ഹൈദരാബാദ്: തദ്ദേശീയ ഇരുചക്രവാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർസിന്‍റെ പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡാണ് ടിവിഎസ് അപ്പാച്ചെ. അപ്പാച്ചെ മോഡൽ ലോഞ്ച് ചെയ്‌തിട്ട് 20 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് കമ്പനി ഇപ്പോൾ. നീണ്ട ഇരുപത് വർഷം കമ്പനിയെ സംബന്ധിച്ചിടത്തോളം വലിയ വിജയമായിരുന്നെന്ന് പറയാം. ആഗോള വിപണിയിൽ 60 ലക്ഷത്തിലധികം മോട്ടോർസൈക്കിളുകളാണ് ഈ വർഷത്തിനകം കമ്പനി വിറ്റഴിച്ചത്.
2005ൽ പുറത്തിറക്കിയ ടിവിഎസ് അപ്പാച്ചെ 150 മോഡലിലൂടെയാണ് അപ്പാച്ചെ വിപണിയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇത് ഇന്ത്യയിലെ പെർഫോമൻസ്-ഓറിയൻ്റഡ് ടൂ വീലർ സെഗ്‌മെൻ്റിലെ ടിവിഎസിൻ്റെ ആദ്യ മോട്ടോർസൈക്കിളായിരുന്നു. പൾസറിന്‍റെ പ്രധാന എതിരാളി ആയിരുന്നു ടിവിഎസ് അപ്പാച്ചെയെന്നും വേണമെങ്കിൽ പറയാം. പുതിയ ഫീച്ചറുകളോടെയുള്ള സ്പോർട്ടിയർ ബൈക്കുകൾ കൊണ്ടുവരിക എന്നതായിരുന്നു ഈ മോട്ടോർസൈക്കിളിൻ്റെ ലക്ഷ്യം തന്നെ. നേപ്പാൾ, ബംഗ്ലാദേശ്, കൊളംബിയ, മെക്സിക്കോ, ഗിനിയ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലുൾപ്പെടെ കമ്പനി അപ്പാച്ചെ ബൈക്കുകൾ വിൽക്കുന്നുണ്ട്. സമീപവർഷങ്ങളിൽ, ഇറ്റലി ഉൾപ്പെടെ യൂറോപ്പിൻ്റെ ഭാഗങ്ങളിലേക്കും കമ്പനി വിപുലീകരിച്ചിട്ടുണ്ട്.
ടിവിഎസ് അപ്പാച്ചെയുടെ നൂതന സവിശേഷതകൾ: ഫ്യൂവൽ ഇഞ്ചക്ഷൻ, മൾട്ടിപ്പിൾ റൈഡ് മോഡുകൾ, ക്രമീകരിക്കാവുന്ന സസ്‌പെൻഷൻ, സ്ലിപ്പർ ക്ലച്ച് തുടങ്ങി ഫീച്ചറുകളെല്ലാം തന്നെ കുറച്ച് വർഷങ്ങൾക്ക് മുൻപ് തന്നെ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ, വിവിധ മോഡലുകളിൽ സ്‌മാർട്ട്ഫോൺ കണക്റ്റിവിറ്റി, ക്രൂയിസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ് തുടങ്ങിയ സാങ്കേതിക അപ്ഡേറ്റുകൾക്കൊപ്പം ഡ്യുവൽ-ചാനൽ എബിഎസ്, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ബൈക്കിന് നൽകിയിട്ടുണ്ട്.

ടിവിഎസ് അപ്പാച്ചെ ആർടിആർ, ആർആർ പ്ലാറ്റ്‌ഫോമുകൾ: അപ്പാച്ചെ ആർടിആർ, അപ്പാച്ചെ ആർആർ എന്നിങ്ങനെ രണ്ട് പ്ലാറ്റ്‌ഫോമുകളിൽ ടിവിഎസ് അപ്പാച്ചെ ലഭ്യമാണ്. സ്ട്രീറ്റ് റൈഡിങിനായി അപ്പാച്ചെ ആർടിആറും, ട്രാക്ക് ഓറിയൻ്റഡ് പെർഫോമൻസിനായി അപ്പാച്ചെ ആർആറും ആണ് ഉള്ളച്. ബിൽഡ്-ടു-ഓർഡർ കസ്റ്റമൈസേഷൻ ഓപ്‌ഷൻ വാഗ്‌ദാനം ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ ഇരുചക്രവാഹന ബ്രാൻഡും കൂടെയാണ് അപ്പാച്ചെ.
Also Read:
- 2025 മാർച്ചിൽ ഏറ്റവുമധികം വിറ്റ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഏത്? വിശദമായി അറിയാം...
- ഹൈവേ യാത്രകൾ ഇനിയും ചെലവേറും: ദേശീയപാതകളിലെ ടോൾ നിരക്ക് വർധിച്ചു; വിശദമായി അറിയാം
- ക്ലാസിക് ഡിസൈനും ആധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്നു: വണ്ടിഭ്രാന്തന്മാർക്കായി റോയൽ എൻഫീൽഡിന്‍റെ ക്ലാസിക് 650
- മൂന്ന് റൈഡിങ് മോഡുകൾ... അടിപൊളി മാറ്റങ്ങളുമായി പൾസറിന്‍റെ ജനപ്രിയ മോഡൽ
- കുറഞ്ഞ വിലയിൽ ലഭ്യമായ അഞ്ച് മികച്ച ഇലക്‌ട്രിക് ബൈക്കുകൾ: വിലയും സവിശേഷതകളും, വിശദമായി അറിയാം