കൊൽക്കത്ത: സംസ്ഥാനത്ത് ഒബിസി പദവി നിർണ്ണയിക്കുന്നതിനുള്ള ഏക മാനദണ്ഡം പിന്നാക്കാവസ്ഥയാണ് അല്ലാതെ ജാതിയല്ലെന്ന് നിയമസഭയില്‍ ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന തെറ്റായ പ്രചാരണത്തെയും മമത ബാനര്‍ജി നിയമസഭയില്‍ തുറന്നുകാട്ടി. ഏതെങ്കിലും വ്യക്തിയെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിൽ മതവുമായി യാതൊരു ബന്ധവുമില്ലെന്ന് അവർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അമ്പത് പുതിയ ഉപവിഭാഗങ്ങളെക്കുറിച്ച് സര്‍വേ നടത്തുന്നതിനായി സര്‍ക്കാര്‍ പുതിയ കമ്മീഷന്‍ രൂപീകരിച്ചെന്നും നിയമസഭയില്‍ വ്യക്തമാക്കി. ഈ കമ്മീഷന്‍ 49 ഉപവിഭാഗങ്ങൾ ഒബിസി എ യിലും 91 എണ്ണം ഒബിസി ബി വിഭാഗങ്ങളിലും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതലായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ ഒബിസി എ യിലും കുറച്ച് പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ ഒബിസി ബി യിലും ഉള്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2024-25 സാമ്പത്തിക വർഷത്തെ പശ്ചിമ ബംഗാൾ പിന്നാക്ക വിഭാഗ കമ്മീഷൻ്റെ വാർഷിക റിപ്പോർട്ട് സഭയില്‍ അവതരിപ്പിച്ചു. വിപുലമായ ഫീൽഡ് സർവേകൾക്ക് ശേഷം കമ്മീഷൻ്റെ ശുപാര്‍ശകളും കണക്കിലെടുത്താണ് എല്ലാ ഉപവിഭാഗങ്ങളെയും തരംതിരിച്ച് പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് ബാനർജി വ്യക്തമാക്കി. കൽക്കട്ട ഹൈക്കോടതിയുടെ 2024 മെയ് 22 ലെ ഉത്തരവ് പ്രകാരം 2010 മുതല്‍ പശ്ചിമ ബംഗാളിൽ നിരവധി വിഭാഗങ്ങള്‍ക്ക് കിട്ടികൊണ്ടിരുന്ന പദവി റദ്ദാക്കപ്പെട്ടിരുന്നുവെന്ന് ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
ഈ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. ഒബിസി പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് സുപ്രീം കോടതിയുടെ അനുമതിയോടെ പശ്ചിമ ബംഗാൾ സർക്കാർ പ്രവർത്തിക്കാൻ തുടങ്ങിയതായും ബാനർജി പറഞ്ഞു. കൽക്കട്ട ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം, സംസ്ഥാനത്തെ ഒബിസി വിഭാഗത്തിൽ നടത്തുന്ന ഉൾപ്പെടുത്തലുകളെ സംബന്ധിച്ച് ഒരു പൊതു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ബാനര്‍ജി നിയമസഭയില്‍ സ്ഥിതീകരിച്ചു.
ഒബിസി വിഭാഗ പട്ടിക രൂപീകരിക്കൽ പൂർത്തിയായ ശേഷം, വിവിധ സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ നിയമന പ്രക്രിയകൾ വീണ്ടും ആരംഭിക്കാൻ കഴിയുമെന്ന് ബാനർജി വ്യക്തമാക്കി. "എല്ലാ ഉൾപ്പെടുത്തലുകളും സംസ്ഥാന സർക്കാർ നടത്തിയത് പശ്ചിമ ബംഗാൾ പിന്നാക്ക വിഭാഗ കമ്മീഷൻ്റെ ശുപാർശ പ്രകാരം മാത്രമാണ്" അവര്‍ പറഞ്ഞു. 2010 മുതൽ പശ്ചിമ ബംഗാളിൽ നിരവധി വിഭാഗങ്ങൾക്ക് നൽകിയിരുന്ന പിന്നാക്ക വിഭാഗ (ഒബിസി) പദവി കൽക്കട്ട ഹൈക്കോടതി 2024 മെയ് മാസത്തിൽ റദ്ദാക്കിയിരുന്നു.
പിന്നാലെ സംസ്ഥാനത്തെ സർവീസുകളിലും തസ്‌തികകളിലുമുള്ള ഒഴിവുകളിലേക്ക് അത്തരം സംവരണം നിയമവിരുദ്ധമാണെന്ന് കണ്ടെത്തി. 2010 ഏപ്രിലിനും 2010 സെപ്റ്റംബറിനും ഇടയിൽ അനുവദിച്ച 77 സംവരണ ക്ലാസുകളും 2012 ലെ സംസ്ഥാന സംവരണ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ സൃഷ്‌ടിച്ച 37 ക്ലാസുകളും കോടതി റദ്ദാക്കി.