ജയ്‌പൂർ : വ്യാഴാഴ്‌ച (ജൂൺ 12) ഉച്ചക്ക് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനത്തിൽ സ്വപ്നങ്ങളും നെഞ്ചോടടക്കി പിടിച്ച് 242 യാത്രക്കാരുണ്ടായിരുന്നു. പറന്നുയർന്ന് നിമിഷ നേരം കൊണ്ട് തീഗോളമായി മാറിയ ആ വിമാനത്തിനൊപ്പം എരിഞ്ഞ് തീർന്നത് നിരവധി കുടുംബങ്ങളുടെ പ്രതീക്ഷകളാണ്. പ്രിയപ്പെട്ടവർക്ക് തീരാനോവായി മാറുകയാണ് നിറകണ്ണുകളോടെ കൈവീശിക്കാണിച്ച് യാത്രചോദിച്ച അവരും അവരയച്ച അവസാന ചിത്രങ്ങളും.
പലരും അവസാനമായി പകർത്തിയ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടേതടക്കം ചിത്രങ്ങളുണ്ടതിൽ. ദുരന്ത മുഖത്തുനിന്നുള്ള മറ്റൊരു വേദനിപ്പിക്കുന്ന ചിത്രമാണ് ഡോ. പ്രദീപ് വ്യാസിന്‍റേതും കുടുംബത്തിന്‍റേതും. മരിക്കുന്നതിന് ഏതാനും നിമിഷങ്ങൾക്കു മുൻപ് ഡോ. പ്രദീപ് വ്യാസും കുടുംബവും വിമാനത്തിൽ വച്ചു പകർത്തിയ സെൽഫിയാണത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബൻസ്വാരയിലെ ഡോ. പ്രദീപ് വ്യാസ് ലണ്ടനിൽ ഡോക്ടറായിരുന്നു. ഇത്തവണ കുടുംബത്തേയും ഒപ്പം കൂട്ടണമെന്ന ആഗ്രഹത്തിലാണ് പ്രദീപ് നാട്ടിലെത്തിയത്. മടങ്ങുമ്പോൾ പ്രദീപിനൊപ്പം ഭാര്യ കോണി, മകൾ മിറായി, ഇരട്ട ആൺമക്കളായ പ്രദ്യുത്, നകുൽ എന്നിവരും ഉണ്ടായിരുന്നു. സന്തോഷം വാനോളമെത്തിയ നേരം, അവരൊന്നിച്ചൊരു സെൽഫിക്ക് പോസ് ചെയ്യുന്നു. ആ ചിത്രത്തിൽ നിന്ന് വ്യക്തമാണ്, ആ കുടുംബം എത്ര സന്തോഷത്തിലായിരുന്നു എന്ന്.
പക്ഷേ ആ ചിത്രം, അതവരുടെ അവസാന ചിത്രമായി മാറി. അവരൊന്നിച്ചുള്ള അവസാന ഫ്രെയിം. ആ ചിത്രം പകർത്തുമ്പോൾ അവർ പ്രതീക്ഷിച്ചു കാണില്ല, പ്രിയപ്പെട്ടവർക്ക് എന്നും കണ്ണീർ വാർക്കാനുള്ള ഒരു അവശേഷിപ്പാണ് തങ്ങളീ പകർത്തുന്നത് എന്ന്.
വിവാഹം കഴിഞ്ഞ് ആറ് മാസം, ഭർത്താവിനടുത്തേക്കുള്ള യാത്ര അന്ത്യ യാത്രയായി
ആറ് മാസം മുൻപ് വിവാഹിതയായതാണ് ജോധ്പൂരിലെ ഖരബേര പുരോഹിത് ഗ്രാമത്തിൽ നിന്നുള്ള ഖുഷ്ബു കൻവർ രാജ് പുരോഹിത്. ഭർത്താവ് വിപുല്‍ സിങ് ലണ്ടനിൽ ഡോക്ടറാണ്. വിപുലിനെ കാണാനാണ് ഖുഷ്ബു ലണ്ടനിലേക്ക് പുറപ്പെട്ടത്. വേദനയോടെ വീട്ടുകാരോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ പ്രിയപ്പെട്ടവനൊപ്പം കഴിയാമല്ലോ എന്നൊരൊറ്റ ആഗ്രമായിരുന്നു അവൾക്ക്.

വിവാഹ ശേഷം ആദ്യമായാണ് ഖുഷ്ബു ലണ്ടനിലേക്ക് പോകുന്നത്. പോകുന്നതിനു മുൻപ് ഖുഷ്ബുവിൻ്റെ അച്ഛൻ മദൻ സിങ്ങിനൊപ്പം ചിത്രം പകർത്തിയിരുന്നു. അവൾ പ്രിയപ്പെട്ടവർക്ക് നേരെ കൈവീശി കാണിച്ച് നടന്നു നീങ്ങുന്ന വീഡിയോയും കുടുംബാംഗങ്ങളിലാരോ പകർത്തിയിട്ടുണ്ട്. ഇവ രണ്ടും നെഞ്ചോട് ചേർത്ത് വിങ്ങുകയാണ് ഖുഷ്ബുവിൻ്റെ ബന്ധുക്കൾ.
വിമാനത്തിൽ നിന്ന് കുടുംബത്തിന് അയച്ച അവസാന സെൽഫി
മറക്കാനാവാത്ത ഓർമ്മകളിൽ ഒരു അവശേഷിപ്പായി മാറിയിരിക്കുകയാണ് ഉദയ്‌പൂരിലെ പ്രകാശ് മെനാരിയയുടെ സെൽഫി. പ്രകാശ് ഇനാറ്റാലി ഗ്രാമത്തിനടുത്തുള്ള രോഹിദയിലെ താമസക്കാരനായിരുന്നു. ലണ്ടനിൽ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്നു. ഈ മാസം 20-നാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.

ഏപ്രിലിൽ അദ്ദേഹത്തിൻ്റെ പിതാവ് മരിച്ചിരുന്നു. ചടങ്ങുകൾ പൂർത്തിയാക്കി മടങ്ങുകയായിരുന്നു ഇന്നലെ. വിമാനത്തിൽ കയറിയ ഉടൻ താൻ സുരക്ഷിതനാണെന്ന് അറിയിക്കാൻ കുടുംബത്തിന് വിമാനത്തിൽ വച്ച് എടുത്ത ഒരു സെൽഫി അയച്ചിരുന്നു. എന്നാൽ സുരക്ഷിത്വത്തിന് ഇത്ര ആയുസേ ഉണ്ടാകൂ എന്ന് ആരും പ്രതീക്ഷിച്ചില്ല.
വിജയ് രൂപാണിയുടെ അവസാന ക്ലിക്ക്
ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നു അപകടത്തിൽ പെട്ട വിമാനത്തിൽ. ജനകീയനായ നേതാവിനെ കണ്ടപ്പോൾ മുൻസീറ്റിലുണ്ടായിരുന്ന സഹയാത്രിക പകർത്തിയ ചിത്രം. അതായിരുന്നു രൂപാണിയുടെ അവസാന ചിത്രം.