ഹൈദരാബാദ്: ഇരുചക്ര വാഹന നിർമാതാക്കളായ ബജാജ് ഓട്ടോ ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ബജാജിന്‍റെ ഇലക്‌ട്രിക് സ്‌കൂട്ടറായ ചേതക്കിന്‍റെ വില കുറഞ്ഞ പതിപ്പ് കമ്പനി വികസിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സാധാരണക്കാർക്ക് താങ്ങാവുന്ന രീതിയിൽ നിലവിലെ ബജാജ് ചേതക് വേരിയൻ്റിനേക്കാൾ കുറഞ്ഞ വിലയിലായിരിക്കും പുതിയ മോഡൽ പുറത്തിറക്കുകയെന്നാണ് സൂചന. ഈ മോഡൽ ഇന്ത്യയിൽ ടെസ്റ്റിങ് നടത്താൻ ആരംഭിച്ചതായും പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കൂടുതലറിയാം...
ഒലയുടെ ഇലക്‌ട്രിക് സ്‌കൂട്ടറായ എസ് 1 സീരീസ് ഇന്ത്യൻ വിപണിയിൽ ആധിപത്യം പുലർത്തുന്നെങ്കിലും, ഒലയ്‌ക്ക് എതിരാളിയായി ബജാജ് കടുത്ത മത്സരം നടത്തുകയും മികച്ച വിൽപ്പന കാഴ്‌ച വെക്കുകയും ചെയ്‌തിരുന്നു. ബജറ്റ് ഫ്രണ്ട്ലി ചേതക് വരുന്നതോടെ കമ്പനിയുടെ വിൽപ്പന ഇനിയും വർധിക്കും. ഈ വില കുറഞ്ഞ പതിപ്പ് വരാനിരിക്കുന്ന ഉത്സവ സീസണിൽ ലോഞ്ച് ചെയ്‌തേക്കാം.

പ്രതീക്ഷിക്കാവുന്ന വില: മികച്ച ഡിസൈനും സവിശേഷതകളും കാരണം ഇന്ത്യക്കാരുടെ ജനപ്രിയ ഇലക്‌ട്രിക് സ്‌കൂട്ടറാണ് ബജാജിന്‍റെ ചേതക്. വരാനിരിക്കുന്ന പുതിയ മോഡലിൽ വില കുറയുന്നതിനൊപ്പം തന്നെ ഫീച്ചറുകളും കുറയാൻ സാധ്യതയുണ്ട്. ഇതിന് 80,000 രൂപയോ അതിലും കുറവോ ആയിരിക്കും വിലയെന്നും സൂചനയുണ്ട്. ഡിസൈൻ നിലവിലുള്ള മോഡലിന് സമാനമായിരിക്കുമെങ്കിലും റേഞ്ച്, പവർ, ഫീച്ചറുകൾ തുടങ്ങിയവയിൽ മാറ്റമുണ്ടാവാനാണ് സാധ്യത.
ഈ വരാനിരിക്കുന്ന സ്‌കൂട്ടറിന്‍റെ ബേസിക് വേരിയന്‍റ് പരീക്ഷണ വേളയിൽ നിരവധി തവണ ഇന്ത്യൻ റോഡുകളിൽ കാണപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. 12 ഇഞ്ച് അലോയ് വീലുകൾ, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, ഡ്രം ബ്രേക്കുകൾ എന്നിവ പുതിയ മോഡലിൽ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരമാവധി വേഗത മണിക്കൂറിൽ 50 കിലോമീറ്ററിനോ 60 കിലോമീറ്ററിനോ താഴെയാവാനും സാധ്യതയുണ്ട്.
ബജാജ് ചേതക്: വില, സ്‌പെസിഫിക്കേഷനുകൾ
നിലവിൽ, ബജാജ് ചേതക്കിന്‍റെ മൂന്ന് വേരിയന്‍റുകൾ ലഭ്യമാണ്. ചേതക് 3501, ചേതക് 3502, ചേതക് ബ്ലൂ 2903 എന്നിവയാണ് മൂന്ന് വേരിയന്‍റുകൾ. ചേതക് 350ന് 1.38 ലക്ഷം രൂപയാണ് വില. ചേതക് 3502ന് 1.30 ലക്ഷം രൂപയാണ് വില. ചേതക് ബ്ലൂ 2903ന് 1.04 ലക്ഷം രൂപയാണ് വില.
ബജാജ് ചേതക് 35 സീരീസിൽ 3.5 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഒറ്റത്തവണ ചാർജ് ചെയ്‌താൽ 150 കിലോമീറ്ററിലധികം സഞ്ചരിക്കാൻ കഴിയും. അതേസമയം ചേതക് 29 സീരീസിന് 2.9 കിലോവാട്ട് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഇത് ഫുൾ ചാർജിൽ 123 കിലോമീറ്റർ റേഞ്ച് നൽകും.

ഫീച്ചറുകൾ: ചേതകിന്‍റെ നിലവിലുള്ള മോഡലുകളിൽ നാവിഗേഷൻ, മ്യൂസിക് കൺട്രോൾ തുടങ്ങിയ നൂതന സവിശേഷതകൾക്കായി ഒരു ഓപ്ഷണൽ ടെക്-പാക്ക് നൽകിയിട്ടുണ്ട്. എന്നാൽ വരാനിരിക്കുന്ന ബജറ്റ് ഫ്രണ്ട്ലി മോഡലിൽ ഈ ഫീച്ചർ ഉണ്ടായിരിക്കില്ല. എന്നാൽ ആവശ്യമായ ഫീച്ചറുകളിൽ വിട്ടുവീഴ്‌ച വരുത്താതെ താങ്ങാനാവുന്ന വിലയിൽ ഇടത്തരം ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുകയാണ് പുതിയ മോഡലിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം ബജറ്റ് ഫ്രണ്ട്ലി മോഡലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. ഇതിന്‍റെ റേഞ്ച്, വില, ബാറ്ററി ഉൾപ്പെടെയുള്ള വിവരങ്ങം ലോഞ്ച് സമയത്ത് കമ്പനി വെളിപ്പെടുത്തും. കുറഞ്ഞ വിലയിലെത്തുന്ന ഈ മോഡൽ കുറഞ്ഞ കാലം കൊണ്ട് ജനങ്ങളുടെ മനസ് കീഴടക്കുമെന്നതിൽ സംശയമില്ല.
Also Read:
- സിമ്പിൾ വൺ എസ് ഇലക്‌ട്രിക് സ്‌കൂട്ടർ പുറത്തിറക്കി: വിശദമായി അറിയാം...
- ഡിസൈനിൽ മാറ്റങ്ങളുമായി ടാറ്റ ടിയാഗോ എൻആർജിയുടെ പുതുക്കിയ പതിപ്പെത്തി: വില അറിയാം...
- ക്രൂയിസ് കൺട്രോൾ, പുതിയ കളർ സ്‌കീം: മാറ്റങ്ങളുമായി ഡ്യൂക്ക് 390 വരുന്നു മക്കളേ....
- സൺറൂഫ് ഫീച്ചറുള്ള വില കുറഞ്ഞ എസ്‌യുവികൾ ആണോ വേണ്ടത്? മികച്ച അഞ്ച് ഓപ്‌ഷനുകൾ ഇതാ...