ഹൈദരാബാദ്: കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ സ്‌മാർട്ട്‌ഫോൺ വിൽപ്പന അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. ഓരോ മാസത്തിലും പ്രമുഖ കമ്പനികൾ ആധുനിക ഫീച്ചറുകളുമായി എല്ലാ വില വിഭാഗത്തിലും പുതുപുത്തൻ സ്‌മാർട്ട്‌ഫോണുകൾ പുറത്തിറക്കി കൊണ്ടിരിക്കുകയാണ്. 2024ൽ രാജ്യത്തെ സ്‌മാർട്ട്‌ഫോൺ വിൽപ്പന 5 ശതമാനം വർധിച്ചതായാണ് ഇന്‍റർനാഷണൽ ഡാറ്റ കോർപ്പറേഷന്‍റെ (ഐഡിസി) റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷത്തിൽ ഏറ്റവും കൂടുതൽ ഫോണുകൾ വിറ്റഴിച്ചത് ചൈനീസ് സ്‌മാർട്ട്‌ഫോൺ കമ്പനിയായ വിവോ ആണ്. ഏറ്റവും കൂടുതൽ ഫോണുകൾ വിറ്റഴിച്ച ആദ്യത്തെ അഞ്ച് സ്‌മാർട്ട്‌ഫോൺ കമ്പനികൾ ഏതൊക്കെയെന്ന് നോക്കാം.
- വിവോ
- സാംസങ്
- ഷവോമി
- ഓപ്പോ
- റിയൽമി
വിവോ, സാംസങ്, ഷവോമി, ഓപ്പോ, റിയൽമി എന്നീ കമ്പനികളാണ് യഥാക്രമം ഏറ്റവും കൂടുതൽ ഫോണുകൾ വിറ്റ ടോപ്പ് 5 ബ്രാൻഡുകളുടെ പട്ടികയിലുള്ളത്. 12 കോടി 80 ലക്ഷം സ്‌മാർട്ട്‌ഫോണുകളാണ് യൂണിറ്റുകളാണ് കഴിഞ്ഞ വർഷം മാത്രം വിറ്റഴിച്ചത്. വിവോയുടെ സ്‌മാർട്ട്‌ഫോൺ വിൽപ്പനയിൽ 14.2 ശതമാനമാണ് വർധനവ് ഉണ്ടായിരിക്കുന്നത്. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് 7 ശതമാനം നഷ്‌ട്ടത്തിലായിക്കൊണ്ടാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്.
ഒന്നാമനായി വിവോ: കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സ്‌മാർട്ട്‌ഫോണുകൾ വിറ്റഴിച്ചുകൊണ്ട് വിവോയാണ് ഒന്നാമതായിരിക്കുന്നത്. 30,000 രൂപ റേഞ്ചിലുള്ള ഫോണുകളാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത്. ഈ ശ്രേണിയിലെ ഉപയോക്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കുകയും കൂടാതെ 5G കണക്റ്റിവിറ്റി, ബാറ്ററി ലൈഫ്, ക്യാമറ ഗുണനിലവാരം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതുമാകാം വിവോയെ ഒന്നാമനാക്കിയത്. കൂടാതെ, ഓഫ്‌ലൈൻ സ്റ്റോറുകളിലും ഫ്ലിപ്‌കാർട്ട്, ആമസോൺ പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ആകർഷകമായ ഡിസ്‌കൗണ്ടുകളും വിവോ വാഗ്‌ദാനം ചെയ്‌തിരുന്നു. ഇത് വിൽപ്പന വർധിക്കുന്നതിന് സഹായിച്ചിട്ടുണ്ടാകാം.
വിവോയുടെ ഏതൊക്കെ മോഡലുകളാണ് ഏറ്റവും കൂടുതൽ വിറ്റഴിച്ചത്?
- വിവോ ടി3 5ജി: വിവോയുടെ ഈ ഫോണിന്‍റെ വില 19,999 മുതലാണ് ആരംഭിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രൊസസർ, 50 എംപി ട്രിപ്പിൾ ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, 45 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
- വിവോ വി30ഇ 5ജി: 27,999 രൂപ മുതൽ 30,999 രൂപ വരെയാണ് ഈ ഫോണിന്‍റെ വില. സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 പ്രൊസസർ, 50 എംപി സെൽഫി ക്യാമറ, 5500 എംഎഎച്ച് ബാറ്ററി, 3D കർവ്ഡ് ഡിസ്പ്ലേ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
- വിവോ വി29ഇ 5ജി: 25,999 രൂപ മുതൽ 28,999 രൂപ വരെയാണ് ഈ ഫോണിന്‍റെ വില. 64 എംപി OIS ക്യാമറ, സ്‌നാപ്ഡ്രാഗൺ 695 പ്രൊസസർ, AMOLED ഡിസ്പ്ലേ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
- വിവോ വൈ200 5ജി: 21,999 രൂപ മുതൽ 24,999 രൂപ വരെയാണ് ഈ ഫോണിന്‍റെ വില. 64 ക്യാമറ, എംപി സ്‌നാപ്ഡ്രാഗൺ 4 Gen 1 പ്രൊസസർ, 44W ചാർജിങ് പിന്തുണ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
ആധിപത്യം പുലർത്തുന്നത് ചൈനീസ് കമ്പനികളോ?
സാംസങിന് ശേഷം ഈ പട്ടികയിൽ മൂന്നാമത് ഉള്ളത് ഷവോമിയാണ്. 2024ൽ ഷവോമിയുടെ സ്‌മാർട്ട്‌ഫോൺ വിൽപ്പനയിൽ 2.7 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. നാലാം സ്ഥാനത്തുള്ള ഓപ്പോയുടെ വിൽപ്പന 13.4 ശതമാനവും വർധിച്ചിട്ടുണ്ട്. അതേസമയം അഞ്ചാം സ്ഥാനത്തുള്ള റിയൽമിയുടെ വിൽപ്പന 10.9 ശതമാനം കുറഞ്ഞിരിക്കുകയാണ്. ഏറ്റവും കൂടുതൽ ഫോണുകൾ വിറ്റ ആദ്യത്തെ അഞ്ച് കമ്പനികളുടെ ലിസ്റ്റിൽ 4 എണ്ണവും ചൈനീസ് കമ്പനികളാണെന്നതാണ് ശ്രദ്ധേയം.
ഏറ്റവും കൂടുതൽ ഫോണുകൾ വിറ്റത് എവിടെ?
ആദ്യത്തെ ഈ 5 കമ്പനികളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഫോണുകളിൽ പകുതിയും 10,000 മുതൽ 30,000 രൂപ വരെ വിലയുള്ളവയാണ്. 20% സ്‌മാർട്ട്‌ഫോണുകളും 50,000 രൂപയിൽ കൂടുതൽ വിലയുള്ളവയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോണുകൾ വിറ്റഴിച്ചത് ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണ്.
Also Read:
- പുതിയ ഫോൺ വാങ്ങല്ലേ... പ്രമുഖ കമ്പനികളുടെ ഫോണുകൾ വരുന്നു; ഏപ്രിലിൽ പുറത്തിറക്കുന്ന സ്‌മാർട്ട്‌ഫോണുകൾ
- 50 എംപി സെൽഫി ക്യാമറയും, ക്വാഡ് കർവ്‌ഡ് ഡിസ്‌പ്ലേയും: വിവോ വി50ഇ ഉടൻ പുറത്തിറക്കും; ലോഞ്ച് ഏപ്രിൽ 10ന്
- 5500 എംഎഎച്ച് ബാറ്ററി, 50 എംപി ക്യാമറ: മോട്ടോറോള എഡ്‌ജ് 60 ഫ്യൂഷൻ പുറത്തിറക്കി; വിശദമായി അറിയാം
- ഇൻഫിനിക്‌സ് നോട്ട് 50 എക്‌സ് vs പോകോ എം7: പതിനയ്യായിരത്തിന് താഴെ വിലയുള്ള ഈ 5ജി ഫോണുകളിൽ മികച്ചതേത്?
- വില 7,000 രൂപയിൽ താഴെ: പോകോയുടെ പുതിയ ഫോണെത്തി; പ്രത്യേകതകൾ ഇങ്ങനെ