ഹൈദരാബാദ്: മിഡ്-റേഞ്ച് വിഭാഗത്തിൽ വിവോയുടെ പുതിയ സ്‌മാർട്ട്‌ഫോണായ വിവോ വി50ഇ പുറത്തിറക്കി. 2025 ഫെബ്രുവരിയിൽ പുറത്തിറക്കിയ വിവോ വി50യുടെ അതേ സ്റ്റാൻഡേർഡ് ലൈനപ്പിൽ വരുന്ന ഈ ഫോൺ ഫ്ലിപ്‌കാർട്ട് വഴിയാണ് വിൽപ്പനയ്‌ക്കെത്തുക. ഇന്ന് മുതൽ തന്നെ വിവോ വി50ഇയുടെ പ്രീ-ബുക്കിങ് ആരംഭിക്കും. മീഡിയാടെക് ഡൈമെൻസിറ്റി 7300 SoC ചിപ്‌സെറ്റാണ് ഈ ഫോണിന് കരുത്തേകുന്നത്. ഫോണിന്‍റെ കൂടുതൽ സവിശേഷതകളും വിലയും പരിശോധിക്കാം.
വിവോ വി50ഇ: വില, വിൽപ്പന
വിവോ വി50ഇയുടെ പ്രീ-ബുക്കിങ് ഇന്ന് തന്നെ ആരംഭിക്കും. വിൽപ്പന ഏപ്രിൽ 17 മുതലായിരിക്കും ആരംഭിക്കുക. ഫ്ലിപ്‌കാർട്ട് വഴിയും, വിവോയുടെ വെബ്‌സൈറ്റ് വഴിയും, ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയുമാകും ഈ ഫോൺ വിൽപ്പനയ്‌ക്കെത്തുക. പേൾ വൈറ്റ്, സാഫയർ ബ്ലൂ എന്നിങ്ങനെ രണ്ട് കളർ ഓപ്‌ഷനുകളിൽ ലഭ്യമാകുന്ന വിവോ വി50ഇ 8GB + 128GB, 8GB + 256GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്‌ഷനുകളിൽ ലഭ്യമാകും. 8GB + 128GB സ്റ്റോറേജ് ഓപ്‌ഷന് 28,999 രൂപയും, 8GB + 256GB വേരിയന്‍റിന് 30,999 രൂപയുമാണ് വില.

ഓൺലൈൻ വഴി ഫോൺ ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം വരെ ബാങ്ക് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം ഓഫ്‌ലൈൻ വഴി ഫോൺ വാങ്ങുന്നവർക്ക് 10 ശതമാനം വരെ ബാങ്ക് ഡിസ്‌കൗണ്ടുകളും 9 മാസത്തെ സീറോ ഡൗൺ പെയ്‌മെന്‍റ് ഫിനാൻസ് ഓപ്‌ഷനുകളും കമ്പനി നൽകും.
സ്റ്റോറേജ് | വില |
8GB + 128GB | Rs 28,999 |
8GB + 256GB | Rs 30,999 |
വിവോ വി50ഇ: സ്പെസിഫിക്കേഷനുകൾ
ഡിസ്‌പ്ലേ: 120 ഹെട്‌സ് റിഫ്രഷ് റേറ്റും, 1300 നിറ്റ്‌സ് ബ്രൈറ്റ്‌നെസും ഉള്ള 6.7 ഇഞ്ച് അൾട്ര സ്ലിം ക്വാഡ് കർവ്‌ഡ് ഡിസ്‌പ്ലേയാണ് വിവോ വി50ഇ ഫോണിൽ നൽകിയിരിക്കുന്നത്. 7.3 മില്ലീമീറ്റർ വണ്ണമുള്ള ഫോണിന്‍റെ ഡിസ്‌പ്ലേയ്‌ക്ക് ലോ ലൈറ്റ് ബ്ലൂ സർട്ടിഫിക്കേഷനും ലഭിക്കും.
ക്യാമറ: ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയുള്ള 50MP സോണി IMX882 മെയിൻ സെൻസർ, 116 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള അൾട്രാവൈഡ് ആംഗിൾ ലെൻസ്, 50 എംപി ഫ്രണ്ട് ക്യാമറ എന്നിവയടങ്ങുന്നതാണ് ഈ ഫോണിലെ ക്യാമറ സംവിധാനം. വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും മികച്ച ചിത്രങ്ങളെടുക്കുന്നതിനായി ഓറ ലൈറ്റ് സവിശേഷതയും ഉണ്ട്. കൂടാതെ ഫ്രണ്ട് ക്യാമറയിലും പിൻ ക്യാമറയിലും 4K വീഡിയോ റെക്കോർഡിങ് ഫീച്ചറുകളും ലഭിക്കും. ഇതുകൂടാതെ വെഡ്ഡിങ് പോർട്രെയ്‌റ്റ് സ്റ്റുഡിയോ എന്ന പ്രത്യേക പോർട്രെയ്‌റ്റും വിവോ വി50ഇ ഫോണിന് ലഭിക്കും. അണ്ടർവാട്ടർ ഫോട്ടോഗ്രഫി ഫീച്ചറും ഫോണിലുണ്ട്.
പ്രൊസസർ: 4 nm മീഡിയാടെക് ഡൈമെൻസിറ്റി 7300 SoC ചിപ്‌സെറ്റാണ് വിവോ വി50ഇ ഫോണിന് കരുത്തേകുന്നത്.
ബാറ്ററി, ചാർജിങ് : 90 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയ്‌ക്കുന്ന 5,600 എംഎഎച്ച് അൾട്ര ലാർജ് ബാറ്ററിയാണ് ഫോണിന് നൽകിയിരിക്കുന്നത്.
ഓപ്പറേറ്റിങ് സിസ്റ്റം: ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS15 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് വിവോ വി50ഇ പ്രവർത്തിക്കുക. ഇത് സുഗമവും ഉപയോക്തൃ സൗഹൃദവുമായ അനുഭവം നൽകും. മൂന്ന് തലമുറ ആൻഡ്രോയിഡ് അപ്‌ഗ്രേഡുകളും നാല് വർഷം വരെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും, സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. 5 വർഷം വരെ സ്‌മൂത്തായ പെർഫോമൻസ് നൽകാൻ വിവോ വി50ഇയ്‌ക്ക് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. മൾട്ടിടാസ്‌ക്കിങ് കപ്പാസിറ്റിയുള്ള ഈ ഫോണിൽ 27 ആപ്പുകൾ ബാക്ക്‌ഗ്രൗണ്ടിൽ പ്രവർത്തിപ്പിക്കാനാകും.
സ്റ്റോറേജ്: 8ജിബി വരെ റാമും 356 ജിബി വരെ സ്റ്റോറേജുമുള്ള ഈ ഫോണിൽ 8 ജിബി വരെ റാം വിപുലീകരിക്കാനുള്ള സൗകര്യവുമുണ്ട്.
IP റേറ്റിങ്: വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും ഫോണിനെ സംരക്ഷിക്കുന്നതിന് IP68, IP69 റേറ്റിങുകൾ ലഭിച്ചിട്ടുണ്ട്.
കളർ ഓപ്‌ഷനുകൾ: പേൾ വൈറ്റ്, സാഫയർ ബ്ലൂ എന്നിങ്ങനെ രണ്ട് കളർ ഓപ്‌ഷനുകളിലാണ് വിവോ വി50ഇ ലഭ്യമാവുക.
മറ്റ് ഫീച്ചറുകൾ:എഐ ഇമേജ് എക്‌സ്‌പാൻഡർ, എഐ നോട്ട് അസിസ്റ്റ്, സർക്കിൾ ടു സെർച്ച്, എഐ ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ്, ലൈവ് കോൾ ട്രാൻസ്‌ലേഷൻ, എഐ സൂപ്പർലിങ്ക് തുടങ്ങി നിരവധി എഐ ഫീച്ചറുകളും ഫോണിലുണ്ട്.
Also Read:
- കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിച്ചത് ഈ കമ്പനിയുടെ ഫോൺ!! കൂടുതൽ പേർ വാങ്ങിയ മോഡലുകൾ ഇവയെല്ലാം...
- ഫോണിൽ നിന്നും സുഗന്ധം വരും: പുതിയ ടെക്‌നോളജിയുമായി ഇൻഫിനിക്‌സിന്‍റെ പെൻസിലിനേക്കാൾ വണ്ണം കുറഞ്ഞ ഫോൺ
- റിയൽമി നാർസോ 80 സീരീസിൽ രണ്ട് സ്‌മാർട്ട്‌ഫോണുകൾ: സവിശേഷതകൾ അറിയാം...
- ഓപ്പോയുടെ പുതിയ 5 ജി ഫോൺ വരുന്നു: ടീസർ പുറത്ത്; വിശദമായി അറിയാം...
- പുതിയ ഫോൺ വാങ്ങല്ലേ... പ്രമുഖ കമ്പനികളുടെ ഫോണുകൾ വരുന്നു; ഏപ്രിലിൽ പുറത്തിറക്കുന്ന സ്‌മാർട്ട്‌ഫോണുകൾ