കന്യാകുമാരി : കുളിമുറിയിൽ ഒളിക്യാമറ വച്ച് വീഡിയോ പകർത്തുകയും പിന്നീട് ഇതുവച്ച് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത ആർമി ജീവനക്കാരൻ അറസ്റ്റിൽ. കന്യാകുമാരി ജില്ലയിലെ ഈത്തമൊഴി പ്രദേശത്താണ് സംഭവം. വെള്ളിസന്ധൈയ്ക്കടുത്ത് ഇത്തങ്ങാട് സ്വദേശി മധുരാജയാണ് അറസ്റ്റിലായത്.
35 കാരിയും വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് പരാതിക്കാരി. ഇവർ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്. രണ്ട് വർഷം മുൻപ് പരാതിക്കാരിയും ഭർത്താവും പുതിയ വീട് വച്ചിരുന്നു. വീടിന്‍റെ ഗൃഹപ്രവേശന ചടങ്ങിൽ അതിഥിയായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു മധുരാജ.
പരിപാടിക്കിടെ വീട്ടിലെ കുളിമുറിയിൽ ഇയാൾ ഒളിക്യാമറ സ്ഥാപിച്ചു. ക്യാമറ മൊബൈലുമായി കണക്ട് ചെയ്തിരുന്നതിനാൽ ദൃശ്യങ്ങൾ ഇയാൾക്ക് മൊബൈലിൽ കാണാമായിരുന്നു. മിസോറാമിൽ ഇന്ത്യൻ ആർമിയിൽ സ്റ്റോർ കീപ്പറായി സേവനമനുഷ്ഠിക്കുകയായിരുന്നു മധുരാജ.
മധുരാജ തന്‍റെ മൊബൈലിൽ വീഡിയോകൾ ഡൗൺലോഡ് ചെയ്ത് വക്കുകയും അവധിക്ക് വീട്ടിലെത്തുമ്പോഴെല്ലാം ഇത് കാണിച്ച് സ്ത്രീയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇയാളുമൊത്ത് ലൈംഗിക ബന്ധത്തിനും സ്ത്രീയെ നിർബന്ധിച്ചു. വഴങ്ങിയില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.
പിന്നാലെ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇവരുടെ പരാതിയിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Also Read: ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ആക്ഷേപകരമായ പരാമർശമെന്ന് ആരോപണം; അശോക സർവകലാശാല പ്രൊഫസർ അറസ്റ്റിൽ