ചെല്ലാനത്തെ സ്ത്രീകളെ കണ്ടില്ലെന്ന് നടിക്കരുത്; ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പഠനം വേണം, വനിതാ കമ്മീഷന്‍
എറണാകുളം: ചെല്ലാനത്ത് സ്ത്രീകളില്‍ വര്‍ധിച്ചുവരുന്ന ആരോഗ്യ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി പഠനം ആവശ്യമാണെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി സതീദേവി.കേരളത്തിലെ തീരപ്രദേശങ്ങളില്‍ വനിത കമ്മിഷന്‍ നടത്തിവരുന്ന തീരദേശ ക്യാമ്പിന്‍റെ ഭാഗമായി ചെല്ലാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ രോഗബാധിതരായ സ്ത്രീകളെ വീടുകളിലെത്തി സന്ദര്‍ശിക്കുകയായിരുന്നു സതീദേവി.(state women commission about lives of coastal women in chellanam). തീരദേശ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ടു മനസിലാക്കി പരിഹരിക്കുന്നതിനാണ് വനിത കമ്മിഷന്‍ തീരദേശ ക്യാമ്പ് സംഘടിപ്പിച്ചത്. തീരദേശ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി വേണ്ട നടപടികള്‍ സ്വീകരിക്കുകയാണ് ക്യാമ്പിലൂടെ കമ്മിഷന്‍ ലക്ഷ്യമിടുന്നത്. ചെല്ലാനത്തെ സ്ത്രീകള്‍ ശ്വാസകോശ, ത്വക്ക് സംബന്ധമായ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. പ്രദേശത്തെ ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് ത്വക്ക് രോഗം വര്‍ധിച്ചുവരുന്നത്. സ്ത്രീകളില്‍ അര്‍ബുദം വര്‍ധിച്ചു വരുന്നതായി ജനപ്രതിനിധികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ ആവശ്യമാണ്. കാരണം കണ്ടെത്തി സ്ത്രീകളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കുമെന്നും വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു. കിടപ്പുരോഗികള്‍ക്കും മറ്റ് അസുഖ ബാധിതരായ സ്ത്രീകള്‍ക്കും സഹായമെത്തിക്കുന്നതിന് വിപുലമായ ജനകീയ കൂട്ടായ്‌മകള്‍ ചെല്ലാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 344 കോടി രൂപ വിനിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ തീരസംരക്ഷണ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ടെട്രാപോഡ് ഭിത്തിയുടെ സംരക്ഷണത്തില്‍ കടലാക്രമണ ഭീതിയില്‍ നിന്നും മോചിതരായ ചെല്ലാനം നിവാസികളെ കാണാനായതില്‍ ഏറെ സന്തോഷമുണ്ട്. സുനാമിക്കാലത്ത് തകർന്നു പോയ വീടുകളുടെ പുനര്‍നിര്‍മാണം സാധ്യമായിട്ടുണ്ടെന്നും കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. തീരദേശ ക്യാമ്പിന്‍റെ ഭാഗമായി ചെല്ലാനം ഗ്രാമപഞ്ചായത്തില്‍ 13,14,16 വാര്‍ഡുകളിലെ മത്സ്യതൊഴിലാളികളുടെ കിടപ്പുരോഗികളായ സ്ത്രീകളുള്ള വീടുകളാണ് കമ്മിഷന്‍ സന്ദര്‍ശിച്ചത്.