ഹൈദരാബാദ്: ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട തങ്ങളുടെ ജനപ്രിയ മോഡലായ അർബൻ ക്രൂയിസർ ഹൈറൈഡറിന്‍റെ പുതിയ പതിപ്പ് പുറത്തിറക്കി. പുതിയ ഫീച്ചറുകൾ ചേർത്തതിനൊപ്പം പുതുക്കിയ പതിപ്പിന്‍റെ വിലയിലും മാറ്റം വരുത്തിയിട്ടുണ്ട്. 11.34 ലക്ഷം രൂപയാണ് പുതുക്കിയ എസ്‌യുവിയുടെ പ്രാരംഭവില(എക്‌സ്-ഷോറൂം). മുൻമോഡലിന് 11.14 ലക്ഷം രൂപയായിരുന്നു വില. ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ് തുടങ്ങിയ മോഡലുകളുമായി ആകും ഈ കാർ വിപണിയിൽ മത്സരിക്കുക. അർബൻ ക്രൂയിസർ ഹൈറൈഡറിന്‍റെ പുതുക്കിയ പതിപ്പിന്‍റെ വിലയും ഫീച്ചറുകളും പരിശോധിക്കാം.
പുതുക്കിയ ഹൈറൈഡറിലെ മാറ്റങ്ങൾ എന്തെല്ലാം?
നിരവധി അപ്‌ഗ്രേഡുകളുമായാണ് അർബൻ ക്രൂയിസർ ഹൈറൈഡറിന്‍റെ ഏറ്റവും പുതിയ പതിപ്പ് വന്നിരിക്കുന്നത്. 8 രീതികളിൽ ക്രമീകരിക്കാവുന്ന പവർ ഡ്രൈവർ സീറ്റ്, മുൻ സീറ്റുകൾക്കുള്ള വെന്‍റിലേഷൻ, എൽഇഡി സ്‌പോട്ട്, റീഡിങ് ലാമ്പുകൾ, ആംബിയന്‍റ് ലൈറ്റിങ്, സൺഷേഡുകൾ, ടൈപ്പ്-സി യുഎസ്ബി ഫാസ്റ്റ്-ചാർജിങ് പോർട്ടുകൾ എന്നിവ പുതുക്കിയ പതിപ്പിൽ ലഭിക്കുന്ന ഫീച്ചറുകളാണ്. കൂടാതെ ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (TPMS) അപ്‌ഡേറ്റ് ചെയ്‌ത മോഡലിന്‍റെ കൂടുതൽ വേരിയന്‍റുകളിൽ ലഭിക്കും. കൂടാതെ ചില വേരിയന്‍റുകളിൽ എയർ ക്വാളിറ്റി ഡിസ്‌പ്ലേ സജ്ജീകരിച്ചിട്ടുണ്ട്.
ഡ്യുവൽ-ടോൺ പെയിന്റ് സ്‌കീമും അപ്‌ഡേറ്റ് ചെയ്‌ത സ്‌പീഡോമീറ്ററുമാണ് പുതുക്കിയ മോഡലിലെ മറ്റൊരു മാറ്റം. പുതിയ കാറിൽ സുരക്ഷയ്‌ക്കായി പ്രാധാന്യം നൽകുന്ന ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളായി ആറ് എയർബാഗുകളാണ് നൽകിയിരിക്കുന്നത്. കൂടാതെ ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനൊപ്പം ചില വേരിയന്‍റുകളിൽ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്കും ചേർത്തിട്ടുണ്ട്.

2025 ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ: എഞ്ചിൻ
പുതിയ അർബൻ ക്രൂയിസർ ഹൈറൈഡറിൽ ചെറിയ മെക്കാനിക്കൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഈ എസ്‌യുവിയിൽ നൽകിയിരിക്കുന്നത്. ഇത് സിഎൻജി പവർട്രെയിനിലും ഹൈബ്രിഡ് സാങ്കേതികവിദ്യയിലും ലഭ്യമാകും. പെട്രോൾ, സിഎൻജി മോഡലുകളിൽ അഞ്ച് സ്‌പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്‌പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ ഓപ്ഷനുകൾ ഉണ്ട്. ഹൈബ്രിഡ് വേരിയന്‍റിലെ എഞ്ചിൻ ഒരു ഇ-ഡ്രൈവ് ട്രാൻസ്‌മിഷൻ യൂണിറ്റുമായാണ് ജോഡിയാക്കിയിരിക്കുന്നത്. ഇത് 91 ബിഎച്ച്പി പവറും 141 എൻഎം പീക്ക് ടോർക്കും ഉത്‌പാദിപ്പിക്കുന്നു. ഹൈറൈഡറിന്‍റെ എഞ്ചിൻ സ്പെസിഫിക്കേഷനുകളിലെ പ്രധാനമാറ്റം എഡബ്ല്യുഡി വേരിയന്‍റിൽ 5 സ്‌പീഡ് മാനുവൽ ഗിയർബോക്‌സിന് പകരം 6 സ്‌പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ (6AT) ഉൾപ്പെടുത്തിയിരിക്കുന്നുവെന്നതാണ്.
Also Read:
- 6 എയർബാഗുകൾ, പുതിയ വേരിയന്‍റുകൾ: നിറയെ മാറ്റങ്ങളുമായി പുതിയ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
- പുതിയ വേരിയന്‍റുമായി ഹ്യുണ്ടായ് എക്‌സ്റ്റർ Hy-CNG ഡുവോ: ഫീച്ചറുകളും വിലയും അറിയാം...
- 2025 മാർച്ചിൽ ഏറ്റവുമധികം വിറ്റ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഏത്? വിശദമായി അറിയാം...
- ക്ലാസിക് 650 vs സൂപ്പർ മെറ്റിയർ 650: റോയൽ എൻഫീൽഡിന്‍റെ 650 സിസി ബൈക്കുകളിൽ മികച്ചതേത്?
- ഹോണ്ട സിബി350 സീരീസിന്‍റെ പുതുക്കിയ പതിപ്പെത്തി: അറിയാം പുതിയ കളർ ഓപ്‌ഷനുകളും വിലയും