അയ്യനെ തൊഴുത് ഉണ്ണിക്കണ്ണൻ ; 11 മാസം പ്രായമുള്ള കൃഷ്ണ എത്തിയത് ബെംഗളൂരുവിൽ നിന്ന്
പത്തനംതിട്ട: ശബരിമലയിലെത്തി അയ്യനെ തൊഴുത് 11 മാസം മാത്രം പ്രായമുള്ള കുരുന്ന്. അച്ഛന്റെ കൈകളിൽ ഇരുന്ന് ബെംഗളൂരുവിൽ നിന്നും സന്നിധാനത്തെത്തി അയ്യപ്പനെ ദർശിച്ച കൃഷ്ണ എന്ന ആൺകുട്ടിയാണ് ഏവരുടെയും മനം കവർന്നത് (11 month old Krishna from Bengaluru visited Sabarimala). ഇന്നലെ (നവംബർ 20) വൈകിട്ട് ആറോടെയാണ് അച്ഛൻ ഭീമ ശേഖറിനും ചേച്ചി നാല് വയസുകാരി കൃഷ്ണ വേണിക്കും ഒപ്പം കൃഷ്ണ പതിനെട്ടാം പടി കയറി അയ്യപ്പനെ ദർശിച്ചത്. മൂത്ത ചേച്ചി, ആറുവയസുകാരി കൃഷ്ണ പ്രിയയും അമ്മ മഹേശ്വരിയും നിലയ്ക്കൽ ഗസ്റ്റ് ഹൗസിൽ കുഞ്ഞിന്റെ വരവും കാത്തിരിക്കുകയാണെന്ന് ഭീമ ശേഖർ പറഞ്ഞു. ആദ്യത്തേത് രണ്ടും പെൺകുട്ടികൾ ആയതിനാൽ ഒരു ആൺകുട്ടി പിറക്കാൻ താൻ അയ്യപ്പനോട് പ്രാർഥിച്ചിരുന്നു. ആൺ കുഞ്ഞുണ്ടായാൽ അവനെ പതിനെട്ടാം പടി ചവിട്ടിക്കാം എന്ന് ഉറപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ ഒറാക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ സീനിയർ ഫിനാൻഷ്യൽ അനലിസ്റ്റാണ് ഭീമ ശേഖർ. സാധിക്കുമ്പോഴൊക്കെ അദ്ദേഹം ശബരിമലയിലെത്താറുണ്ട്.