മഥുര (ഉത്തർപ്രദേശ്) : ഇന്ത്യയിൽ അനധികൃതമായി താമസിച്ചുവെന്നാരോപിച്ച് കുട്ടികൾ ഉൾപ്പെടെ 90 ബംഗ്ലാദേശി പൗരന്മാരെ പിടികൂടി. ഉത്തർപ്രദേശിലെ മഥുര ജില്ലയിലാണ് സംഭവം. നൗജീൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖജ്പൂർ ഗ്രാമത്തിലെ ഇഷ്ടിക കളങ്ങളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് പറഞ്ഞു.
'ജില്ലയിലുടനീളം പതിവായി തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ പൊലീസ് ചില പ്രാദേശിക ഇഷ്ടിക കളങ്ങളിലും തെരച്ചിൽ നടത്തി. ഇവിടെ ജോലി ചെയ്യുകയായിരുന്നു ബംഗ്ലാദേശി പൗരന്മാർ' -എസ്എസ്പി ശ്ലോക് കുമാർ പറഞ്ഞു.
35 പുരുഷന്മാരെയും 27 സ്ത്രീകളെയും 28 കുട്ടികളെയും കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു. 'ചോദ്യം ചെയ്യലിൽ, ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാരാണെന്ന് എല്ലാവരും സമ്മതിച്ചു. അയൽ സംസ്ഥാനത്ത് നിന്ന് മൂന്ന് നാല് മാസം മുമ്പാണ് അവർ മഥുരയിലേക്ക് താമസം മാറിയത്. ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് ശ്രമിക്കുകയാണ്' -എസ്എസ്പി പറഞ്ഞു.
കസ്റ്റഡിയിൽ എടുത്തവരിൽ നിന്ന് ചില ആധാർ കാഡുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് വ്യാജ രേഖകൾ ഉപയോഗിച്ച് നിർമിച്ചതാണോ എന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.