ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി അരക്ഷിതനും അസൂയാലുവുമാണെന്ന ഗുരുതര ആരോപണവുമായി ബിജെപി നേതാവ് അമിത് മാളവ്യ. ഭീകരവാദത്തിനെതിരെയുളള ഇന്ത്യയുടെ സര്‍വകക്ഷി സംഘത്തിലേക്ക് എംപിമാരെ തെരഞ്ഞെടുക്കുന്നതില്‍ ശശി തരൂരിൻ്റെ പേര് കോൺഗ്രസ് പരാമര്‍ശിക്കാത്തതിനെ തുടര്‍ന്നാണ് ആരോപണം. ഇന്ത്യയുടെ വിദേശകാര്യ സമിതിയിലെ അധ്യക്ഷനായ ശശി തരൂര്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് വാദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തരൂരിൻ്റെ വാക് ചാതുര്യവും ഐക്യരാഷ്‌ട്ര സഭയിലെ ദീര്‍ഘകാല പ്രവൃത്തി പരിചയവും നയതന്ത്രത്തിലെ ആഴത്തിലുളള ഉൾക്കാഴ്‌ചയും ആര്‍ക്കും നിഷേധിക്കാനാവില്ല എന്ന് അമിത് മാളവ്യ എക്‌സില്‍ കുറിച്ചു.
"ബഹുകക്ഷി പ്രതിനിധി സംഘത്തിലേക്ക് തരൂരിനെ നാമനിർദേശം ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്? അരക്ഷിതാവസ്ഥകൊണ്ടോ, അസൂയകൊണ്ടോ അതോ ആരുടെയെങ്കിലും അസഹിഷ്‌ണുതയാണോ?" പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സര്‍വ കക്ഷി യോഗത്തില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ നിന്ന് തരൂരിനെ ഒഴിവാക്കിയതിനോട് മാളവ്യ പ്രതികരിച്ചു.
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന്‍റെ പങ്ക് തുറന്നുകാട്ടുന്നതിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ പ്രതിനിധി സംഘത്തില്‍ ഏഴ് പാർലമെന്‍റ് അംഗങ്ങളുടെ പേരുകൾ കേന്ദ്രം ശനിയാഴ്‌ച പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്‌ച കോൺഗ്രസ് അയച്ച നാമനിർദേശ പട്ടികയില്‍ ശശി തരൂരിന്‍റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ്മ, പ്രതിപക്ഷ ഉപനേതാവ് ഗൗരവ് ഗൊഗോയ്, രാജ്യസഭാ അംഗം സയ്യിദ് നസീർ ഹുസൈൻ, ലോക്‌സഭാ എംപി രാജാ ബ്രാർ എന്നിവരെ ഔദ്യോഗികമായി നാമനിർദേശം ചെയ്‌തെതായി കോൺഗ്രസ് എംപി ജയറാം രമേശ് എക്‌സില്‍ കുറിച്ചു.
ശശി തരൂര്‍ (കോൺഗ്രസ്), രവി ശങ്കര്‍ പ്രസാദ് (ബിജെപി), ബൈജയന്ത് പാണ്ഡ (ബിജെപി), സഞ്ജയ് കുമാർ ഝാ (ജെഡിയു), കനിമൊഴി കരുണാനിധി (ഡിഎംകെ), സുപ്രിയ സുലെ (എൻസിപി-എസ്‌പി) ശ്രീകാന്ത് ഏക്‌നാഥ് ഷിൻഡെ (ശിവസേന) എന്നിവരെയാണ് ശനിയാഴ്‌ച പാർലമെൻ്ററി മന്ത്രാലയം നിര്‍ദേശിച്ചത്. നാമനിര്‍ദേശം ചെയ്യപ്പെട്ട പ്രതിനിധികൾ ഈ മാസം അവസാനം വരെ അമേരിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, ദക്ഷിണാഫ്രിക്ക, ഈജിപ്‌ത്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കണമെന്നാണ് നിര്‍ദേശം.