ഹൈദരാബാദ്: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സാംസങ് ഗാലക്‌സി എസ് 25 എഡ്‌ജ് ഇന്ത്യയിൽ പുറത്തിറക്കി. എസ് 25 സീരീസിലെ ഏറ്റവും വണ്ണം കുറഞ്ഞ ഈ ഫ്ലാഗ്ഷിപ്പ് ഫോണിൽ കസ്റ്റമൈസ് ചെയ്‌ത സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് നൽകിയിരിക്കുന്നത്. 5.8 മില്ലീമീറ്റർ വണ്ണമാണ് ഫോണിനുള്ളത്. 200 എംപി പ്രൈമറി ക്യാമറയുൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും ഫോണിലുണ്ട്.
ഉപകരണത്തിന്‍റെ മുൻവശത്ത് കോർണിങ് ഗൊറില്ല ഗ്ലാസ് സെറാമിക് 2 സംരക്ഷണവും പിന്നിൽ കോർണിങ് ഗൊറില്ല ഗ്ലാസ് വിക്‌ടസ് 2 സംരക്ഷണവും നൽകിയിട്ടുണ്ട്. പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്നതിനായി എസ് 25 എഡ്‌ജിന് IP68 റേറ്റിങും ലഭിച്ചിട്ടുണ്ട്. ഗാലക്‌സി എഐ, ജെമിനി ഇന്‍റഗ്രേഷൻ എന്നിവയിൽ പ്രവർത്തിക്കുന്ന വൺ യുഐ 7 ഓപ്പറേറ്റിങ് സിസ്റ്റവും ഫോണിലുണ്ടാകും. സാംസങ് ഗാലക്‌സി എസ് 25 എഡ്‌ജിന്‍റെ വിലയും മറ്റ് സ്‌പെസിഫിക്കേഷനുകളും പരിശോധിക്കാം.
സാംസങ് ഗാലക്‌സി എസ് 25 എഡ്‌ജ്: വില
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ആഗോളതലത്തിൽ പുറത്തിറക്കിയ സാംസങ് ഗാലക്‌സി എസ് 25 എഡ്‌ജിന്‍റെ യുഎസിലെ പ്രാരംഭവില 1,099 ഡോളറാണ് (ഏകദേശം 93,525 രൂപ). അതേസമയം ഇന്ത്യയിൽ സാംസങ് ഗാലക്‌സി എസ് 25 എഡ്‌ജിന്‍റെ 12GB + 256GB സ്റ്റോറേജ് ഓപ്‌ഷന്‍റെ വില 1,09,999 രൂപയും 12GB + 512GB സ്റ്റോറേജ് ഓപ്‌ഷന്‍റെ വില 1,21,999 രൂപയുമാണ്. നിലവിൽ സാംസങ് ഇന്ത്യയുടെ ഇ-സ്റ്റോർ വഴിയാകും രാജ്യത്ത് പ്രീ-ഓർഡറിന് ലഭ്യമാവുക. ടൈറ്റാനിയം സിൽവർ, ടൈറ്റാനിയം ജെറ്റ്ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും. പ്രീ-ഓർഡർ ഓഫറായി, ഗാലക്‌സി എസ് 25 എഡ്‌ജിന്‍റെ 256 ജിബി സ്റ്റോറേജ് ഓപ്ഷന്‍റെ അതേ വിലയിൽ ഉപഭോക്താക്കൾക്ക് 512 ജിബി വേരിയന്‍റും ലഭിക്കും.

സാംസങ് ഗാലക്‌സി എസ് 25 എഡ്‌ജ്: സ്‌പെസിഫിക്കേഷനുകൾ
120 ഹെട്‌സ് റിഫ്രഷ് റേറ്റുള്ള വിഷൻ ബൂസ്റ്ററും അഡാപ്റ്റീവ് കളർ ടോണും പിന്തുണയ്‌ക്കുന്ന 6.7 ഇഞ്ച് ക്വാഡ് എച്ച്ഡി+ ഡൈനാമിക് അമോലെഡ് 2x ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എസ് 25 എഡ്‌ജിൽ നൽകിയിരിക്കുന്നത്. 12 ജിബി റാമും 256 ജിബി/ 512 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. ഇത് ഗാലക്‌സിക്കായി ഇഷ്‌ടാനുസൃതമാക്കിയ ചിപ്‌സെറ്റാണ്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുക.
പുതിയ ഫോണിൽ എഐ ഇമേജ് പ്രോസസിങിനായി പ്രോസ്‌കേലർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഡിസ്പ്ലേ ഇമേജ് സ്കെയിലിങ് മികച്ചതാക്കും. എസ് 25 സീരീസിലെ മറ്റ് ഫോണുകളെ പോലെ തന്നെ പുതിയ ഫോണും ആപ്ലിക്കേഷനുകളിലുടനീളം പ്രവർത്തിക്കുന്ന എഐ ഏജന്‍റുകളുമായി സംയോജിപ്പിച്ചിട്ടുണ്ട്. നൗ ബ്രീഫ്, നൗ ബാർ പോലുള്ള എഐ ഫീച്ചറുകളിൽ തേർഡ് പാർട്ടി ഇന്‍റഗ്രേഷൻ ചേർത്തുകൊണ്ട് കമ്പനി അപ്‌ഗ്രേഡേഷൻ നൽകിയിട്ടുണ്ട്. ഗാലക്‌സി എഐയ്‌ക്ക് പുറമെ എസ് 25 എഡ്‌ജിൽ ജെമിനി ഇന്‍റഗ്രേഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.
5.8 മില്ലീമീറ്റർ മാത്രം വണ്ണമുള്ള ഈ ഉപകരണത്തിന് പിന്നിൽ ഡ്യുവൽ റിയർ ക്യാമറയാണ് നൽകിയിരിക്കുന്നത്. 2x ഒപ്റ്റിക്കൽ സൂമും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (OIS) ഉള്ള 200MP പ്രൈമറി സെൻസറാണ് പിൻ ക്യാമറയിൽ നൽകിയിരിക്കുന്നത്. 12MP അൾട്രാവൈഡ് ക്യാമറയും ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളിനുമായി 12MP സെൽഫി ക്യാമറയുമുണ്ട്.
163 ഗ്രാം ഭാരമുള്ള ഫോണിന് 3,900mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഇത് 25W ഫാസ്റ്റ് വയർഡ് ചാർജിങ് പിന്തുണയ്‌ക്കുന്നതാണ്. ഏകദേശം 30 മിനിറ്റിനുള്ളിൽ ഉപകരണം പൂർണമായും ചാർജ് ചെയ്യാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ഹാൻഡ്‌സെറ്റിനൊപ്പം ചാർജർ ലഭിക്കില്ല. പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്നതിനായി എസ് 25 എഡ്‌ജിന് IP68 റേറ്റിങും ലഭിച്ചിട്ടുണ്ട്.
Also Read:
- വിവോ വി50 സീരീസിൽ മറ്റൊരു ഫോൺ കൂടെ: ലോഞ്ച് മെയ് 15ന്; ലഭ്യമായ വിവരങ്ങൾ
- പുതിയ ഫോൺ വാങ്ങല്ലേ... പ്രമുഖ കമ്പനികളുടെ ഫോണുകൾ വരുന്നു; മെയ് മാസം പുറത്തിറക്കുന്ന സ്‌മാർട്ട്‌ഫോണുകൾ
- മികച്ച ബാറ്ററി കപ്പാസിറ്റിയുള്ള വില കുറഞ്ഞ അഞ്ച് സ്‌മാർട്ട്‌ഫോണുകളും അവയുടെ ഫീച്ചറുകളും
- പുതിയ കാർ വാങ്ങല്ലേ... പ്രമുഖ കമ്പനികളുടെ കാറുകൾ വരുന്നു; മെയ് മാസം പുറത്തിറക്കുന്ന കാറുകൾ
- പ്രമുഖ കമ്പനികളുടെ ഈ നാല് ഇലക്‌ട്രിക് കാറുകളിൽ മികച്ചതേത്? താരതമ്യം ചെയ്യാം....