്ട് ആക്രമിക്കുകയും ഇരുമ്പ് വടികളുപയോഗിച്ച് അടിക്കുകയും ചെയ്‌തതായി ഉമേഷ് മിശ്ര പൊലീസിന് മൊഴി നൽകിയിരുന്നു. കൂടാതെ 2300 രൂപ തട്ടിയെടുത്തതായും ഇയാള്‍ ആരോപിച്ചു.
ഈ വർഷം മെയ് 27നാണ് കോടതി വിധി പ്രസ്‌താവിച്ചത്. തടവിന് പുറമേ രണ്ട് പ്രതികൾക്കും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 191 ഉം 1951 ലെ ജനപ്രാതിനിധ്യനിയമവും അനുസരിച്ച്, രണ്ട് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാൽ ഒരു എംഎൽഎയ്‌ക്കോ എംപിക്കോ അംഗത്വം നഷ്‌ടപ്പെടാം.