ഹൈദരാബാദ്: പുതിയ വർഷം ആരംഭിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും പ്രമുഖ കമ്പനികളുടെ നിരവധി ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. ഐഫോൺ 16ഇ, ഗാലക്‌സി എസ് 25 സീരീസ്, നത്തിങ് ഫോൺ 3 എ സീരീസ്, ഗൂഗിൾ പിക്‌സൽ 9എ, iQOO നിയോ 10 ആർ എന്നിവയെല്ലാം ഇവയിൽ ഉൾപ്പെടുന്നു. ഏപ്രിലിലും പ്രമുഖ കമ്പനികളുടെ നിരവധി ഫോണുകൾ ലോഞ്ചിനൊരുങ്ങുകയാണ്.
നിരവധി ഫീച്ചറുകളുമായി സാംസങ്, നത്തിങ്, വിവോ, മോട്ടോറോള, iQOO, റിയൽമി എന്നീ പ്രമുഖ കമ്പനികളുടെ പുതിയ ഫോണുകൾ ലോഞ്ചിനായി കാത്തിരിക്കുകയാണ്. ഇവയിൽ രണ്ടെണ്ണത്തിന് 7300 എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററിയാണ് നൽകിയിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. പുതിയ സ്‌മാർട്ട്‌ഫോണുകൾ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുന്നെങ്കിൽ കുറച്ച് ദിവസങ്ങൾ കൂടി കാത്തിരുന്നാൽ കൂടുതൽ മികച്ച ഓപ്‌ഷനുകൾ സ്വന്തമാക്കാനാകും. ഏപ്രിലിൽ പുറത്തിറക്കാൻ പോകുന്ന ഫോണുകളും അവയുടെ ഫീച്ചറുകളും പരിശോധിക്കാം.
സാംസങ് ഗാലക്‌സി എസ് 25 എഡ്‌ജ്: ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്‌ഫോൺ വിപണിയിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോണുകളിൽ ഒന്നാണ് സാംസങ് ഗാലക്‌സി എസ് 25 എഡ്‌ജ്. എസ് സീരീസിലെ ഏറ്റവും വണ്ണം കുറഞ്ഞ സ്‌മാർട്ട്‌ഫോണായിരിക്കാം എസ് 25 എഡ്‌ജ്. ജിഎസ്‌എംഅറീനയുടെ റിപ്പോർട്ടനുസരിച്ച്, ഗാലക്‌സി എസ് 25 എഡ്‌ജ് ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റിലായിരിക്കും പുറത്തിറക്കുക. ദക്ഷിണ കൊറിയൻ മാധ്യമമായ സിയോൾ എക്കണോമിക് ഡെയ്‌ലിയുടെ റിപ്പോർട്ട് പ്രകാരം സാംസങ് ഗാലക്‌സി എസ് 25 എഡ്‌ജ് ഏപ്രിൽ 16ന് പുറത്തിറക്കാൻ സാധ്യതയുണ്ട്.

ഗാലക്‌സി എസ് 25 സ്റ്റാൻഡേർഡ് മോഡലിനേക്കാൾ വലിയ ഡിസ്‌പ്ലേ എസ് 25ൽ ഉണ്ടായിരിക്കാനാണ് സാധ്യത. കൂടാതെ എസ് 25 എഡ്‌ജിൽ ഗാലക്‌സി എസ് 25 അൾട്രയ്ക്ക് സമാനമായ 200 എംപി ഐസോസെൽ എച്ച്പി 2 പ്രൈമറി സെൻസർ ഉണ്ടായിരിക്കുമെന്നും സൂചനയുണ്ട്. ടെലിഫോട്ടോ സെൻസറിന് പകരം 12 എംപി അൾട്രാ-വൈഡ് ലെൻസും ഇതിൽ ഉൾപ്പെടുത്തിയേക്കാം. സ്ലിം ഫോണായതിനാൽ തന്നെ ടെലിഫോട്ടോ ലെൻസോ വലിയ ബാറ്ററിയോ ഫോണിൽ ഉണ്ടായിരിക്കില്ല.
മോട്ടോ എഡ്‌ജ് 60 ഫ്യൂഷൻ: മോട്ടോ എഡ്‌ജ് 50 ഫ്യൂഷന്‍റെ പിൻഗാമിയായി വരുന്ന മോട്ടോ എഡ്‌ജ് 60 ഫ്യൂഷൻ ഏപ്രിൽ 2ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഫ്ലിപ്‌കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തുന്ന ഫോണിന് മീഡിയടെക് ഡൈമെൻസിറ്റി 7400 പ്രോസസറായിരിക്കും കരുത്തേകുക.120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ക്വാഡ്-കർവ്ഡ് AMOLED ഡിസ്‌പ്ലേയും, മോട്ടോ എഐ ഫീച്ചറുകളും ഫോണിൽ പ്രതീക്ഷിക്കാം. മിലിറ്ററി സ്റ്റാൻഡേർഡ് 810H സെർട്ടിഫിക്കേഷൻ ലഭിച്ചതിനാൽ തന്നെ കൂടുതൽ കാലം ഈട് നിൽക്കുകയും ഷോക്കുകളെ പ്രതിരോധിക്കുകയും ചെയ്യും. പാന്‍റോൺ വാലിഡേറ്റഡ് ആയതിനാൽ തന്നെ മികച്ച കളറും വിഷ്വൽ എക്‌സ്‌പീരിയൻസും നൽകുന്ന ഡിസ്‌പ്ലേയും പ്രതീക്ഷിക്കാം.

സോണിയുടെ LYTIA സെൻസർ ഫോണിൽ വരുന്നതിനാൽ മികച്ച ക്യാമറയും പ്രതീക്ഷിക്കാം. ഫോട്ടോഗ്രഫിയുടെ കാര്യത്തിൽ 50 എംപി സോണി LYT 700 പ്രൈമറി ക്യാമറയും 13 എംപി സെക്കൻഡറി സെൻസറും ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്. മോട്ടോ എഡ്‌ജ് 60 ഫ്യൂഷന്‍റെ വില 25,000 രൂപയിൽ താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്‍റെ പിൻഗാമിയായ മോട്ടോ എഡ്‌ജ് 50 ഫ്യൂഷന്‍റെ വില 22,999 രൂപയാണ്.
വിവോ ടി4 5ജി: വിവോയുടെ പുതിയ ഫോണായ വിവോ ടി4 ഏപ്രിലിൽ ലോഞ്ച് ചെയ്യുമെന്ന് സൂചനകളുണ്ട്. 7,300 എംഎഎച്ച് ബാറ്ററിയും 12 ജിബി റാം ലഭിക്കുന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7എസ് ജെൻ 3 പ്രോസസറുമായി ഈ ഫോൺ ലോഞ്ച് ചെയ്യുമെന്ന് സൂചനയുണ്ട്. ഫ്ലിപ്‌കാർട്ടിലൂടെയാവും വിവോ ടി4 വിൽപ്പനയ്‌ക്കെത്തുക. 12 ജിബി റാമുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7എസ് ജെൻ 3 പ്രോസസറായിരിക്കും ഈ ഫോണിന് കരുത്തേകുകയെന്നും സൂചനയുണ്ട്. 90 വാട്ട് ഫാസ്റ്റ് ചാർജിങ്, 6.67 ഇഞ്ച് ഫുൾഎച്ച്ഡി + ക്വാഡ് കർവ്ഡ് AMOLED ഡിസ്‌പ്ലേ, ഡ്യുവൽ റിയർ ക്യാമറ, 50 എംപി പ്രൈമറി ക്യാമറ, 32 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് ഫോണിന്‍റെ പ്രതീക്ഷിക്കാവുന്ന മറ്റ് ഫീച്ചറുകൾ.

iQOO Z10: iQOO Z10 5ജി എന്ന പേരിൽ പുറത്തിറക്കാനൊരുങ്ങുന്ന ഫോൺ ഏപ്രിൽ 11ന് ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ വരാനിരിക്കുന്ന ഫോണിന്‍റെ ഡിസൈൻ, കളർ ഓപ്ഷനുകൾ, ബാറ്ററി, ഏകദേശവില, പ്രൊസസർ തുടങ്ങിയ നിരവധി സവിശേഷതകളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. സ്‌നാപ്ഡ്രാഗൺ 7 എസ് ജെൻ 3 SoC പ്രൊസസറാണ് iQOO Z10ൽ നൽകിയിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. കൂടാതെ 22,000 രൂപയിൽ താഴെയായിരിക്കും ഇതിന്‍റെ വിലയെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 7.89 മില്ലീമീറ്ററായിരിക്കും വരാനിരിക്കുന്ന ഫോണിന്‍റെ വണ്ണമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ആമസോണിലൂടെയും ഐക്യുഒ ഇന്ത്യയുടെ ഇ-സ്റ്റോറിലൂടെയും ആകും വിൽപ്പനയ്‌ക്കെത്തുക.

90വാട്ട് ഫ്ലാഷ് ചാർജ് പിന്തുണയുള്ള 7,300 എംഎഎച്ച് ബാറ്ററിയാണ് iQOO Z10ൽ ഉണ്ടായിരിക്കുക. വരാനിരിക്കുന്ന ഫോൺ വെറും 33 മിനിറ്റിനുള്ളിൽ പൂജ്യം മുതൽ 50 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മുൻ ടീസറുകൾ അനുസരിച്ച്, ഐക്യുഒ Z10ന് 5000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുള്ള ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേ ഉണ്ടാകാം. 6.78 ഇഞ്ച് 1.5K OLED സ്‌ക്രീനും ഫോട്ടോഗ്രാഫിക്കായി 50 എംപി പ്രൈമറി ക്യാമറ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറയും 16 എംപി സെൽഫി സെൻസറും പ്രതീക്ഷിക്കാം.
വിവോ വി50 ഇ: വിവോയുടെ ഏപ്രിലിൽ വരാനിരിക്കുന്ന മിഡ്-റേഞ്ച് ഫോണാണ് വിവോ വി50 ഇ. മികച്ച ക്യാമറയും ഒപ്പം മികച്ച ഡിസൈനും ഉള്ള ഒരു ഫോണായിരിക്കും ഇത്. 50 എംപി മെയിൻ ക്യാമറയും 50 എംപി സോണി IMX882 സെൻസറും അടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണം ഫോണിൽ ലഭ്യമായേക്കാം. വെഡിങ് പോർട്രെയിറ്റ് സ്റ്റുഡിയോ, മൾട്ടിഫോക്കൽ പോർട്രെയിറ്റ് തുടങ്ങിയ സവിശേഷതകളും ഇതിൽ ഉണ്ടായേക്കാം. അതിനാൽ തന്നെ ഫോൺ വാങ്ങുമ്പോൾ ക്യാമറയ്‌ക്ക് പ്രാധാന്യം കൊടുക്കുന്നവർക്ക് ഇത് ഒരു മികച്ച ഓപ്ഷനായിരിക്കാം. സാഫയർ ബ്ലൂ, പേൾ വൈറ്റ് എന്നീ നിറങ്ങലിൽ അൾട്രാ-സ്ലിം ഡിസൈനിൽ ക്വാഡ് കർവ്ഡ് ഡിസ്പ്ലേയിലാണ് ഈ ഫോണെത്തുകയെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് ഫീച്ചറുകളും ലോഞ്ച് തീയതിയും വരും ദിവസങ്ങളിൽ പുറത്തുവിട്ടേക്കാം.

റിയൽമി നാർസോ 80 എക്‌സ്: റിയൽമി നാർസോ സീരീസിൽ കമ്പനി ഏപ്രിലിൽ മറ്റൊരു പുതിയ ഫോൺ കൂടെ പുറത്തിറക്കാനിരിക്കുന്നു. ആമസോണിൽ ഈ ഫോൺ ടീസർ ചെയ്‌തിട്ടുണ്ട്. മിഡ്-റേഞ്ച് റേഞ്ചിൽ വരുന്ന ഈ ഫോൺ റിയൽമി പി3എക്‌സിന്‍റെ റീ-ബ്രാൻഡഡ് പതിപ്പായിരിക്കും. മീഡിയടെക് ഡൈമെൻസിറ്റി 6400 പ്രോസസറിൽ ഈ ഫോൺ ലോഞ്ച് ചെയ്‌തേക്കാം. കൂടാതെ 6000 എംഎഎച്ച് ബാറ്ററിയും ഫോട്ടോഗ്രാഫിക്കായി 50 എംപി പ്രൈമറി ക്യാമറ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറയും പ്രതീക്ഷിക്കാം. നാർസോ 80x 5G ഫോൺ 6.72 ഇഞ്ച് FHD+ 120Hz ഡിസ്‌പ്ലേയിൽ അവതരിപ്പിക്കാനാണ് സാധ്യത.
Also Read:
- സ്ലിം ഡിസൈനിൽ സാംസങിന്‍റെ പുതിയ ഫോൺ വരുന്നു: ഗാലക്‌സി എസ് 25 എഡ്‌ജ് ഏപ്രിലിൽ ലോഞ്ച് ചെയ്‌തേക്കാം; പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ
- മികച്ച ബാറ്ററി കപ്പാസിറ്റിയും പെർഫോമൻസും: മിഡ് റേഞ്ച് വിഭാഗത്തിൽ പുതിയ ഫോണുമായി iQOO; ലോഞ്ച് ഏപ്രിൽ 11ന്
- എലൈറ്റ് ക്ലബ്ബിൽ ഇടംനേടി പോക്കോയും! പോകോ എഫ് 7 സീരീസിൽ രണ്ട് ഫോണുകൾ ആഗോളതലത്തിൽ പുറത്തിറക്കി
- ഇൻഫിനിക്‌സ് നോട്ട് 50 എക്‌സ് vs പോകോ എം7: പതിനയ്യായിരത്തിന് താഴെ വിലയുള്ള ഈ 5ജി ഫോണുകളിൽ മികച്ചതേത്?
- മോട്ടോറോള എഡ്‌ജ് 60 ഫ്യൂഷൻ വരുന്നു; ലോഞ്ച് ഏപ്രിലിലെന്ന് സൂചന; എന്തൊക്കെ പ്രതീക്ഷിക്കാം?