ഭോപ്പാല്‍: ഒരു മനുഷ്യനെ എങ്ങനെയൊക്കെ ആദരിക്കാമെന്ന് കാട്ടിത്തരുകയാണ് ഒരു ചിത്രകാരന്‍. മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള രാംകൃപാല്‍ നാംദേവ് എന്ന ഒരു ചിത്രകാരന്‍ ഇന്ത്യയുടെ വാനമ്പാടിയുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ ഒരു കാന്‍വാസിലൊരുക്കിയിരിക്കുന്നു. ഒന്നോ രണ്ടോ അല്ല ആയിരക്കണക്കിന് ജീവന്‍തുടിക്കുന്ന ചെറു മുഖങ്ങളാണ് അദ്ദേഹം ഇവിടെ പകര്‍ന്ന് വച്ചിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇദ്ദേഹത്തിന്‍റെ ഏറ്റവും ഉത്‌കൃഷ്‌ടമായ സൃഷ്‌ടി തന്നെയാകും ഇതെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കേള്‍ക്കാനാകാത്ത എന്നാല്‍ കാണാനാകുന്ന നാദവിസ്‌മയം, നാദക്കാഴ്‌ച ഇതൊക്കെയാണ് ഒരൊറ്റ കാന്‍വാസില്‍ അദ്ദേഹം പകര്‍ന്ന് വച്ചിരിക്കുന്നത്. എണ്ണച്‌ഛായയിലൊരുക്കിയ ഈ നിറക്കൂട്ട് ലത മങ്കേഷ്‌കറിന്‍റെ കാലാതിവര്‍ത്തിയായ സ്വരത്തെ പ്രതിഫലിക്കുന്നത് കൂടിയാകുന്നു. ജീവന്‍ തുടിക്കുന്ന ഓരോ മുഖങ്ങളും ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട ആ വ്യക്തിത്വത്തിന്‍റെ ഔന്നത്യം നമുക്ക് പറഞ്ഞ് തരുന്നുണ്ട്.
താനിതിനെ ഒരു ചിത്രമായല്ല മറിച്ച് ഒരു പ്രാര്‍ത്ഥനയായാണ് കാണുന്നതെന്നെന്ന് ചിത്രകാരന്‍ പറയുന്നു. സരസ്വതി മാതാവിന്‍റെ അവതാരം തന്നെ ആയിരുന്നു ലതാദീദി, അവര്‍ക്ക് താന്‍ കാന്‍വാസിലൊരുക്കിയ ഒരു ക്ഷേത്രമാണിതെന്നും നാംദേവ് കൂട്ടിച്ചേര്‍ക്കുന്നു. ആദരവ് കൊണ്ട് ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.

ഈ ചിത്രം ഇതിനകം തന്നെ ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചിട്ടുണ്ട്. ഭാരത് ഭവനില്‍ മറ്റ് 42 ലതാമങ്കേഷ്‌കര്‍ ചിത്രങ്ങളൊടൊപ്പം ഇതും ഇടംപിടിച്ചിരിക്കുന്നു. പതിനൊന്ന് മാസം നീണ്ട സപര്യയ്ക്കൊടുവിലാണ് ഈ ചിത്രം സാക്ഷാത്ക്കരിക്കപ്പെട്ടത്. ലതയുടെ ജീവിത യാത്രയുടെ കൃത്യമായ കാഴ്‌ചയാണ് ഈ ചിത്രം നമുക്ക് സമ്മാനിക്കുന്നത്.

വളരെ പ്രതീകാത്മകമായാണ് ചിത്രം വരച്ചിട്ടുള്ളത്. 77 മുഖങ്ങള്‍ കഴുത്ത് വരെയുള്ള ഭാഗത്താണ് ഉള്ളത്. 127 മുഖങ്ങള്‍ കൈകളിലും 666 എണ്ണം അവരുടെ കൈകളിലുള്ള തംബുരുവിലുമായാണ് വരച്ചിട്ടുള്ളത്. ഗായികയും അവരുടെ സംഗീതവും തമ്മിലുള്ള സംഗീതാത്‌മകമായ ബന്ധത്തെയാണ് ഈ ചിത്രം കാഴ്‌ചക്കാരനിലേക്ക് സന്നിവേശിപ്പിക്കുന്നത്. അവരുടെ തിരുനെറ്റിയിലും പാദങ്ങള്‍ക്ക് സമീപവുമുള്ള സരസ്വതിയുടെ ചിത്രങ്ങള്‍ എല്ലാവരുടെയും ഹൃദയത്തില്‍ അവര്‍ക്കുള്ള സ്ഥാനം വ്യക്തമാക്കുന്നതാണ്.
പെയിന്‍റിംഗിന്‍റെ പശ്ചാത്തലത്തിലുള്ള 1436 ചിത്രങ്ങള്‍ അവരുടെ ജീവിതവുമായി ബന്ധപ്പെട്ട മഹാരഥന്‍മാരുടെയും സംഭവങ്ങളുടെയും ആവിഷ്ക്കാരമാണ്. മറ്റ് 564 എണ്ണം അവരുടെ വ്യക്തിപരവും തൊഴില്‍പരവുമായി നാഴികകല്ലുകള്‍ വ്യക്തമാക്കുന്നു. ഒരൊറ്റ ഫ്രെയിമിലൊരുക്കിയ ഒരു മ്യൂസിയമാണതെന്നാണ് ഒറ്റ നോട്ടത്തില്‍ കാഴ്‌ചക്കാരന് തോന്നുക.

2014ല്‍ ചിത്രകാന് ലതാദീദീയെ നേരിട്ട് കാണാന്‍ അവസരമുണ്ടായി. ആദ്യകാലത്ത് അദ്ദേഹം വരച്ച ഒരു ചിത്രവും അവര്‍ക്ക് സമ്മാനിച്ചു. അവരുടെ ലാളിത്യവും എളിമയും അവര്‍ക്ക് മാനുഷികാതീതമായ ഒരു പ്രതിച്‌ഛായ നല്‍കുന്നു. അവരുമായുള്ള ആ കൂടിക്കാഴ്‌ച തന്‍റെ ജീവിതം മാറ്റി മറിച്ചു. പിന്നീടിങ്ങോട്ട് അവരുടെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് താന്‍ അന്‍പതോളം ചിത്രങ്ങള്‍ വരച്ചു. ഇതടക്കം ആറായിരം എണ്ണച്‌ഛായ പെയിന്‍റിംഗുകള്‍ താന്‍ വരച്ചതായും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

2016ല്‍ നാദേവിന്‍റെ മറ്റൊരു പെയിന്‍റിംഗ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചിരുന്നു. അതും മുഖത്തിനുള്ളിലെ മുഖങ്ങളായിരുന്നു. ഇതിലും ലതാ ദീദീയുടെ മുഖങ്ങള്‍ തന്നെ ആയിരുന്നു. 4359 മുഖങ്ങള്‍ തന്നെയാണ് ഇതിലും വരച്ച് ചേര്‍ത്തത്. ഓരോ മുഖവും ഓരോ സെന്‍റിമീറ്റര്‍ വലിപ്പമുള്ളവയായിരുന്നുവെന്നും ചിത്രകാരന്‍ പറയുന്നു. ദീര്‍ഘമായ മണിക്കൂറുകള്‍ ഇടവേളകളില്ലാത്ത ചിത്രം വരയ്ക്കുമ്പോള്‍ നാല്‍പ്പത് മിനിറ്റ് ധ്യാനിക്കാറുണ്ടെന്നും അദ്ദേഹം വിശദമാക്കുന്നു.

അവരുടെ ഓജസും തേജസും മുഴുവന്‍ ചിത്രത്തിലേക്ക് ആവാഹിക്കണമെങ്കില്‍ നാം സ്വയം അതിന് പാകപ്പെടേണ്ടതുണ്ട്. ചെറിയൊരു മാറ്റം പോലും മുഴുവന്‍ സൃഷ്‌ടിയെയും നശിപ്പിക്കാം-സംഗീതത്തെപ്പോലെ തന്നെ അദ്ദേഹം പറഞ്ഞ് നിര്‍ത്തുന്നു.