സംസ്ഥാനത്തുണ്ടായ കറണ്ട് ചാര്‍ജ് വര്‍ധനവ് ഉപയോക്താക്കള്‍ക്ക് തിരിച്ചടിയാണ്. യൂണിറ്റിന് 16 പൈസയാണ് റെഗുലേറ്ററി കമ്മിറ്റി വർധിപ്പിച്ചത്. വീടുകളിലെ കറണ്ട് ബില്ലിനെ ഏറെ സ്വാധീനിക്കുന്ന ഒന്നാണ് വാഷിങ് മെഷീന്‍ ഉപയോഗം. മറ്റ് വസ്‌തുക്കളെ അപേക്ഷിച്ച് ഇതു പ്രവര്‍ത്തിപ്പിക്കാന്‍ ഒരല്‍പം കൂടുതല്‍ യൂണിറ്റ് കറണ്ട് ആവശ്യണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വാഷിങ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴുള്ള ഊർജ ഉപയോഗം ഒരു പരിധി വരെ കുറയ്‌ക്കാന്‍ സാധിക്കും. ഈ രംഗത്തെ വിദഗ്‌ധര്‍ പറയുന്നതിങ്ങനെ...
- തിരഞ്ഞെടുപ്പില്‍ ശ്രദ്ധ പുലര്‍ത്താം
നിരവധി കമ്പനികളുടേയും പല തരത്തിലുള്ള വാഷിങ് മെഷീനുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇതിന്‍റെ തിരഞ്ഞെടുപ്പ് ഏറെ പ്രധാനപ്പെട്ടതാണ്. എപ്പോഴും 5-സ്റ്റാർ റേറ്റിങ്ങുള്ള വാഷിങ് മെഷീനുകള്‍ തിരഞ്ഞെടുന്നതാവും നല്ലത്. കാരണം സമാന കപ്പാസിറ്റിയുള്ള റേറ്റിങ് കുറഞ്ഞ ഒരു വാഷിങ് മെഷീനേക്കാള്‍ കുറഞ്ഞ യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചാവും റേറ്റിങ് കൂടിയ മെഷീന്‍ പ്രവര്‍ത്തിക്കുക. കൂടാതെ ഫ്രണ്ട്-ലോഡിങ് മെഷീനുകൾ (മുന്നില്‍ നിന്നും വസ്‌ത്രങ്ങള്‍ ലോഡ് ചെയ്യുന്ന) പരിഗണിക്കുക. കാരണം ടോപ്പ്-ലോഡിങ് മെഷീനുകളെ അപേക്ഷിച്ച് ഇവ കുറച്ച് വെള്ളവും വൈദ്യുതിയുമാണ് ഉപയോഗിക്കുന്നത്.
![HOW TO SELECT A WASHING MACHINE ELECTRICITY CHARGE IN KERALA വാഷിങ് മെഷീന്‍ കറണ്ട് ബില്‍ washing machine correct usage](https://etvbharatimages.akamaized.net/etvbharat/prod-images/08-12-2024/23069618_washing-machine.jpg)
- ഫുള്‍ ലോഡില്‍ വസ്‌ത്രങ്ങള്‍ കഴുകാം
കഴിയുന്നതും കുറച്ച് തുണികള്‍ മാത്രം കഴുകുന്നത് ഒഴിവാക്കി, ഫുള്‍ ലോഡില്‍ വാഷിങ് മെഷീൻ പ്രവര്‍ത്തിപ്പിക്കുക. കാരണം നിങ്ങള്‍ കുറച്ച് വസ്‌ത്രങ്ങളാണ് കഴുകുന്നതെങ്കിലും ഫുള്‍ ലോഡില്‍ പ്രവര്‍ത്തിക്കുന്നതിന് സമാനമായ വൈദ്യുതിയാണ് വാഷിങ് മെഷീന് വേണ്ടി വരിക. ചില മെഷീനുകൾക്ക് ലോഡിനെ അടിസ്ഥാനമാക്കി ഊർജ ഉപയോഗം ക്രമീകരിക്കുന്ന "ലോഡ് സെൻസിങ്" ഫീച്ചർ ഉണ്ട്. കഴുകുന്ന ലോഡിന് അനുയോജ്യമായ ക്രമീകരണം തിരഞ്ഞെടുക്കുന്നത് ഉറപ്പാക്കുക. ശരിയായ അളവില്‍ വെള്ളത്തിന്‍റെ ഉപയോഗവും ഉറപ്പ് വരുത്തണം.
- ക്വിക്ക് വാഷ്
ചെറിയ തോതില്‍ മലിനമായ വസ്‌ത്രങ്ങൾക്കായി "ക്വിക്ക് വാഷ്" മോഡില്‍ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാം. ഇതു മെഷീൻ പ്രവർത്തിക്കുന്ന സമയം കുറയ്ക്കാന്‍ സഹായിക്കുന്നു.
- ഇക്കോ മോഡ്
പല വാഷിങ് മെഷീനുകളും ബിൽഡ്-ഇൻ 'ഇക്കോ മോഡ്' ഉപയോഗിച്ചാണ് വിപണിയിലേക്ക് എത്തുന്നത്. കുറഞ്ഞ വൈദ്യുതി ഉപഭോഗത്തിൽ മികച്ച ക്ലീനിങ് നൽകുന്ന ഒരു പവർ സേവിങ് മോഡാണിത്.
- ശരിയായ ഡിറ്റർജന്‍റ് ഉപയോഗിക്കുക
വസ്‌ത്രങ്ങൾ കഴുകുന്നതിന് ശരിയായ ഡിറ്റർജന്‍റ് തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. ഉപയോഗിക്കുന്ന ഡിറ്റർജന്‍റ് കൂടുതൽ പത ഉത്പാദിപ്പിക്കുന്നുണ്ടെങ്കിൽ, വസ്‌ത്രങ്ങള്‍ കഴുകാന്‍ കൂടുതല്‍ സമയവും വെള്ളവും ആവശ്യമായി വരും. അതുകൊണ്ട് വാഷിങ് മെഷീനായി ശുപാർശ ചെയ്യുന്ന ഡിറ്റർജന്‍റ് ഉപയോഗിക്കേണ്ടതുണ്ട്. ശരിയായ അളവിൽ ഇതു ഉപയോഗിക്കേണ്ടതും പ്രധാനമാണ്.
![HOW TO SELECT A WASHING MACHINE ELECTRICITY CHARGE IN KERALA വാഷിങ് മെഷീന്‍ കറണ്ട് ബില്‍ washing machine correct usage](https://etvbharatimages.akamaized.net/etvbharat/prod-images/08-12-2024/23069618_washing-machine-2.jpg)
- സ്‌പിൻ സ്‌പീഡ് ഒപ്റ്റിമൈസേഷന്‍
വസ്‌ത്രങ്ങളിൽ നിന്ന് കഴിയുന്നത്ര വെള്ളം വേർതിരിച്ചെടുക്കാൻ ഉയർന്ന സ്പിൻ സ്പീഡ് ഉപയോഗിക്കുക. ഇതുവഴി അവ വേഗത്തില്‍ ഉണക്കാനും ഊര്‍ജം ലഭിക്കാനും സാധിക്കും. മിക്ക വാഷിങ് മെഷീനുകളിലും സ്പീഡ് ഉപയോക്താവിന് തിരഞ്ഞെടക്കാന്‍ കഴിയുന്നതാണ്. കഴുകുന്ന തുണിത്തരത്തെ അടിസ്ഥാനമാക്കി ഇതുക്രമീകരിക്കാം. അതിലോലമായ തുണിത്തരങ്ങൾക്ക് ഉയർന്ന സ്പിൻ സ്പീഡ് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക, കാരണം അതു കീറിപ്പോകാന്‍ സാധ്യതയുണ്ട്.
- പീക്ക് ടൈം ഓഴിവാക്കുക
വൈദ്യുതി ഏറെ ആവശ്യമുള്ള സമയത്ത് വാഷിങ് മെഷീന്‍ ഉപയോഗം ഒഴിവാക്കുക. പീക്ക് ടൈമില്‍ (വൈകീട്ട് 6.30 മുതല്‍ രാത്രി 10 വരെ, പുലര്‍ച്ചെ) ഉപയോഗിക്കുന്ന വൈദ്യുതിയ്‌ക്ക് കൂടിയ നിരക്കാണ് കെഎസ്‌ഇബി ഈടാക്കുന്നത്.
- വാഷിങ് മെഷീൻ പരിപാലനം
വാഷിങ് മെഷീൻ പതിവായി വൃത്തിയാക്കുക. വ്യത്തിയില്ലാത്തതോ അടഞ്ഞതോ ആയ വാഷിങ് മെഷീൻ കൂടുതൽ ഊർജം ഉപയോഗിക്കും. മെഷീൻ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് മാസത്തിലൊരിക്കൽ ഫിൽട്ടർ പതിവായി വൃത്തിയാക്കുകയും മെയിന്‍റനന്‍സ് വാഷ് നടത്തുകയും ചെയ്യുക.
![HOW TO SELECT A WASHING MACHINE ELECTRICITY CHARGE IN KERALA വാഷിങ് മെഷീന്‍ കറണ്ട് ബില്‍ washing machine correct usage](https://etvbharatimages.akamaized.net/etvbharat/prod-images/08-12-2024/23069618_washing-machine-3.jpg)
- എയര്‍ ഡ്രൈ
ഒരു ടംബിൾ ഡ്രയർ ഉപയോഗിക്കുന്നതിനുപകരം, സാധ്യമാകുമ്പോഴെല്ലാം വസ്‌ത്രങ്ങൾ എയർ-ഡ്രൈ ചെയ്യാൻ ശ്രമിക്കുക, പ്രത്യേകിച്ച് കേരളത്തിലെ കാലാവസ്ഥയില്‍ മഴയില്ലാത്ത നേരത്ത് വസ്‌ത്രങ്ങള്‍ വേഗത്തില്‍ തന്നെ ഉണങ്ങിക്കിട്ടും. ഡ്രയർ ഉപയോഗിക്കുകയാണെങ്കിൽ, അത് ഊർജ-കാര്യക്ഷമമാണെന്ന് ഉറപ്പാക്കുക, വേഗത്തില്‍ ഉണങ്ങുന്നതിനായി ഓവർലോഡ് ചെയ്യാതിരിക്കാനും ശ്രദ്ധിക്കാം.