ഹൈദരാബാദ്: ബ്രിട്ടീഷ് ബ്രാൻഡായ നത്തിങിന്‍റെ ആദ്യത്തെ ഫ്ലാഗ്‌ഷിപ്പ് സ്‌മാർട്ട്‌ഫോൺ ലോഞ്ചിനൊരുങ്ങുന്നു. നത്തിങ് ഫോൺ 3 എന്ന പേരിലായിരിക്കും ഈ ഫോൺ പുറത്തിറക്കുക. നത്തിങ് സഹസ്ഥാപകനും സിഇഒയുമായ കാൾ പേയാണ് പുതിയ ഫ്ലാഗ്‌ഷിപ്പ് ഫോൺ വരാനിരിക്കുന്നതായി പ്രഖ്യാപിച്ചത്.
നത്തിങിന്‍റെ 'ആദ്യത്തെ യഥാർത്ഥ ഫ്ലാഗ്‌ഷിപ്പ് സ്‌മാർട്ട്‌ഫോൺ' എന്നാണ് കാൾ പേ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ വേനൽക്കാലത്ത് തന്നെ നത്തിങ് ഫോൺ 3 വരുമെന്നാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. വൈകാതെ ഈ ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
പ്രീമിയം മെറ്റീരിയലുകളുമായി പ്രധാന പെർഫോമൻസ് അപ്‌ഗ്രേഡുകളോടെയും മികച്ച സോഫ്‌റ്റ്‌വെയറുമായും ആയിരിക്കും പുതിയ ഫോണെത്തുകയെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന നത്തിങ് ഫോൺ 3 യുടെ ഏകദേശ വിലയും അദ്ദേഹം പറയുന്നുണ്ട്. ഏകദേശം 800 പൗണ്ട് (അതായത് ഏകദേശം 90,000 രൂപയ്ക്ക്) നത്തിങ് ഫോൺ 3 പുറത്തിറങ്ങുമെന്നാണ് കാൾ പേ പറയുന്നത്.
പ്രീമിയം സെഗ്‌മെന്‍റിൽ ഇടംനേടും:
വരാനിരിക്കുന്ന ലോഞ്ചോടെ നത്തിങ് അതിന്‍റെ സ്‌മാർട്ട്‌ഫോൺ ലൈനപ്പിനെ തന്നെ പുനർനിർവചിക്കാൻ പോവുകയാണെന്നാണ് സിഇഒയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. നത്തിങിന്‍റെ എ-സീരീസ് അപ്പർ മിഡ്-റേഞ്ച് വിഭാഗത്തിലും, സിഎംഎഫ് ഫോണുകൾ ലോവർ മിഡ്-റേഞ്ച് വിഭാഗത്തിലും ആയതിനാൽ തന്നെ, നമ്പർ സീരീസ് ഫോണുകൾ ഫ്ലാഗ്ഷിപ്പ് സോണിൽ ആയിരിക്കും വരുക.
വരാനിരിക്കുന്ന നത്തിങ് ഫോൺ 3യുടെ സ്പെസിഫിക്കേഷനുകളൊന്നും തന്നെ സിഇഒ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പ്രീമിയം സെഗ്‌മെന്‍റിലായിരിക്കും ഇത് പുറത്തിറക്കുക എന്നതിന്‍റെ സൂചന നത്തിങ് സിഇഒ നൽകുന്നുണ്ട്. സാംസങ് ഗാലക്‌സ് എസ് 25 സീരീസ്, ഐഫോൺ 16 സീരീസ്, വൺപ്ലസ് 13 സീരീസ്, ഷവോമി 15 സീരീസ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഫോണുകൾക്ക് സമാനമായ സ്ഥാനമായിരിക്കും വരാനിരിക്കുന്ന ഫോണിനും. ഇത് വ്യക്തമാക്കുന്നതാണ് നത്തിങ് ഫോൺ 3യുടെ ഏകദേശ വില.
നത്തിങിന്‍റെ വളർച്ച:
ഇത്രയും ഉയർന്ന വിലയിൽ ഒരു ഫോൺ നത്തിങ് പുറത്തിറക്കുന്നതും ഇതാദ്യമായിരിക്കും. സ്‌മാർട്ട്‌ഫോൺ വിപണിയിൽ നത്തിങിന്‍റെ വളർച്ച പെട്ടന്നായിരുന്നു. 2022 ജൂലൈയിലാണ് കമ്പനി നത്തിങ് ഫോൺ (1) പുറത്തിറക്കിയത്. ഇതിന്‍റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഉള്ള അടിസ്ഥാന വേരിയന്‍റിന്‍റെ വില 32,999 രൂപയാണ്. പിന്നീട് 2023 ജൂലൈയിലാണ് ഇതേ സ്റ്റോറേജ് വേരിയന്‍റിൽ 44,999 രൂപയ്‌ക്ക് നത്തിങ് ഫോൺ (2) പുറത്തിറക്കിയത്.
2024 ജൂലൈയിൽ ഫോൺ (3) പുറത്തിറക്കാനായിരുന്നു കമ്പനിയുടെ പ്ലാൻ. എന്നാൽ പുതുതായി ലോഞ്ച് ചെയ്യുന്ന ഫോണിൽ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിലും, എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ തന്നെ ഫോണിന്‍റെ ലോഞ്ച് വൈകുകയായിരുന്നു.
കമ്പനി എ-സീരീസിലും സിഎംഎഫ് ബ്രാൻഡിലുമായി അടുത്തിടെ ഫോണുകൾ പുറത്തിറക്കിയിരുന്നു. സിഎംഎഫ് ഫോൺ 2 പ്രോ, നത്തിങ് ഫോൺ 3 എ സീരീസ് എന്നിവയാണ് നത്തിങ് ബ്രാൻഡിനുള്ളിൽ പുറത്തിറക്കിയത്. സിഎംഎഫ് ഫോൺ 2 പ്രോയുടെ പ്രാരംഭവില 18,999 രൂപയും, ഫോൺ 3 എ സീരീസിലെ ഫോൺ 3 എയുടെ പ്രാരംഭവില 24,999 രൂപയും, ഫോൺ 3 എ പ്രോയുടെ പ്രാരംഭവില 29,999 രൂപയുമാണ്.
Also Read:
- iQOO നിയോ സീരീസിൽ പുതിയ ഫോൺ: ലോഞ്ച് മെയ് 26ന്; ചോർന്ന വിലയും ഫീച്ചറുകളും
- മടക്കാം, നിവർത്താം: മോട്ടോറോളയുടെ പുതിയ ഫോൾഡബിൾ സ്‌മാർട്ട്‌ഫോൺ പുറത്തിറക്കി
- 200 എംപി ക്യാമറയുമായി സാംസങിന്‍റെ വണ്ണം കുറഞ്ഞ ഫോണെത്തി: ഗാലക്‌സി എസ് 25 എഡ്‌ജിനെ കുറിച്ചറിയാം
- വിവോ വി50 സീരീസിൽ മറ്റൊരു ഫോൺ കൂടെ: ലോഞ്ച് മെയ് 15ന്; ലഭ്യമായ വിവരങ്ങൾ
- മികച്ച ബാറ്ററി കപ്പാസിറ്റിയുള്ള വില കുറഞ്ഞ അഞ്ച് സ്‌മാർട്ട്‌ഫോണുകളും അവയുടെ ഫീച്ചറുകളും