ഹൈദരാബാദ്: പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ തങ്ങളുടെ രണ്ട് ബൈക്കുകൾ വിപണിയിൽ നിന്നും പിൻവലിച്ചു. കമ്പനിയുടെ ഏറ്റവും താങ്ങാനാവുന്ന വിലയിലുണ്ടായിരുന്ന ബിഎംഡബ്ല്യു 310 സീരീസിലെ രണ്ട് മോഡലുകളായ ബിഎംഡബ്ല്യു ജി 310 ജിഎസ്, ബിഎംഡബ്ല്യു ജി 310 ആർ എന്നിവയാണ് നിർത്തലാക്കിയത്. ഏഴ് വർഷത്തെ വിൽപ്പനയ്ക്ക് ശേഷമാണ് നിർത്താൻ കമ്പനി തീരുമാനിക്കുന്നത്. എന്നാൽ കമ്പനി ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ, രണ്ട് മോട്ടോർസൈക്കിളുകളുടെയും ജനപ്രീതി കുറയുന്നത് ഉൾപ്പെടെയുള്ള കാരണങ്ങളാകാം വിൽപ്പന നിർത്തലാക്കുന്നതിലേക്ക് നയിച്ചത്. ബിഎംഡബ്ല്യു 310 മോഡൽ നിർത്തലാക്കിയത് ഒരുപക്ഷേ പുതിയ പ്ലാറ്റ്‌ഫോമിന് വഴിയൊരുക്കാനാകുമെന്നും പ്രതീക്ഷിക്കാം. ബിഎംഡബ്ല്യുവിന്‍റെ താങ്ങാവുന്ന വിലയിലുള്ള രണ്ട് മോട്ടോർസൈക്കിളുകളാണ് നിർത്തലാക്കുന്നത്. 2018ലായിരുന്നു രണ്ട് മോട്ടോർസൈക്കിളുകളും പുറത്തിറക്കിയത്.

വലിപ്പത്തിന്‍റെ കാര്യത്തിൽ ബിഎംഡബ്ല്യു വാഗ്‌ദാനം ചെയ്യുന്ന ഏറ്റവും ചെറിയ മോട്ടോർസൈക്കിളുകളാണ് ഇവ രണ്ടും. പിന്നീട് ടിവിഎസ് മോട്ടോർസും ബിഎംഡബ്ല്യു മോട്ടോറാഡും ചേർന്ന് ടിവിഎസ് അപ്പാച്ചെ ആർആർ 310ഉം പുറത്തിറക്കിയിരുന്നു. ബിഎംഡബ്ല്യു ജി 310 ജിഎസ്, ബിഎംഡബ്ല്യു ജി 310 ആർ മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ തന്നെ നിർമ്മിച്ചതാണ്. ബെംഗളൂരുവിനടുത്തുള്ള ടിവിഎസ് മോട്ടോർ കമ്പനിയുടെ ഹൊസൂർ പ്ലാൻ്റിലാണ് ഇവ നിർമിച്ചത്. മാത്രമല്ല, ഈ ബൈക്കുകൾ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്‌തിട്ടുമുണ്ട്. 2018ൽ ബിഎംഡബ്ല്യു ഈ ബൈക്കുകളുടെ 1,640 യൂണിറ്റുകളാണ് രാജ്യത്ത് വിറ്റഴിച്ചത്.

ബിഎംഡബ്ല്യു ജി 310 ജിഎസ്, ബിഎംഡബ്ല്യു ജി 310 ആർ: പവർട്രെയിൻ
9,500 ആർപിഎമ്മിൽ 34 ബിഎച്ച്പി പവറും 7,500 ആർപിഎമ്മിൽ 28 എൻഎം പരമാവധി ടോർക്കും നൽകുന്ന 313സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് രണ്ട് മോഡലുകളിലും നൽകിയിരിക്കുന്നത്. 6-സ്‌പീഡ് ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോഡിയാക്കിയിരിക്കുന്നത്. ബിഎംഡബ്ല്യു ജി 310 ആറിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 145 കിലോമീറ്ററാണ്. അതേസമയം ജിഎസ് പതിപ്പിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 143 കിലോമീറ്ററാണ്.

Also Read:
- ലോകത്തിന്‍റെ പല കോണിലായി 60 ലക്ഷത്തിലേറെ ടിവിഎസ് അപ്പാച്ചെ ഉടമകൾ: ഇത് ഇരുപത് വർഷത്തെ നേട്ടം
- 2025 മാർച്ചിൽ ഏറ്റവുമധികം വിറ്റ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഏത്? വിശദമായി അറിയാം...
- കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിച്ചത് ഈ കമ്പനിയുടെ ഫോൺ!! കൂടുതൽ പേർ വാങ്ങിയ മോഡലുകൾ ഇവയെല്ലാം...
- ക്ലാസിക് ഡിസൈനും ആധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്നു: വണ്ടിഭ്രാന്തന്മാർക്കായി റോയൽ എൻഫീൽഡിന്‍റെ ക്ലാസിക് 650
- കുറഞ്ഞ വിലയിൽ ലഭ്യമായ അഞ്ച് മികച്ച ഇലക്‌ട്രിക് ബൈക്കുകൾ: വിലയും സവിശേഷതകളും, വിശദമായി അറിയാം