ബംഗളൂരു: ആര്‍ സി ബിയുടെ വിജയാഘോഷത്തെ തുടര്‍ന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് കര്‍ണാടക ഹൈക്കോടതി. ഭാരവാഹികള്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പാടില്ലെന്നും വെള്ളിയാഴ്‌ച ഹൈക്കോടതി ഉത്തരവിട്ടു.
കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ് ആര്‍ കൃഷ്ണകുമാറിന്‍റെ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ആര്‍സിബി മാര്‍ക്കറ്റിങ് വിഭാഗം മേധാവി നിഖില്‍ സോസലെയുടെ അറസ്റ്റില്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. അതേസമയം സംസ്ഥാന സര്‍ക്കാരിന് പറയാനുള്ളത് കേള്‍ക്കണമെന്നും കോടതി വ്യക്തമാക്കി. ജൂണ്‍ 16ന് കേസ് വീണ്ടും പരിഗണിക്കും.
അറസ്റ്റ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ആര്‍ സിബി മാര്‍ക്കറ്റിംഗ് ആന്‍ഡ് റവന്യു വിഭാഗം മേധാവി നിഖില്‍ സോസലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്‌തതെന്ന് നിഖില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ദുരന്തത്തിന്‍റെ ഉത്തരവാദിത്തം ആര്‍സിബിയുടെ മേല്‍ മാത്രം കെട്ടിവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും നിഖില്‍ സോസലെ കോടതിയില്‍ വ്യക്തമാക്കി.
അതേസമയം കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് രഘുറാം ഭട്ട്, സെക്രട്ടറി എ ശങ്കര്‍, ട്രഷറര്‍ ഇ എസ് ജയറാം മറ്റ് കെഎസ് സിഎ ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്‌ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പരിപാടിയുടെ സംഘാടകരായ ബെംഗളുരു പൊലീസ് ആര്‍ബിസി ഫ്രാഞ്ചൈസി ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയായ ഡി എന്‍ എ എന്‍റര്‍ടെയ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് ഭാരവാഹികള്‍, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, നിയമവിരുദ്ധമായ സംഘം ചേരല്‍, മനുഷ്യജീവന് അപകടമുണ്ടാക്കുന്ന അശ്രദ്ധമായ പ്രവൃത്തികൾ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് വ്യാഴാഴ്‌ച എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെതിരെയാണ് ഭാരവാഹികള്‍ കോടതിയെ സമീപിച്ചത്.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബിയുടെ വിജയാഘോഷത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ രോഷം ആളിക്കത്തിയിരുന്നു. പരിപാടിയുടെ സംഘാടനത്തിനെതിരെ വലിയ തോതിലുള്ള വിമർശനമാണ് നെറ്റിസൺസ് ഉയർത്തുന്നത്.
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) തങ്ങളുടെ കന്നി ഐപിഎൽ കിരീടം നേടിയതിന് ശേഷമുള്ള ആഘോഷങ്ങളാണ് ദുരന്തത്തിൽ കലാശിച്ചത്. ഇത്ര വലിയ ദുരന്തം ഉണ്ടായിട്ടും സംഘാടകർ ആഘോഷങ്ങൾ തുടർന്നെന്നും വിമർശനമുണ്ട്.