മുർഷിദാബാദ്: വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെ ജംഗിപൂരിൽ വൻ പ്രതിഷേധം. ദേശീയപാത ഉപരോധിക്കാൻ പ്രതിഷേധിക്കാര്‍ ശ്രമിച്ചത് പൊലീസുമായി സംഘര്‍ഷത്തിലേക്ക് നയിച്ചു. ഇതിനുപിന്നാലെ പൊലീസ് വാഹനം അടക്കം 6ഓളം വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. വഖഫ് ഭേദഗതി ബില്‍ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഉച്ച മുതല്‍ രാത്രി വരെ മുർഷിദാബാദിലെ ജംഗിപൂരിൽ പ്രതിഷേധം അരങ്ങേറി.
പ്രക്ഷുബ്‌ധരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്‌തതായും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി ചാർജ് നടത്തുകയും കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്‌തു.
VIDEO | West Bengal: People hold protest against Waqf (Amendment) law in Jangipur, Murshidabad. Protest turned violent as they allegedly vandalised a police vehicle and set it on fire.
— Press Trust of India (@PTI_News) April 8, 2025
(Full video available on PTI Videos - https://t.co/n147TvqRQz pic.twitter.com/GUu0RsrQQo
ജംഗിപൂർ പൊലീസ് ജില്ലാ സൂപ്രണ്ട് ആനന്ദ് റോയിയുടെ നേതൃത്വത്തിൽ ഒരു വലിയ പൊലീസ് സേനയെ വിന്യസിക്കുകയും സംഘര്‍ഷം നിയന്ത്രിക്കുകയും ചെയ്‌തു. "നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ദേശീയപാതയിലെ ഉപരോധം നീക്കി" എന്ന് സൂപ്രണ്ട് ആനന്ദ് മോഹൻ റോയ് പറഞ്ഞു.
"ചില സംഘടനകൾ പ്രതിഷേധ റാലികൾക്ക് ആഹ്വാനം ചെയ്യുകയും ഒരു ദേശീയ പാത ഉപരോധിക്കുകയും ചെയ്‌തിരുന്നു. പൊലീസ് ഉപരോധം നീക്കാൻ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. എങ്കിലും, ഇപ്പോൾ പൊലീസ് പ്രദേശത്ത് പട്രോളിങ് നടത്തുന്നുണ്ട്, സ്ഥിതിഗതികൾ നിയന്ത്രണത്തിലാണ്," മുർഷിദാബാദ് ജില്ലാ മജിസ്‌ട്രേറ്റ് രാജർഷി മിത്ര പറഞ്ഞു.
#WATCH | Murshidabad, West Bengal: Violence broke out in the Jangipur area yesterday during a protest against the Waqf (Amendment) Act 2025
— ANI (@ANI) April 9, 2025
(Morning visuals from the spot) pic.twitter.com/3JMUOIt8rF
കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ബിജെപി
സംഘര്‍ഷത്തെ തുടര്‍ന്ന് കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ബിജെപി നേതാവും ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ആവശ്യപ്പെട്ടു. "സംഘര്‍ഷം നിയന്ത്രിക്കാൻ കേന്ദ്ര സേനയുടെ സഹായം ആവശ്യമാണ്. ഗവർണറുടെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെയും സഹായത്തോടെ കേന്ദ്ര സേനയെ വിന്യസിക്കാൻ ഞങ്ങൾ ജില്ലാ മജിസ്‌ട്രേറ്റിനോടും മുർഷിദാബാദ് ചീഫ് സെക്രട്ടറിയോടും അഭ്യർഥിക്കുന്നു" എന്ന് അദ്ദേഹം വ്യക്തമാക്കി.
ആശങ്കയെന്ന് കോണ്‍ഗ്രസ്
സംഭവത്തിൽ കോൺഗ്രസ് നേതാവ് അധീർ ചൗധരി ആശങ്ക പ്രകടിപ്പിച്ചു. വഖഫ് പ്രതിഷേധം സംഘര്‍ഷമായത് ആശങ്കയുണ്ടാക്കുന്നു. താൻ മുർഷിദാബാദിലാണ് താമസിക്കുന്നത്. എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ടെങ്കിലും, വരും ദിവസങ്ങളിലെ പ്രതിഷേധങ്ങൾ സമാധാനപരമായി തുടരണമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി ജാംഗിപൂരിലെ സുതി, ഷംഷേർഗഞ്ച്, രഘുനാഥ്ഗഞ്ച് എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. നിയമം പിൻവലിച്ചില്ലെങ്കില്‍ പ്രതിഷേധം തുടരുമെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി.
Also Read: വഖഫ് നിയമത്തിനെതിരെ മുർഷിദാബാദിൽ പ്രതിഷേധം; പോലീസിന് നേരെ കല്ലെറിഞ്ഞതായി ഉദ്യോഗസ്ഥർ