പട്‌ന: വൈവിധ്യങ്ങളുടെ രാജ്യമാണ് ഇന്ത്യ. പുരാതന കാലം മുതൽ നമ്മുടെ സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും ആചാരങ്ങളുമെല്ലാം വൈവിധ്യമാർന്നതാണ്. അത്തരത്തിൽ ഇന്നും വ്യത്യസ്‌തമായി നിൽക്കുന്ന ഒരു ഗ്രാമമുണ്ട് അങ്ങ് ബിഹാറിൽ. 'ബങ്കാറ്റ്' എന്നാണ് ആ ഗ്രാമത്തിന്‍റെ പേര്.
ഈ ഗ്രാമത്തിലെ നിയമങ്ങൾ ആ ഗ്രാമത്തിലെ പൂർവ്വീകർ തന്നെ ഉണ്ടാക്കിയതാണ്. ഇന്നും ആ ഗ്രാമവാസികൾ ആ നിയമങ്ങളെല്ലാം തന്നെ പാലിക്കുന്നുണ്ട്. 'ബങ്കാറ്റ് ഗ്രാമത്തിൽ താമസമാക്കിയവരാണ് ബങ്കാറ്റിനുള്ള നിയമങ്ങൾ ഉണ്ടാക്കിയത്. ഇന്നത്തെ തലമുറയും ഈ നിയമങ്ങൾ തന്നെയാണ് പാലിക്കുന്നതെന്ന് 76കാരനായ ഗ്രാമവാസി രാംദേവ് യാദവ് പറഞ്ഞു.

പ്രശ്‌നങ്ങളില്ലാത്ത ഗ്രാമം: ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ബിഹാർ. ചെറിയ പ്രശ്‌നങ്ങൾക്ക് പോലും പൊലീസ് സ്‌റ്റേഷനുകളിൽ പരാതികൾ എത്താറുണ്ട്. എന്നാൽ ബങ്കാറ്റ് നിവാസികൾ ഇതുവരെ പൊലീസ് സ്‌റ്റേഷനോ കോടതിയോ കണ്ടിട്ടില്ല. എന്ത് പ്രശ്‌നം ഉണ്ടായാലും അത് ഗ്രാമത്തിലെ മുതിർന്ന ആളുകൾ സംസാരിച്ച് പരിഹരിക്കും എന്നത് ഈ ഗ്രാമത്തിന്‍റെ പ്രത്യേകതയാണ്.
പൊലീസ് സ്‌റ്റേഷനിൽ ഒരു രേഖയുമില്ല: കഴിഞ്ഞ 111 വർഷത്തിനിടെ ഗ്രാമത്തിൽ നിന്നുള്ള വഴക്കുകളോ തർക്കങ്ങളോ സംബന്ധിച്ച ഒരു കേസുകളും പൊലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌തിട്ടില്ല. ചെറിയ പ്രശ്‌നങ്ങൾക്ക് പോലും പൊലീസ് സ്‌റ്റേഷനെ ആശ്രയിക്കുന്നവർക്ക് ബാങ്കറ്റ് ഗ്രാമം എന്നും മാതൃകയാണ്.
പൊലീസ് സ്‌റ്റേഷനിൽ കേസുകൾ രജിസ്‌റ്റർ ചെയ്യുന്നില്ല എന്നതുകൊണ്ട് ഈ ഗ്രാമത്തിൽ തർക്കങ്ങൾ ഇല്ല എന്നല്ല അതിനർഥം. എല്ലാ സ്ഥലങ്ങളിലെയും പോലെ ഇവിടെയും തർക്കങ്ങൾ ഉണ്ടാകാറുണ്ട്, പക്ഷേ അവർ പരാതികളുമായി ഗ്രാമത്തിന് പുറത്തേക്ക് പോകാറില്ല. കാരണം ഗ്രാമത്തിലെ മുതിർന്നവർ തന്നെ ആ പ്രശ്‌നങ്ങൾ പരിഹരിക്കും. അതേസമയം ഗ്രാമപഞ്ചങ്ങളുടെ നിയമങ്ങൾ ലംഘിക്കുന്നവർക്കും ശിക്ഷ ലഭിക്കും.
'എനിക്ക് 45 വയസുണ്ട്. ഇതുവരെ ഞാൻ ആംസ് പൊലീസ് സ്‌റ്റേഷന്‍റെ ഉൾവശം കണ്ടിട്ടില്ല. ഒരിക്കൽ പോലും പൊലീസ് സ്‌റ്റേഷനിൽ എനിക്ക് പോകേണ്ടി വന്നിട്ടില്ല. സ്വാതന്ത്ര്യത്തിന് മുമ്പും ഒരു ക്രിമിനൽ കേസ് പോലും ഇവിടെ രജിസ്‌റ്റർ ചെയ്‌തിട്ടില്ലെന്ന് എന്‍റെ മുത്തച്‌ഛൻ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇവിടെ ആർക്കും ആരോടും പരാതിയോ ശത്രുതയോ ഇല്ല' എന്ന് ബങ്കാറ്റ് ഗ്രാമവാസി ഹിര റാവാനി പറഞ്ഞു.
തങ്ങളുടെ പൂർവ്വികർ ആ സമയത്ത് ഈ നിയമങ്ങൾ ഉണ്ടാക്കിയത് എന്തുകൊണ്ടാണെന്നറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഗ്രാമത്തിലെ എല്ലാവരും ആ നിയമങ്ങൾ അനുസരിക്കുന്നുണ്ട്. മൂന്ന് ജാതികളിൽ നിന്നുള്ള ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. ഇവിടെയെല്ലാവരും പരസ്‌പരം ബഹുമാനിക്കുന്നുണ്ടെന്നും ഹിര റാവാനി കൂട്ടിച്ചേർത്തു.
ആംസ് പൊലീസ് സ്‌റ്റേഷന് കീഴിലാണ് ബങ്കാറ്റ് ഗ്രാമം. പൊലീസ് സ്‌റ്റേഷനിലെ രേഖകളിൽ ബങ്കാറ്റ് ഗ്രാമവുമായി ബന്ധപ്പെട്ട് ഒരു കേസും ഇല്ലെന്ന് സ്‌റ്റേഷൻ ഇൻചാർജ് ശൈലേഷ് കുമാർ പറഞ്ഞു. അദ്ദേഹത്തിന്‍റെ കാലത്ത് ഇതുവരെ ഒരു കേസ് പോലും രജിസ്‌റ്റർ ചെയ്‌തിട്ടില്ല. പൊലീസ് സ്‌റ്റേഷനിലെ രേഖകൾ പ്രകാരം, ഗ്രാമത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് ഒരു കേസും രജിസ്‌റ്റർ ചെയ്‌തിട്ടില്ല. ഗ്രാമത്തിലെ ആരുടെയും പേരിൽ ഒരു ക്രിമിനൽ കേസും നിലവിലില്ല.
പ്രശ്‌നങ്ങൾ ഗ്രാമത്തിലുള്ളിൽ പരിഹരിക്കപ്പെടുന്നു: ബങ്കാറ്റിലെ ഭൂരിഭാഗം ആളുകളും സമാധാനപ്രിയരാണെന്ന് പഞ്ചായത്ത് സർപഞ്ച് രാജ് കുമാർ ഗെലോട്ട് പറഞ്ഞു. ആളുകൾക്കിടയിൽ പ്രശ്‌നങ്ങളുണ്ടായാൽ അത് അവർക്കിടയിൽ തന്നെ പരിഹരിക്കപ്പെടും.
പൊലീസ് സ്‌റ്റേഷനിൽ നിന്നും 10 കിലോ മീറ്റർ അകലെയാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിൽ ഒരു പ്രശ്‌നം ഉണ്ടായാൽ പണ്ട് പെട്ടെന്ന് പൊലീസ് സ്‌റ്റേഷനിൽ എത്താൻ കഴിയുമായിരുന്നില്ല. അതാകാം ഗ്രാമവാസികൾ അവർക്കായി ഒരു നിയമം ഉണ്ടാക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ന് ഗ്രാമത്തിൽ റോഡും മറ്റ് വികസനങ്ങളും എത്തിയെങ്കിലും ആരും പൊലീസ് സ്‌റ്റേഷനിൽ പോകാറില്ല. ജനങ്ങൾ ഇപ്പോഴും അവരുടെ പാരമ്പര്യം പിന്തുടരുകയാണ്.

ഗ്രാമത്തിന് അതിന്‍റേതായ നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്: ബങ്കാറ്റ് ഗ്രാമത്തിന് അതിന്‍റേതായ നിയമങ്ങളും നിയന്ത്രണങ്ങളുണ്ടെന്നും അതിന്‍റെ കീഴിലാണ് അവർ പഞ്ചായത്ത് നടത്തുന്നത് ഗ്രാമപ്രമുഖനായ രാംദേവ് യാദവ് പറഞ്ഞു. ഗ്രാമത്തിൽ നിന്നുതന്നെയുള്ള അഞ്ച് പേരാണ് ഗ്രാമത്തിലെ പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കുന്നത്. അവരുടെ തീരുമാനങ്ങൾ ഗ്രാമവാസികൾ അനുസരിക്കണം. ഗ്രാമത്തിലെ ഏറ്റവും മുതിർന്ന ആളാണ് അഞ്ചംഗ സംഘത്തിലെ പ്രമുഖൻ.
ഗ്രാമത്തിൽ ഒരു പ്രശ്‌നം ഉണ്ടായാൽ ഇരുവശത്തുനിന്നും വാദങ്ങൾ കേട്ട ശേഷം, മധ്യസ്ഥർ വിഷയത്തെ കുറിച്ച് ചർച്ച ചെയ്യും. മധ്യസ്ഥർക്കിടയിലും കാര്യങ്ങളെ കുറിച്ച് വാക്കുതർക്കം ഉണ്ടാകാം. എല്ലാവർക്കും ഉചിതമെന്ന് തോന്നുന്ന തീരുമാനത്തിൽ എത്തുന്നത് വരെ അവർ വാദിക്കും. ശേഷം അവരുടെ തീരുമാനം ഗ്രാമത്തെ അറിയിക്കും. ഇരുവരും യോജിച്ചാൽ, തീരുമാനം രേഖാമൂലം കാണിച്ചുകൊണ്ട് ഒരു ഉടമ്പടി ഉണ്ടാക്കുകയും അതിൽ ഇരു കക്ഷികളും പഞ്ചകളും ഒപ്പിടുകയും ചെയ്യും.
'ശിക്ഷയ്ക്കുള്ള വ്യവസ്ഥയും ഈ തീരുമാനത്തിൽ പരാമർശിക്കും.' തീരുമാനം അംഗീകരിച്ചതിനുശേഷം അത് നിരസിക്കുകയോ ലംഘിക്കുകയോ ചെയ്‌താൽ അവർ ശിക്ഷിക്കപ്പെടും. സംഭവത്തിൽ കേസ് ഫയൽ ചെയ്‌താൽ അവർക്ക് ലാത്തി ഉപയോഗിച്ച് 11 അല്ലെങ്കിൽ അതിൽ കൂടുതൽ അടി നൽകണമെന്നാണ് നിയമമെന്ന് ബങ്കാറ്റ് നിവാസിയായ രാംദേവ് യാദവ് പറഞ്ഞു.
ഗ്രാമത്തിലെ ഒരാൾക്ക് ഒരിക്കൽ ഈ ശിക്ഷ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. 30 വർഷം മുമ്പായിരുന്നു സംഭവം. ഇപ്പോൾ ഗ്രാമത്തിലെ എല്ലാവരും ഒരു പാരമ്പര്യമെന്ന നിലയിൽ അവരവരുടെ നിയമങ്ങൾ പാലിക്കുന്നു. ഇവിടെ ഹീനമായ കുറ്റകൃത്യങ്ങൾ ഇല്ലാത്തതിനാൽ കഠിനമായ ശിക്ഷകളൊന്നുമില്ല. മിക്കതും ആഭ്യന്തര കാര്യങ്ങളാണ്, അവ പരസ്‌പരം എളുപ്പത്തിൽ പരിഹരിക്കാവുന്നതാണ്.
പിഴ തുകയിൽ നിന്ന് സാമൂഹിക പ്രവർത്തനങ്ങൾ നടത്തും: പിഴയായി ലഭിക്കുന്ന തുക ഗ്രാമത്തിലെ ദരിദ്രരായ ആളുകളുടെ വിവാഹം, അവരുടെ ചികിത്സ, പൊതുജനക്ഷേമ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നു. ഗ്രാമത്തിലെ ആർക്കെങ്കിലും ആ തുക ആവശ്യമുണ്ടെങ്കിൽ, അത് വായ്‌പയായും നൽകും.
ഗ്രാമത്തിന്‍റെ ചരിത്രം: ബങ്കാറ്റ് ഗ്രാമത്തിലെ റവന്യൂ ഗ്രാമം ചിൽമിയാണ്. 1914 ലാണ് ബങ്കാറ്റ് സ്ഥാപിതമായതെന്ന് ആംസ് ബ്ലോക്കിലെ ബിഎൽഒ സൂപ്പർവൈസറും അധ്യാപകനുമായ അരുൺ കുമാർ യാദവ് പറഞ്ഞു. 1914ലെ സർവേയിൽ, നാഥുനി യാദവ്, തുളസി യാദവ്, മുംഗേശ്വർ യാദവ് എന്നിവരെ കൂടാതെ മറ്റ് ചിലരും ഇവിടെ വന്ന് സ്ഥിര താമസമാക്കിയിരുന്നു. ആ സമയത്ത് നാലോ അഞ്ചോ വീടുകൾ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. ചുറ്റും കാടുകളും കുന്നുകളും ഉണ്ടായിരുന്നു. ഇന്നും ഗ്രാമത്തിനടുത്ത് കുന്നുകളും വനപ്രദേശങ്ങളും ഉണ്ടെങ്കിലും ഗ്രാമത്തിൽ വെള്ളം, വൈദ്യുതി, റോഡ് എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഗ്രാമത്തിൽ 60 വീടുകളാണുള്ളത്. 352 വോട്ടർമാരുള്ള ഗ്രാമത്തിലെ ആകെ ജനസംഖ്യ 600 ആണ്. കൃഷിയാണ് ഇവിടെയുള്ളവരുടെ പ്രധാന ഉപജീവനമാർഗം. എന്നാൽ കഴിഞ്ഞ 15 വർഷമായി ഗ്രാമത്തിലെ യുവാക്കൾ സർക്കാർ മേഖലയിലും സ്വകാര്യ മേഖലകളിലും ജോലി ചെയ്‌തുവരുന്നുണ്ടെന്ന് ആംസ് ബ്ലോക്ക് ബിഎൽഒ സൂപ്പർവൈസർ അരുൺ കുമാർ പറഞ്ഞു.
ഗ്രാമത്തിൽ സാമൂഹിക ഐക്യമുണ്ട്: നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ബങ്കാറ്റ് ഗ്രാമത്തിൽ രണ്ട് ബൂത്തുകൾ സജ്ജീകരിക്കാറുണ്ടെന്ന് പ്രാദേശിക പത്രപ്രവർത്തകൻ ധനഞ്ജയ് കുമാർ പറയുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ഈ ഗ്രാമം ഒത്തുചേരുകയും വോട്ടെടുപ്പ് സംബന്ധിച്ച് തീരുമാനമെടുക്കുകയും തുടർന്ന് എടുത്ത തീരുമാനമനുസരിച്ച് വോട്ടെടുപ്പ് നടത്തുകയും ചെയ്യുന്നു.
ഗ്രാമത്തിന് ബങ്കാറ്റ് എന്ന പേര് എങ്ങനെ ലഭിച്ചു?: നാല് പേർ ചേർന്നാണ് ഗ്രാമത്തിൽ താമസമാക്കിയതെന്നാണ് ഗ്രാമത്തിലെ മുതിർന്നവർ പറയുന്നത്. ഈ ഗ്രാമത്തിന് ചുറ്റും പണ്ട് കാടായിരുന്നു. അത് വെട്ടി കൃഷിയോഗ്യമായ ഭൂമിയാക്കി മാറ്റി. ഇക്കാരണത്താൽ ഗ്രാമത്തിന്‍റെ പേര് ബങ്കാറ്റ് എന്നായി. തുളസി യാദവ്, മുംഗേശ്വർ യാദവ്, നാഥുനി യാദവ്, സജീവൻ യാദവ് എന്നീ നാല് പേർ ചേർന്നാണ് ഗ്രാമത്തിന് പേര് നൽകിയിരിക്കുന്നത്.
ഗ്രാമത്തിലെ നക്‌സലൈറ്റ് ഇടപെടൽ: 90കളിൽ ഗയ ജില്ലയിലെ ഒരു നക്‌സലൈറ്റ് പ്രദേശമായിരുന്നു ബങ്കാറ്റെന്ന് അവിടുത്തെ നാട്ടുകാർ പറയുന്നു. ഗ്രാമത്തിന്‍റെ ഈ പാരമ്പര്യത്തെക്കുറിച്ച് നക്‌സലൈറ്റുകൾ അറിഞ്ഞപ്പോൾ, അവരും ഇടപെടാൻ ശ്രമിച്ചു.
പക്ഷേ നക്‌സലൈറ്റുകൾക്ക് പോലും ഗ്രാമത്തിന്‍റെ ഐക്യം തകർക്കാൻ കഴിഞ്ഞില്ല. നക്‌സലൈറ്റുകളുടെ നയവും ബ്രിട്ടീഷുകാരുടെ നയം പോലെയായിരുന്നുവെന്ന് രാംദേവ് യാദവ് പറയുന്നു. ഗ്രാമവാസികൾ ഒരു യോഗം ചേർന്ന് നക്‌സലൈറ്റുകളുടെ ഇടപെടൽ നിഷേധിച്ചു. ഇതുമാത്രമല്ല, ഗ്രാമത്തിൽ നക്‌സലൈറ്റുകൾക്കെതിരെ ശക്തമായ എതിർപ്പും ഉണ്ടായിരുന്നു.
വിദ്യാഭ്യാസത്തിനും പ്രാധാന്യം: ഗ്രാമത്തിൽ വിദ്യാസമ്പന്നരായ ആളുകളുമുണ്ട്. ഇവിടെ നിന്നുള്ള നാല് യുവാക്കൾ സർക്കാർ സർവീസിലാണ്. രണ്ട് ഡസനിലധികം പെൺകുട്ടികൾ ബിരുദധാരികളാണ്. ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രൈമറി സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നത്.
ഔറംഗാബാദ് ജില്ലയിലെ സ്‌കൂൾ ഗ്രാമത്തിന് അടുത്തായതിനാൽ തുടർ വിദ്യാഭ്യാസം നയിക്കുന്നത് ഔറംഗാബാദ് ജില്ലയ്ക്ക് കീഴിലുള്ള മദൻപൂർ ഹൈസ്‌കൂളിലാണ്. ഗ്രാമത്തിലെ കുട്ടികൾക്കും ഔറംഗാബാദിൽ നിന്ന് ബിരുദ വിദ്യാഭ്യാസം നേടനും സാധിക്കും.
Also Read: കോടമഞ്ഞിൽ പുതഞ്ഞ തേയില ചെരിവുകൾ... ഈ കടുത്ത വേനലിൽ ഇങ്ങനെയൊരു കാഴ്‌ച ആയാലോ???