ന്യൂഡല്‍ഹി: ബിജെപിയിലേക്ക് ചേക്കേറുമെന്നുള്ള അഭ്യൂഹങ്ങള്‍ തള്ളി കോണ്‍ഗ്രസ് പാര്‍ലമെന്‍റംഗം ശശി തരൂര്‍. ഇത്തരത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ നിരര്‍ത്ഥകമാണെന്നും തരൂര്‍ പറഞ്ഞു. എല്ലാവരും ബിജെപിയിലേക്ക് പോയാല്‍ എന്താകും സ്ഥിതിയെന്നും തരൂര്‍ ചോദിച്ചു. അതേസമയം വിദേശകാര്യ നയതന്ത്രവിദഗ്ദ്ധന്‍ എന്ന നിലയില്‍ തരൂരിന്‍റെ സേവനം പ്രയോജനപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചനയുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സഖ്യരാജ്യങ്ങളുമായി ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ അധ്യക്ഷനായി അദ്ദേഹത്തെ തെരഞ്ഞെടുത്തതോടെയാണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് രാജ്യത്ത് വഴി തുറന്നത്. കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ തരൂര്‍ ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് നല്‍കിയ പട്ടിക പൂര്‍ണമായും തള്ളിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ അംഗങ്ങളെ നിയോഗിച്ചതെന്ന ആരോപണവും പാര്‍ട്ടി ഉയര്‍ത്തിയിരുന്നു.
രാജ്യസേവനത്തിനുള്ള ഏത് അവസരവും താന്‍ ഉപയോഗിക്കുമെന്നും ഡല്‍ഹിയില്‍ ലോകരാജ്യങ്ങളുമായുള്ള സംവാദത്തിന് രൂപീകരിച്ച സര്‍വകക്ഷി സംഘങ്ങളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ തരൂര്‍ വ്യക്തമാക്കി. രാജ്യത്തിനായി തന്‍റെ കഴിവുകള്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെങ്കില്‍ അത് അംഗീകരിക്കും. സര്‍ക്കാര്‍ പദവികളോട് മുഖം തിരിക്കില്ലെന്ന ശക്തമായ സന്ദേശമാണ് തരൂരിന്‍റെ ഈ വാക്കുകളില്‍ പ്രകടമാകുന്നത്.
വിദേശകാര്യ വിദഗ്ദ്ധനായ തരൂരിന്‍റെ സേവനം പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് ശശി തരൂരുമായി ചര്‍ച്ച ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ഓണററി പദവിയാണെങ്കില്‍ എംപി സ്ഥാനം രാജി വയ്ക്കാതെ തന്നെ തരൂരിന് അത് ഏറ്റെടുക്കാനാകും. രാഷ്‌ട്രീയ പദവി അല്ലാത്തത് കൊണ്ട് തന്നെ കൂറുമാറ്റ പ്രശ്‌നവും ഉയരുന്നില്ല. അതേസമയം ഇത്തരമൊരു നീക്കമുണ്ടായാല്‍ കോണ്‍ഗ്രസ് അത് അനുവദിക്കില്ലെന്ന സൂചനയുണ്ട്. തരൂരിന്‍റെ ഓരോ നീക്കവും ജാഗ്രതയോടെയാണ് കോണ്‍ഗ്രസ് നേതൃത്വം വീക്ഷിക്കുന്നത്. നിരന്തരം പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്ന തരൂരിനെ പുറത്താക്കണമെന്നും ഒരു സംഘം ആവശ്യം ഉയര്‍ത്തുന്നുണ്ട്.
വിദേശകാര്യമന്ത്രാലയവുമായി ദീര്‍ഘമായ ചര്‍ച്ചയാണ് നടന്നതെന്നും തരൂര്‍ വ്യക്തമാക്കി. ആറ് മണിക്ക് അവസാനിക്കുമെന്ന് അറിയിച്ചിരുന്ന യോഗമാണ്. എന്നാല്‍ ഏഴ് മണിയും കഴിഞ്ഞാണ് യോഗം അവസാനിപ്പിക്കാനായത്. 24 അംഗങ്ങള്‍ ചര്‍ച്ചയ്ക്ക് എത്തിയിരുന്നു. അവര്‍ക്ക് നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ടായിരുന്നു. എല്ലാ സമിതിയംഗങ്ങളും വിദേശകാര്യസെക്രട്ടറിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സാമൂഹ്യമാധ്യമങ്ങള്‍ അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ എന്തും പറഞ്ഞോട്ടെ തങ്ങള്‍ ഒപ്പമുണ്ടെന്ന സന്ദേശമാണ് യോഗം നല്‍കിയത്. അദ്ദേഹം രാജ്യത്തെ സേവിക്കുകയാണ്. അതിന് തങ്ങള്‍ നന്ദി പറയുന്നുവെന്നും തരൂര്‍ വ്യക്തമാക്കി. മൂന്ന് മണിക്കൂറോളം ചര്‍ച്ച നീണ്ടു.