ന്യൂഡൽഹി: ഡൽഹി വികസന അതോറിറ്റിയുടെ (ഡിഡിഎ) പൊളിക്കൽ നടപടിയ്ക്കെതിരെ പ്രതിഷേധിച്ച ഡൽഹി മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ അതിഷിയെ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് ആം ആദ്‌മി പാർട്ടി. കൽക്കാജിയിലെ ഭൂമിഹീൻ ക്യാമ്പ് ചൊവ്വാഴ്‌ച സന്ദർശിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ക്യാമ്പ് നിവാസികൾക്ക് ബിജെപി തെറ്റായ വാഗ്‌ദാനങ്ങൾ നൽകുകയാണെന്നും ക്യാമ്പുകൾ പൊളിച്ചുമാറ്റുക എന്നതാണ് അവരുടെ യഥാർത്ഥ ഉദ്ദേശ്യമെ ന്നും അതിഷി ആരോപിച്ചു.
"രണ്ട് ദിവസം മുമ്പാണ്, ഒരു ക്യാമ്പ് പോലും പൊളിച്ചുമാറ്റില്ലെന്ന് ഡൽഹി മുഖ്യമന്ത്രി ഉറപ്പുനൽകിയത്. എന്നാൽ ഇന്ന് വലിയൊരു പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. നാളെ ബുൾഡോസറുകൾ എത്തും. ജനങ്ങൾക്ക് വീട് നൽകരുതെന്ന് ഹൈക്കോടതി ഒരിക്കലും പറഞ്ഞിട്ടില്ല. ദരിദ്രരെ തെരുവിലേക്ക് തള്ളിവിടാനാണ് ബിജെപി ആഗ്രഹിക്കുന്നത്" അതിഷി മാധ്യമങ്ങളോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പൊലീസ് ആക്‌ടിലെ സെക്ഷൻ 65 പ്രകാരമാണ് അതിഷിയെയും മറ്റ് പ്രവർത്തകരെയും സംഭവ സ്ഥലത്തു നിന്ന് മാറ്റിയതെന്ന് ഡൽഹി പൊലീസ് പറഞ്ഞു. 1978-ലെ ഡൽഹി പൊലീസ് ആക്‌ടിലെ സെക്ഷൻ 65 പ്രകാരം, പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന ന്യായമായ നിർദ്ദേശങ്ങൾ എല്ലാ ജനങ്ങളും പാലിക്കേണ്ടതുണ്ട്. ആരെങ്കിലും എതിർക്കുകയോ, വിസമ്മതിക്കുകയോ, അനുസരിക്കാതിരിക്കുകയോ ചെയ്‌താൽ ആ വ്യക്തിയെ അറസ്‌റ്റ് ചെയ്യാനും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാനും അവകാശമുളളതായി പൊലീസ് പറയുന്നു.
കുടിയൊഴിപ്പിക്കൽ നോട്ടീസ് പുറപ്പെടുവിച്ച് ഡിഡിഎ
ഭൂമിഹീൻ ക്യാമ്പുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ഡൽഹി ഹൈക്കോടതി അടുത്തിടെ തള്ളിക്കളഞ്ഞിരുന്നു. പ്രദേശവാസികൾക്ക് ഒഴിഞ്ഞുപോകാൻ മൂന്ന് ദിവസത്തെ സമയം നൽകിയ ഡിഡിഎ എപ്പോൾ വേണമെങ്കിലും ക്യാമ്പ് പൊളിക്കാൻ ആരംഭിക്കുമെന്ന നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
"നിസ്സഹായരായ ജനങ്ങളുടെ വീടും സ്ഥലവും പൊളിക്കാൻ ബുൾഡോസറുകൾ എത്തിയപ്പോൾ അതിഷി ഒരു മകളെപ്പോലെയും സഹോദരിയെപ്പോലെയും അവർക്ക് താങ്ങായി നിന്നു. ജനങ്ങളുടെ ശബ്‌ദമായി മാറിയതിനും അവരുടെ അവകാശങ്ങൾക്കായി നിലകൊണ്ടതിനുമാണ് അതിഷിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്". ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അതിഷിക്ക് പിന്തുണ അറിയിച്ചു കൊണ്ടു പറഞ്ഞു.
ഡൽഹി സർക്കാരിൻ്റെ നിലപാട്
"ദരിദ്രരുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുകയാണ് ബിജെപിയുടെ ദൗത്യം. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിലുള്ള 2500 വീടുകൾ താമസയോഗ്യമാക്കുക എന്നതായിരുന്നു ബിജെപി സർക്കാരിൻ്റെ ആദ്യ നടപടി. മുൻ സർക്കാർ അവ കൈമാറാത്തതിനാൽ ഈ വീടുകൾ വർഷങ്ങളായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇപ്പോൾ 43 കോടി രൂപ ചെലവിൽ ഞങ്ങൾ അവ പുനർനിർമ്മിക്കുന്നു, തലയ്ക്ക് മുകളിൽ മേൽക്കൂരയില്ലാത്തവർക്ക് അവ അനുവദിക്കും.” ഡൽഹി ആഭ്യന്തര മന്ത്രി ആശിഷ് സൂദ് പറഞ്ഞു.
പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത
കോടതി ഉത്തരവുകൾ എന്തുതന്നെയായാലും നടപ്പിലാക്കുമെന്നും ആരും കോടതിക്ക് മുകളിലല്ലെന്നും കുടിയിറക്കപ്പെട്ടവർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത പ്രതികരിച്ചു.