ഹൈദരാബാദ്: ഇന്ത്യൻ ഉപയോക്താക്കൾക്ക് വിശ്വാസം നേടിയെടുത്ത കമ്പനിയാണ് ജനപ്രിയ കാർനിർമാതാക്കളായ മാരുതി സുസുക്കി. കമ്പനിയുടെ ജനപ്രിയ മോഡലായ ഗ്രാൻഡ് വിറ്റാരയുടെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ. പുതിയ വേരിയന്‍റുകൾക്കൊപ്പം അധിക സുരക്ഷാ സവിശേഷതകൾ കൂടെ ചേർത്താണ് ഈ എസ്‌യുവി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ AWD മോഡലിന് ഇപ്പോൾ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും നൽകിയിട്ടുണ്ട്. പുതുക്കിയ മോഡലിന്‍റെ വിലയും പ്രധാനപ്പെട്ട സവിശേഷതകളും വിശദമായി പരിശോധിക്കാം.
2025 മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര: വില
11.42 ലക്ഷം രൂപ പ്രാരംഭവിലയിലാണ് (എക്‌സ്-ഷോറൂം) മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഓൺലൈനായോ അടുത്തുള്ള ഡീലർഷിപ്പ് വഴിയോ പുതിയ ഗ്രാൻഡ് വിറ്റാര ബുക്ക് ചെയ്യാൻ സാധിക്കും. വാഹനത്തിന്‍റെ ഡെലിവറി വൈകാതെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം.
2025 മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര: പുതിയതെന്ത്?
അപ്‌ഡേറ്റ് ചെയ്‌ത മോഡൽ ആകെ 18 വേരിയന്‍റുകളിലാണ് വാഗ്‌ദാനം ചെയ്യുന്നത്. എല്ലാ വേരിയന്‍റുകളിലും ഇനി മുതൽ 6 എയർബാഗുകൾ ലഭ്യമാകും. അതിനാൽ തന്നെ പുതുക്കിയ മോഡൽ കൂടുതൽ സുരക്ഷാ ഫീച്ചറുകളുമായാണ് വരുന്നതെന്ന് പറയാനാകും. കൂടാതെ പുതിയ സീറ്റ (O), സീറ്റ + (O), ആൽഫ (O), ആൽഫ + (O) വേരിയന്‍റുകളിൽ പനോരമിക് സൺറൂഫ് ഓപ്‌ഷനും ലഭിക്കും. കൂടാതെ AWD മോഡലിൽ ഇപ്പോൾ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും ലഭിക്കും.
അപ്‌ഡേറ്റ് ചെയ്‌ത ഗ്രാൻഡ് വിറ്റാരയുടെ മിഡ്-സ്പെക്ക് ഡെൽറ്റ പ്ലസ് വേരിയന്‍റിൽ സ്ട്രോങ് ഹൈബ്രിഡിൽ ലഭിക്കും. കൂടാതെ ഓൾ-വീൽ ഡ്രൈവ് ഇപ്പോൾ 6-സ്‌പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിലും ലഭിക്കും. ഇത് മുമ്പ് 6-സ്‌പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
2025 മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര: ഫീച്ചറുകൾ
ഗ്രാൻഡ് വിറ്റാരയുടെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പിൽ 8 തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റുകളാണ് നൽകിയിരിക്കുന്നത്. ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, പിഎം 2.5 ഡിസ്‌പ്ലേയുള്ള ഓട്ടോ പ്യൂരിഫൈ, എൽഇഡി ക്യാബിൻ ലാമ്പുകൾ, പുതുതായി രൂപകൽപ്പന ചെയ്‌ത 17 ഇഞ്ച് അലോയ് വീലുകൾ, പിൻ ഡോർ സൺഷെയ്‌ഡുകൾ എന്നീ ഫീച്ചറുകൾ പുതുക്കിയ പതിപ്പിൽ നൽകിയിട്ടുണ്ട്. ഇതിനുപുറമെ, 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, HUD ഡിസ്‌പ്ലേ, 360-ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ, ആംബിയന്‍റ് ലൈറ്റിങ്, കണക്റ്റഡ് കാർ ടെക്, അർക്കാമിസ് സൗണ്ട് സിസ്റ്റം തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകൾ. സുരക്ഷാ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ ഹോൾഡ് അസിസ്റ്റ്, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, TPMS, ഹിൽ ഡിസെന്‍റ് കൺട്രോൾ എന്നീ ഫീച്ചറുകൾ നൽകിയിരിക്കുന്നതായും കാണാം.
2025 മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര: എഞ്ചിൻ
1.5 ലിറ്റർ എൻഎ, 4-സിലിണ്ടർ, പെട്രോൾ എഞ്ചിനാണ് ഗ്രാൻഡ് വിറ്റാരയുടെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പിൽ നൽകിയിരിക്കുന്നത്. ഇത് 103 എച്ച്പി പവറും 135 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കും. 5-സ്‌പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്‌പീഡ് ടോർക്ക് കൺവെർട്ടറുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഈ എഞ്ചിന് AWD ഓപ്ഷനും ലഭിക്കും. മാനുവൽ വേരിയന്‍റിന് ലിറ്ററിന് 21.11 കിലോമീറ്ററും, ഓട്ടോമാറ്റിക്‌സിന് ലിറ്ററിന് 20.58 കിലോമീറ്ററും, മാനുവൽ AWD വേരിയന്‍റിന് ലിറ്ററിന് 19.38 കിലോമീറ്ററും ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ടൊയോട്ടയിലുള്ള 1.5 ലിറ്റർ, 3-സിലിണ്ടർ സ്ട്രോങ് ഹൈബ്രിഡ് അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിനാണ് ഗ്രാൻഡ് വിറ്റാരയുടെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പിലെ മറ്റൊരു എഞ്ചിൻ ഓപ്‌ഷൻ. 115 എച്ച്പി ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിൻ ഇ-സിവിടി ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഈ എഞ്ചിന് ലിറ്ററിന് 27.97 കിലോമീറ്റർ ഇന്ധനക്ഷമത ലഭിക്കുമെന്നും മാരുതി അവകാശപ്പെടുന്നു.
Also Read:
- പുതിയ കാർ വാങ്ങല്ലേ... മാരുതി സുസുക്കിയുടെ പുതിയ മോഡലുകൾ വരുന്നു: 2025ൽ പുറത്തിറക്കുന്ന കാറുകൾ
- ക്ലാസിക് 650 vs സൂപ്പർ മെറ്റിയർ 650: റോയൽ എൻഫീൽഡിന്‍റെ 650 സിസി ബൈക്കുകളിൽ മികച്ചതേത്?
- പുതിയ വേരിയന്‍റുമായി ഹ്യുണ്ടായ് എക്‌സ്റ്റർ Hy-CNG ഡുവോ: ഫീച്ചറുകളും വിലയും അറിയാം...
- 2025 മാർച്ചിൽ ഏറ്റവുമധികം വിറ്റ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഏത്? വിശദമായി അറിയാം...
- കുറഞ്ഞ വിലയിൽ ലഭ്യമായ അഞ്ച് മികച്ച ഇലക്‌ട്രിക് ബൈക്കുകൾ: വിലയും സവിശേഷതകളും, വിശദമായി അറിയാം