ഹൈദരാബാദ്: 500 സിസി ക്രൂയിസർ ബൈക്കുമായി ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ട. ഹോണ്ട CMX500 റെബൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650, റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650, കവാസാക്കി എലിമിനേറ്റർ 500 എന്നീ മോഡലുകളുമായി ആയിരിക്കും ഹോണ്ടയുടെ പുതുപുത്തൻ ബൈക്ക് വിപണിയിൽ മത്സരിക്കുക.
ഹോണ്ട CMX500 റെബൽ: വില
5.12 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് കമ്പനി ഈ ക്രൂയിസർ ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. റോയൽ എൻഫീൽഡിന്‍റെ NX500 നെക്കാൾ വില കുറവാണ് ഹോണ്ടയുടെ പുതിയ ബൈക്കിന്. ഈ രണ്ട് ബൈക്കുകളും തമ്മിലുള്ള വില വ്യത്യാസം വിദേശവിപണിയേക്കാൾ കുറവാണ് ഇന്ത്യൻ വിപണിയിൽ. CMX500 റെബൽ 500 ഹോണ്ടയിൽ നിന്നുള്ള 500 സിസി ബോബർ മോട്ടോർസൈക്കിളാണ്. പൂർണമായും നിർമിച്ചതിന് ശേഷം ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരുന്നതിനാൽ തന്നെ റെബലിന്‍റെ വില കൂടുതലായിരിക്കും. ഹോണ്ട റെബൽ 500ന് റോയൽ എൻഫീൽഡ് NX500 നേക്കാൾ 78,000 രൂപയും കവാസാക്കി എലിമിനേറ്റർ 500 നേക്കാൾ 64,000 രൂപയും വില കുറവാണ്

ഹോണ്ട CMX500 റെബൽ: പവർട്രെയിൻ
45.3 ബിഎച്ച്‌പി പവറും 43.3 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 471 സിസി, ഇൻലൈൻ-2, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഹോണ്ട റെബൽ 500ൽ നൽകിയിരിക്കുന്നത്. 6-സ്‌പീഡ് ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോഡിയാക്കിയിരിക്കുന്നത്. ഹോണ്ട റെബൽ 500, കവാസാക്കി എലിമിനേറ്റർ 500, റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650, റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 എന്നിവയുമായാണ് ഈ ബൈക്ക് വിപണിയിൽ മത്സരിക്കുന്നത്.

ഹോണ്ട CMX500 റെബൽ: ഹാർഡ്‌വെയർ
ഹോണ്ട റെബൽ 500ന്‍റെ ഹാർഡ്‌വെയർ പരിശോധിക്കുമ്പോൾ 16 ഇഞ്ച് വലിപ്പമുള്ള ഫ്രണ്ട്, റിയർ വീലുകളാണ് നൽകിയിരിക്കുന്നത്. മുൻവശത്ത് 130-സെക്ഷൻ ടയറും പിന്നിൽ 150-സെക്ഷൻ യൂണിറ്റും ഉപയോഗിച്ചിട്ടുണ്ട്. മോട്ടോർസൈക്കിളിൽ സ്റ്റാൻഡേർഡായി ഡ്യുവൽ ചാനൽ എബിഎസും നെഗറ്റീവ് എൽസിഡി ഡിസ്‌പ്ലേയും നൽകിയിട്ടുണ്ട്. ട്യൂബുലാർ സ്റ്റീൽ ഫ്രെയിമും ഈ ബൈക്കിൽ ഉപയോഗിക്കുന്നുണ്ട്. അതിന്‍റെ സീറ്റ് ഉയരം 690 എംഎം ആണ്. 11.2 ലിറ്ററിന്‍റെ താരതമ്യേന ചെറിയ ഇന്ധന ടാങ്കാണ് ഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ ഭാരം 195 കിലോഗ്രാമിൽ താഴെയാണ്. കമ്പനിയുടെ തെരഞ്ഞെടുത്ത ഹോണ്ട ബിഗ്‌വിങ് ടോപ്പ് ലൈൻ ഡീലർമാർ വഴിയാണ് ഹോണ്ട റെബൽ 500 വിൽക്കുന്നത്. നിലവിൽ ഗുരുഗ്രാം, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ മാത്രമേ ഇത് ലഭ്യമാകൂ. ഹോണ്ട CMX500 റെബലിന്‍റെ ഡെലിവറി 2025 ജൂണിൽ ആരംഭിക്കുമെന്നാണ് സൂചന.

Also Read:
- 91,400 രൂപയ്‌ക്ക് സുസുക്കിയുടെ സ്‌കൂട്ടർ: യൂത്തൻമാരെ ആകർഷിക്കാൻ പുതിയ അവെനിസ്
- ആക്‌ടിവയെ വെല്ലാൻ ടിഎഫ്‌ടി ഡിസ്‌പ്ലേയുമായി പുതിയ സുസുക്കി ആക്‌സസ് 125: വിലയറിയാം....
- മികച്ച ബാറ്ററി കപ്പാസിറ്റിയും കൂടുതൽ റേഞ്ചുമായി ടിവിഎസിന്‍റെ ഇലക്‌ട്രിക് സ്‌കൂട്ടർ 'ഐക്യൂബ്': വിലയിലും കുറവ്
- 400 സിസി സെഗ്‌മെന്‍റിൽ ട്രയംഫിന്‍റെ പുതിയ ബൈക്ക്: മാസം 10,000 രൂപ ഇഎംഐ ഓപ്‌ഷനിൽ സ്ക്രാംബ്ലർ 400 XC സ്വന്തമാക്കാം
- പ്രമുഖ കമ്പനികളുടെ ഈ നാല് ഇലക്‌ട്രിക് കാറുകളിൽ മികച്ചതേത്? താരതമ്യം ചെയ്യാം....