ഹുബ്ബള്ളി (കർണാടക) : അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബിഹാർ സ്വദേശിയായ രക്ഷിത് ക്രാന്തിയാണ് കൊല്ലപ്പെട്ടത്. അശോക് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പെൺകുട്ടിക്ക് നേരെ അതിദാരുണ സംഭവം ഉണ്ടാത്.
പെൺകുട്ടിയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തിൽ നിന്ന് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. ലൈംഗികാതിക്രമം നടന്നതായി റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, പൊലീസ് സംഭവം സ്ഥിരീകരിച്ചിട്ടില്ല. വൈദ്യപരിശോധനയും അന്വേഷണവും നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ അശോക് നഗർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്നാണ് പരാതി സ്വീകരിച്ചിരിക്കുന്നത് എന്നും ആവശ്യമായ നടപടി ഉടൻ സ്വീകരിക്കുമെന്നും ഹുബ്ബള്ളി-ധാർവാഡ് പൊലീസ് കമ്മിഷണർ എൻ ശശി കുമാർ നേരത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
കൊപ്പൽ ജില്ലയിൽ നിന്നുള്ള കുടുംബമാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടേത്. അമ്മ വീട്ടുജോലിയും ഒരു ബ്യൂട്ടിപാർലറിലെ ജോലിയും ചെയ്യുകയാണ്. പെയിന്‍റിങ് തൊഴിലാളിയാണ് പെൺകുട്ടിയുടെ അച്ഛൻ.
'പ്രദേശത്തെ വീടുകളിൽ ജോലി ചെയ്തിരുന്ന അമ്മ മകളെയും ഒപ്പം കൂട്ടിയിരുന്നു. അജ്ഞാതനായ ഒരാൾ പെൺകുട്ടിയെ അവിടെ നിന്ന് കൊണ്ടുപോയി. തെരച്ചിൽ നടത്തിയപ്പോൾ വീടിന് മുന്നിലുള്ള ഷീറ്റ് മേഞ്ഞ മേൽക്കൂരയുള്ള കെട്ടിടത്തിന്‍റെ കുളിമുറിയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു'-പൊലീസ് കമ്മിഷണർ പറഞ്ഞു.