ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും എന്‍ഡിഎയുമായി കൈകോർത്ത് എഐഎഡിഎംകെ. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും ഒന്നിച്ച് മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ദേശീയ തലത്തിൽ നരേന്ദ്ര മോദിയും തമിഴ്‌നാട്ടിൽ എടപ്പാടി പളനിസ്വാമിയും ആയിരിക്കും സഖ്യത്തെ നയിക്കുന്നത് എന്നും അമിത് ഷാ പറഞ്ഞു.
ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അമിത് ഷായുടെ പ്രഖ്യാപനം. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ രാത്രിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയിലെത്തിയത്. മുൻ മുഖ്യമന്ത്രിമാരായ ഒ പനീർ ശെൽവത്തെയും ടി ടി വി ദിനകരനെയും എഐഎഡിഎംകെയിൽ പുനപ്രവേശിപ്പിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് എഐഎഡിഎംകെയുടെ ആഭ്യന്തര കാര്യങ്ങളിൽ ബിജെപി ഇടപെടാൻ പോകുന്നില്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'തെരഞ്ഞെടുപ്പ് സമയത്ത് എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തിൽ ഞങ്ങൾ യോഗം ചേർന്ന് ഉചിതമായ തീരുമാനം എടുക്കും. ഈ സഖ്യം ബിജെപിക്കും എഐഎഡിഎംകെയ്ക്കും നല്ലതാണ്. ആർക്കൊക്കെ എത്ര സീറ്റുകൾ ലഭിക്കുമെന്ന് പിന്നീട് ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്നും' അമിത് ഷാ വ്യക്തമാക്കി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സഖ്യം കൂടുതൽ സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിക്കുന്നതായും അമിത് ഷാ പറഞ്ഞു.
ഡിഎംകെ സര്‍ക്കാരിനെയും അമിത് ഷാ കടന്നാക്രമിച്ചു. അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങൾ മറച്ചുവെക്കാനാണ് ഡിഎംകെ സനാതന ധര്‍മവും ത്രിഭാഷാ നയവും മണ്ഡല പുനസംഘടനയും പോലുള്ള വിഷയങ്ങൾ ഉയർത്തുന്നത് എന്നായിരുന്നു അമിത് ഷായുടെ ആരോപണം.
ടാസ്‌മാർക്ക് അഴിമതി, മണൽ മോഷണം, വൈദ്യുതി സംഭരണ അഴിമതി, ഗതാഗത മേഖലയിലെ അഴിമതി തുടങ്ങിയവയ്‌ക്കെല്ലാം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഡിഎംകെ ഉത്തരം നൽകേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു. ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ മാത്രമാണ് ഡിഎംകെ നീറ്റ് പരീക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉപയോഗിക്കുന്നത് എന്നും അമിത് ഷാ ആരോപിച്ചു.