ഹൈദരാബാദ്: തങ്ങളുടെ 650 സിസി സെഗ്‌മെന്‍റിൽ പുതിയ ബൈക്ക് പുറത്തിറക്കി റോയൽ എൻഫീൽഡ്. 2024ലെ EICMA ഷോയിൽ പ്രദർശിപ്പിച്ചതിന് ശേഷമാണ് കമ്പനി റോയൽ എൻഫീൽഡ് ക്ലാസിക് 650 മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. 3.37 ലക്ഷം രൂപ(എക്‌സ്-ഷോറൂം) പ്രാരംഭവിലയിലാണ് ഈ മോഡൽ പുറത്തിറക്കിയിരിക്കുന്നത്. ക്ലാസിക് ഡിസൈനും ആധുനിക സാങ്കേതികവിദ്യയും ഒന്നിച്ചുചേർന്ന ഒരു ബൈക്കായതിനാൽ തന്നെ റോയൽ എൻഫീൽഡ് ആരാധകർക്ക് ഈ ബൈക്ക് ഒരു മികച്ച ഓപ്‌ഷനായിരിക്കുമെന്നതിൽ സംശയമില്ല.
റോയൽ എൻഫീൽഡിന്‍റെ ജനപ്രിയമായ മോഡലായ ക്ലാസിക് 350യുടെ കൂടുതൽ വലിപ്പമുള്ള പതിപ്പാണ് ക്ലാസിക് 650. 648 സിസി പാരലൽ ട്വിൻ എഞ്ചിൻ ഉപയോഗിച്ച് മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിൾ സെഗ്‌മെന്‍റിൽ വലിയ സ്വാധീനം ചെലുത്താൻ ഈ മോഡലിനാകും.

വില: ക്ലാസിക്, ഹോട്ട്‌റോഡ്, ക്രോം എന്നിങ്ങനെ മൂന്ന് വേരിയന്‍റുകളായാണ് ക്ലാസിക് 650 പുറത്തിറക്കിയത്. ഇതിൽ ക്ലാസിക് വേരിയന്‍റിൽ ടീൽ കളറും, ക്രോം വേരിയന്‍റിൽ ബ്ലാക്ക് ക്രോം കളറുമാണ് നൽകിയിരിക്കുന്നത്. ഹോട്ട്‌റോഡ് വേരിയന്‍റിൽ വാല്ലം റെഡ്, ബ്രണ്ടിങ്തോർപ്പ് ബ്ലൂ എന്നിങ്ങനെ രണ്ട് കളർ ഓപ്‌ഷനുകളും ഉണ്ടാവും. ഹോട്ട്‌റോഡ് വേരിയന്‍റിന് 3.37 ലക്ഷം രൂപയും, ക്ലാസിക് വേരിയന്‍റിന് 3.41 ലക്ഷം രൂപയും, ക്രോം വേരിയന്‍റിന് ഓപ്‌ഷനും 3.5 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില.
ഇന്‍റർസെപ്റ്റർ 650, കോണ്ടിനെന്‍റൽ ജിടി 650 എന്നിവ പുറത്തിറക്കിയതോടെ റോയൽ എൻഫീൽഡ് മൾട്ടി-സിലിണ്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് 650 സിസി സെഗ്‌മെന്‍റിലേക്ക് സൂപ്പർ മെറ്റിയർ 650, ഷോട്ട്ഗൺ 650, ഇന്‍റർസെപ്റ്റർ ബീറ്റ് 650 തുടങ്ങിയ മോഡലുകൾ വരുന്നത്. ഇപ്പോൾ ഈ സെഗ്‌മെന്‍റിലെ ആറാമത്തെ മോഡലായാണ് ക്ലാസിക് 650 പുറത്തിറക്കിയിരിക്കുന്നത്.

ഡിസൈൻ: റോയൽ എൻഫീൽഡിന്‍റെ ജനപ്രിയ മോഡലാണ് ക്ലാസിക് 350. ഇതിനോട് സാമ്യമുള്ളതും എന്നാൽ കൂടുതൽ വലിപ്പമുള്ളതുമായ മോഡലായതിനാൽ തന്നെ ക്ലാസിക് 650 മോഡൽ 500 സിസിയിലധികം റേഞ്ചുള്ള ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളായി മാറാനുള്ള സാധ്യതയുണ്ട്. ക്ലാസിക് ഡിസൈനാണ് റോയൽ എൻഫീൽഡ് ക്ലാസിക് 650 മോട്ടോർസൈക്കിളിന് നൽകിയിരിക്കുന്നത്. ക്ലാസിക് ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, വൃത്താകൃതിയിലുള്ള ഒആർവിഎമ്മുകൾ, വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, റെട്രോ മഡ്‌ഗാർഡുകൾ, ഫ്രണ്ട് ഫോർക്ക് കവറുകൾ, ട്രിപ്പർ സ്‌ക്രീനോടുകൂടിയ ഒരു വലിയ അനലോഗ്-ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ എന്നിവ നൽകിയിട്ടുണ്ട്.
സൂപ്പർ മെറ്റിയർ 650യിലെ മെയിൻഫ്രെയിം, സബ്ഫ്രെയിം, സ്വിംഗ്‌ആം എന്നിവയും ഇതിൽ നൽകിയിട്ടുണ്ട്. 243 കിലോഗ്രാമാണ് ക്ലാസിക് 650യുടെ ഭാരം. ഇതുതന്നെയാണ് റോയൽ എൻഫീൽഡിന്‍റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഭാരമേറിയ ബൈക്കും. 19 ഇഞ്ച് ഫ്രണ്ട് വീലുകളും 18 ഇഞ്ച് റിയർ വയർ-സ്‌പോക്ക് വീലുകളുമാണ് ഈ മോട്ടോർസൈക്കിളിൽ നൽകിയിരിക്കുന്നത്. RSU ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളും ലഭിക്കുന്നു. രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകളും ഡ്യുവൽ-ചാനൽ എബിഎസും സ്റ്റാൻഡേർഡായി ലഭ്യമാണ്.

എഞ്ചിൻ: 648 സിസി പാരലൽ ട്വിൻ ഓയിൽ-കൂൾഡ് എഞ്ചിനാണ് റോയൽ എൻഫീൽഡ് ക്ലാസിക് 650ക്ക് കരുത്തേകുന്നത്. പരമാവധി 46.4 ബിഎച്ച്‌പി പവറും 52.3 എൻഎം പരമാവധി ടോർക്കും ഉത്പാദിപ്പിക്കുന്നതാണ് ഇതിന്‍റെ എഞ്ചിൻ. സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ചുള്ള 6-സ്‌പീഡ് ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോഡിയാക്കിയിരിക്കുന്നത്. ക്ലാസിക് ടാഗിനൊപ്പം തന്നെ റൈഡർക്ക് ഈ ബൈക്കിൽ നിന്നും സുഖകരമായ റൈഡിങും പ്രതീക്ഷിക്കാം...
Also Read:
- മൂന്ന് റൈഡിങ് മോഡുകൾ... അടിപൊളി മാറ്റങ്ങളുമായി പൾസറിന്‍റെ ജനപ്രിയ മോഡൽ
- കുറഞ്ഞ വിലയിൽ ലഭ്യമായ അഞ്ച് മികച്ച ഇലക്‌ട്രിക് ബൈക്കുകൾ: വിലയും സവിശേഷതകളും, വിശദമായി അറിയാം
- ഒബിഡി2ബി കംപ്ലയൻസും പുതിയ കളർ സ്‌കീമുമായി ഹോണ്ട ഷൈൻ 100ന്‍റെ പുതുക്കിയ മോഡലെത്തി: വിശദമായി അറിയാം...
- സൺറൂഫ് ഫീച്ചറുള്ള വില കുറഞ്ഞ എസ്‌യുവികൾ ആണോ വേണ്ടത്? മികച്ച അഞ്ച് ഓപ്‌ഷനുകൾ ഇതാ...
- വാങ്ങുന്നെങ്കിൽ പെട്ടന്നായിക്കോളൂ... പ്രമുഖ കമ്പനികളുടെ കാറുകൾക്ക് ഏപ്രിൽ മുതൽ വില കൂടും