ഹൈദരാബാദ്: പൊതുസ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോഴും, ഇഷ്‌ട്ടമുള്ള സംഗീതം ആസ്വദിക്കുന്നതിനും ആവശ്യമുള്ള ഒരു ഉപകരണമാണ് ഇയർബഡുകളും ഹെഡ്‌ഫോണുകളും. ഇവ ഇല്ലാത്തവരായി ഇന്ന് ആരും ഉണ്ടാകില്ല. സാധാരണ ഹെഡ്‌ഫോണുകൾ ഉപയോഗിച്ച് കോൾ ചെയ്യുമ്പോഴും മറ്റും, ആവശ്യമുള്ള ശബ്‌ദത്തിനൊപ്പം ചുറ്റുമുള്ള ശബ്‌ദവും നിങ്ങൾക്ക് കേൾക്കേണ്ടിവരും. ഈ സന്ദർഭത്തിലാണ് നോയ്‌സ് ക്യാൻസലേഷൻ ഫീച്ചറുള്ള ഹെഡ്‌ഫോണുകൾ പ്രയോജനപ്പെടുന്നത്.
ഇക്കാലത്ത് വിപണിയിൽ നിരവധി ബ്രാൻഡുകളുടെ നോയ്‌സ് ക്യാൻസലേഷൻ ഫീച്ചറുള്ള ഹെഡ്‌ഫോണുകളും ഇയർബഡുകളും വിൽക്കുന്നുണ്ട്. എന്നാൽ ഒരു ബട്ടൺ അമർത്തുമ്പോഴേക്കും ഹെഡ്‌ഫോണുകളിൽ നോയ്‌സ് ക്യാൻസലേഷൻ എങ്ങനെ പ്രവർത്തിക്കുന്നുവെന്നറിയാമോ? മറ്റ് ശബ്‌ദങ്ങൾ എവിടെ പോകുന്നുവെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? നോയ്‌സ് ക്യാൻസലേഷൻ ഫീച്ചർ എന്താണെന്നും ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും നമുക്ക് പരിശോധിക്കാം...

എന്താണ് നോയ്‌സ് ക്യാൻസലേഷൻ ഫീച്ചർ?
ഒരു ഹെഡ്‌ഫോണിലോ ഇയർബഡിലോ എന്തെങ്കിലും കേൾക്കുമ്പോൾ അനാവശ്യമായി വരുന്ന ശബ്‌ദം കുറയ്‌ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന പ്രക്രിയയാണ് നോയ്‌സ് ക്യാൻസലേഷൻ. ദീർഘയാത്രകളിലും, പൊതുസ്ഥലങ്ങളിലും നോയ്‌സ് ക്യാൻസലേഷൻ ഉള്ള ഹെഡ്‌സെറ്റിന്‍റെ ആവശ്യകതയുണ്ട്. ഇത് മറ്റ് ആളുകളുടെ ശബ്‌ദങ്ങൾ, വാഹനങ്ങളുടെ ശബ്‌ദങ്ങൾ, കാറ്റിന്‍റെ ശബ്‌ദം എന്നീ തടസങ്ങളില്ലാതെ ഉപയോക്താവിന് മികച്ച കേൾവി അനുഭവം വാഗ്‌ദാനം ചെയ്യുന്നു.
നോയ്‌സ് ക്യാൻസലേഷൻ എങ്ങനെ പ്രവർത്തിക്കുന്നു?
വായുവിൽ ചലിക്കുന്ന ഒരു തരംഗമാണല്ലോ ശബ്‌ദം. ഈ ചലിക്കുന്ന കണികകൾ കാരണം വായുവിന്‍റെ മർദ്ദത്തിൽ ചെറിയ മാറ്റങ്ങൾ വരാം. വായുമർദ്ദത്തിലെ ഈ മാറ്റങ്ങളുടെ അളവിനെ നമുക്ക് ആംപ്ലിറ്റ്യൂഡ് എന്ന് വിളിക്കാം. നമ്മുടെ ചെവികളും തലച്ചോറും മർദ്ദത്തിലെ ഈ മാറ്റത്തെ ശബ്‌ദമായി തിരിച്ചറിയുന്നു. ശബ്‌ദം ഉച്ചത്തിലാകുംതോറും ആംപ്ലിറ്റ്യൂഡ് വർധിക്കും. വായുവിന്‍റെ മർദ്ദത്തിൽ വരുന്ന മാറ്റങ്ങൾ വേഗത്തിലാകുംതോറും പിച്ച് കൂടും.

ഈ സമയം വരുന്ന അനാവശ്യ ശബ്‌ദങ്ങളെ ഹെഡ്‌ഫോണുകളും മറ്റ് ഓഡിയോ ഉപകരണങ്ങളും 'ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ' (ANC) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് തടയുകയോ കുറയ്ക്കുകയോ ചെയ്യുന്നു. ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ പിന്തുണയുള്ള ഓഡിയോ ഉപകരണങ്ങളിലെ ബിൽറ്റ്-ഇൻ മൈക്രോഫോൺ ചുറ്റുമുള്ള ആംബിയന്‍റ് ശബ്‌ദതരംഗങ്ങളെ വിശകലനം ചെയ്യുകയും അനാവശ്യ ശബ്‌ദങ്ങൾ കുറയ്‌ക്കുന്നതിന് കോൺട്രാസ്റ്റിങ് ശബ്‌ദ തരംഗങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്നു. ചുറ്റുമുള്ള നോയ്‌സിനെ നിർവീര്യമാക്കുന്നതിന് വിപരീത റിവേഴ്‌സ് ശബ്‌ദ തരംഗങ്ങളാണ് സൃഷ്‌ടിക്കുക.
പലതരത്തിൽ നോയ്‌സ് ക്യാൻസലേഷൻ ചെയ്യാൻ കഴിയും. സാധാരണമായി ചെയ്യുന്നത് അതേ ഫ്രീക്വൻസി ശ്രേണിയിൽ മറ്റൊരു ശബ്‌ദം കൂടെ ചേർക്കുക എന്നതാണ്. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ നിങ്ങൾ ഹെഡ്‌ഫോണിൽ സംഗീതം ആസ്വദിക്കുന്നതിനിടയിൽ സമീപത്ത് നിന്നും ട്രാഫിക്കിന്‍റെ ശബ്‌ദം ഉണ്ടായെന്ന് കരുതുക. ഈ സമയം നിങ്ങളുടെ ഇയർഫോണുകളിലെ മൈക്രോഫോൺ ആ ശബ്‌ദങ്ങൾ പിടിച്ചെടുക്കുകയും ബാക്ക്‌ഗ്രൗണ്ട് ശബ്‌ദം ഫിൽട്ടർ ചെയ്യുകയും ചെയ്യും. ഈ സമയത്ത് ഉപകരണത്തിനുള്ളിലെ സ്‌പീക്കർ ശബ്‌ദ തരംഗങ്ങൾ സൃഷ്‌ടിക്കുകയും ചുറ്റുമുള്ള ശബ്‌ദ തരംഗങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. അപ്പോൾ നിങ്ങൾക്ക് കേൾക്കേണ്ട ശബ്‌ദം മാത്രമേ ഹെഡ്‌ഫോണിലൂടെ നിങ്ങളുടെ ചെവിയിലെത്തൂ.

Also Read:
- ചന്ദ്രൻ സൂര്യനെ മറയ്‌ക്കും: ഭാഗിക സൂര്യഗ്രഹണം മാർച്ച് 29ന്; ഇന്ത്യക്കാർക്ക് കാണാനാകുമോ? എടുക്കേണ്ട മുൻകരുതലുകൾ
- ഇനി കാറും ഓട്ടോയും ഒന്നും വേണ്ട, ഗതാഗതകുരുക്കിനും വിട...! പറക്കും ടാക്‌സി നിരത്തിലറങ്ങി, അറിയാം പ്രത്യേകതകള്‍!
- ഭൂമിയിലേക്ക് തിരികെയെത്തിയെങ്കിലും സുനിത വില്യംസിന് വീട്ടിലേക്ക് മടങ്ങാനാവില്ല, ഒന്നരമാസം കാത്തിരിക്കണം: കാരണം ഇതാ...
- മോട്ടോറോള എഡ്‌ജ് 60 ഫ്യൂഷൻ വരുന്നു; ലോഞ്ച് ഏപ്രിലിലെന്ന് സൂചന; എന്തൊക്കെ പ്രതീക്ഷിക്കാം?
- കുറഞ്ഞ ബജറ്റിൽ മികച്ച പെർഫോമൻസുള്ള ലാപ്‌ടോപ്പാണോ തെരയുന്നത്? പുത്തൻ ലാപ്‌ടോപ്പുമായി ഏസർ