ഹൈദരാബാദ്: ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ പോകോ തങ്ങളുടെ പുതിയ സ്‌മാർട്ട്‌ഫോൺ പോകോ എഫ് 7 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. തെരഞ്ഞെടുത്ത ആഗോള വിപണികളിലും പുറത്തിറക്കിയിട്ടുണ്ട്. മികച്ച ബാറ്ററി കപ്പാസിറ്റിയാണ് ഈ ഫോണിന്‍റെ പ്രധാന ഹൈലൈറ്റ്.
7,550 എംഎഎച്ചിന്‍റെ വലിയ ബാറ്ററിയുമായാണ് പുതിയ ഫോൺ വന്നിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററിയുള്ള ഫോണാണ് പോകോ എഫ് 7. സ്‌നാപ്ഡ്രാഗൺ 8എസ് ജെൻ 4 ചിപ്‌സെറ്റ്, 6,000എംഎം വേപ്പർ കൂളിങ് ചേമ്പർ, ഷവോമിയുടെ ഹൈപ്പർഒഎസ് 2.0 ഓപ്പറേറ്റിങ് സിസ്റ്റം, 50 എംപി സോണി IMX882 സെൻസർ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. പോകോ എഫ് 7ന്‍റെ ഇന്ത്യൻ വേരിയന്‍റിന്‍റെ കൂടുതൽ സ്‌പെസിഫിക്കേഷനുകളും വിലയും പരിശോധിക്കാം.
പോകോ എഫ് 7: വില, ലഭ്യത
രണ്ട് സ്റ്റോറേജ് ഓപ്‌ഷനിലാണ് പോകോ എഫ് 7 പുറത്തിറക്കിയത്. 12GB + 256GB സ്റ്റോറേജ് വേരിയന്‍റിന് 31,999 രൂപയും 12GB + 512GB സ്റ്റോറേജ് വേരിയന്‍റിന് 33,999 രൂപയുമാണ് വില. സൈബർ സിൽവർ എഡിഷൻ, ഫ്രോസ്റ്റ് വൈറ്റ്, ഫാന്‍റം ബ്ലാക്ക് എന്നീ നിറങ്ങളിലായിരിക്കും ഈ ഫോൺ ലഭ്യമാവുക. ജൂലൈ 1 മുതൽ ഫ്ലിപ്‌കാർട്ട് വഴി പോകോ എഫ് 7 വാങ്ങാനാവും.
റാം | സ്റ്റോറേജ് | വില (INR) |
---|---|---|
12GB | 256GB | ₹31,999 |
12GB | 512GB | ₹33,999 |

പോകോ എഫ് 7: സ്‌പെസിഫിക്കേഷനുകൾ
പുതുതായി പുറത്തിറക്കിയ പോകോ എഫ് 7ന്‍റെ പ്രധാന ഹൈലൈറ്റ് അതിന്‍റെ ബാറ്ററി തന്നെയാണ്. 7,550എംഎഎച്ച് ബാറ്ററിയാണ് ഇന്ത്യൻ വേരിയന്‍റിൽ നൽകിയിരിക്കുന്നത്. 7,300mAhന്‍റെ ബാറ്ററിയുള്ള iQOO Z10, വിവോ ടി4 എന്നീ ഫോണുകളിലായിരുന്നു മുൻപ് ഇന്ത്യയിൽ ഏറ്റവും കപ്പാസിറ്റിയുള്ള ബാറ്ററിയുണ്ടായിരുന്നത്. 7,300mAh മറികടന്നുകൊണ്ടാണ് 7,550 എംഎഎച്ചിന്‍റെ വലിയ ബാറ്ററിയുമായി പോകോ എത്തിയിരിക്കുന്നത്. അതിനാൽ തന്നെ ഏറ്റവും കൂടുതൽ കപ്പാസിറ്റിയുള്ള ബാറ്ററിയുമായെത്തുന്ന ഫോണെന്ന നിലയിൽ ഇന്ത്യയിൽ പോകോ എഫ്7ന് വലിയ പ്രാധാന്യമുണ്ടായിരിക്കും.
120Hz റിഫ്രഷ് റേറ്റും, 2560Hz വരെ തൽക്ഷണ ടച്ച് സാമ്പിൾ റേറ്റും, 3200 nits വരെ ബ്രൈറ്റ്നസും നൽകുന്ന 6.83 ഇഞ്ച് ഫുൾ-എച്ച്ഡി+ AMOLED ഡിസ്പ്ലേയാണ് പോകോ എഫ് 7ൽ നൽകിയിരിക്കുന്നത്. ഒപ്പം HDR10+ പിന്തുണയും കോർണിങ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണവും ലഭിക്കും. 12GB വരെ LPDDR5X റാമും 512GB വരെ UFS4.1 ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 8s Gen 4 SoC ചിപ്‌സെറ്റാണ് ഈ ഫോണിന് കരുത്തേകുന്നത്.
ആൻഡ്രോയിഡ് 15 അധിഷ്‌ഠിത ഹൈപ്പർഒഎസ് 2.0 ഉപയോഗിച്ചാണ് പോകോ എഫ്7 5ജി പ്രവർത്തിക്കുന്നത്. മൂന്ന് വർഷത്തെ പ്രധാന ഒഎസ് അപ്‌ഗ്രേഡുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുമെന്നാണ് കമ്പനി വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. ഗൂഗിൾ ജെമിനി, സർക്കിൾ ടു സെർച്ച് എന്നിവയുൾപ്പെടെ നിരവധി എഐ സവിശേഷതകളും ഫോണിലുണ്ട്. എഐ സവിശേഷതകൾ, എഐ നോട്ട്സ്, എഐ ഇന്‍റർപ്രെറ്റർ, എഐ ഇമേജ് എൻഹാൻസ്‌മെന്‍റ്, എഐ ഇമേജ് എക്‌സ്‌പാൻഷൻ തുടങ്ങിയവ അതിന് ഉദാഹരണമാണ്.
ക്യാമറ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ, 50 എംപി സോണി IMX882 പ്രൈമറി സെൻസർ, 8 എംപി അൾട്രാവൈഡ് ഷൂട്ടർ, 20 എംപി ഫ്രണ്ട് ക്യാമറ എന്നിവ നൽകിയിരിക്കുന്നതായി കാണാം. എഐ പിന്തുണയുള്ള ടെംപറേച്ചർ കൺട്രോളുള്ള 3D ഐസ്‌ലൂപ്പ് സിസ്റ്റവും 6,000എംഎം വേപ്പർ കൂളിങ് ചേമ്പറും ഈ ഫോണിലുണ്ട്. ദീർഘനേരം പ്രവർത്തിച്ചാലും ഫോൺ ചൂടാവാതെയിരിക്കാൻ ഇത് സഹായിക്കും.
ഗെയിമിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിന് വൈൽഡ്‌ബൂസ്റ്റ് ഒപ്റ്റിമൈസേഷൻ 3.0 പോകോ എഫ്7 പിന്തുണയ്‌ക്കും. കൂടാതെ ഈ ഫോണിന് ഡ്യുവൽ സ്റ്റീരിയോ സ്‌പീക്കർ സിസ്റ്റവും ലഭിക്കും. ബാറ്ററിയുടെ കാര്യത്തിലേക്ക് പോകുമ്പോൾ 90W വയർഡ് ഫാസ്റ്റ് ചാർജിങും 22.5W വയർഡ് റിവേഴ്‌സ് ചാർജിങും പിന്തുണയ്‌ക്കുന്ന 7,550എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നതെന്ന് കാണാം.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് സെൻസറാണ് പോകോ എഫ് 7ൽ നൽകിയിരിക്കുന്നത്. വെള്ളത്തിൽ നിന്നും ഫോണിനെ സംരക്ഷിക്കുന്നതിന് IP66+IP68+IP69 റേറ്റിങുകൾ ഫോണിലുണ്ട്. അലുമിനിയം മിഡിൽ ഫ്രെയിമും ഗ്ലാസ് ബാക്ക് പാനലും ഇതിലുണ്ട്. 5G, 4G, Wi-Fi 7, ബ്ലൂടൂത്ത് 6.0, GPS, NFC, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നീ കണക്‌റ്റിവിറ്റി ഓപ്‌ഷനുകളെയും പോകോ എഫ് 7 പിന്തുണയ്‌ക്കുന്നു.
Also Read:
- വിവോ പുതിയ സ്‌മാർട്ട്‌ഫോൺ പുറത്തിറക്കി: വില പതിനായിരത്തിൽ താഴെ; അറിയേണ്ടതെല്ലാം
- ആന്ധ്രാപ്രദേശിലെ ചെറിയ നഗരത്തിൽ നിന്നും ബഹിരാകാശത്തേക്ക്: യുഎസ് ദൗത്യത്തിൽ ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങി 23കാരി
- 50 എംപി പ്രൈമറി ക്യാമറ, 6000mAh ബാറ്ററി: നിറയെ ഫീച്ചറുകളുമായി ഓപ്പോയുടെ പുതിയ ഫോൺ
- ജൂലൈയിൽ പുറത്തിറക്കുന്നത് നാല് പ്രമുഖ കമ്പനികളുടെ സ്‌മാർട്ട്‌ഫോണുകൾ: വിശദമായി അറിയാം
- ഗിയർ മാറ്റി ബുദ്ധിമുട്ടേണ്ട!! 8 ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച അഞ്ച് ഓട്ടോമാറ്റിക് കാറുകൾ