അവർ ഇനി പമ്പയിൽ അലയില്ല ; ഭിക്ഷാടകരെ ഏറ്റെടുത്ത് അടൂര്‍ മഹാത്മ ജനസേവന കേന്ദ്രവും കിടങ്ങന്നൂര്‍ കരുണാലയവും
പത്തനംതിട്ട : സ്ത്രീകൾ ഉൾപ്പടെ 24 ഇതരസംസ്ഥാന ഭിക്ഷാടകരെ പമ്പ പൊലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശികളായ 12 സ്ത്രീകളെയും 2 പുരുഷന്മാരെയും, ബിഹാര്‍ സ്വദേശികളായ 10 പുരുഷന്മാരെയും അടൂര്‍ മഹാത്മ ജനസേവന കേന്ദ്രവും കിടങ്ങന്നൂര്‍ കരുണാലയവും താത്‌കാലികമായി ഏറ്റെടുത്തു. ജില്ലാ സാമൂഹ്യനീതി വകുപ്പിന്‍റെ നിര്‍ദേശപ്രകാരമാണ് ഏറ്റെടുത്തത്. ഇന്നലെ കണ്ടെത്തിയ തമിഴ്‌നാട് കോവില്‍പ്പെട്ടി സ്വദേശിനി രാജലക്ഷ്‌മി (60), തേനി സ്വദേശിനികളായ ശിവനമ്മാള്‍ (67), മാമൈ (60), കണ്ണമ്മ (93), സുബ്ബലക്ഷ്‌മി (62), പഞ്ചമ്മ (75) , തേനി സ്വദേശികളായ അനന്ദകുമാര്‍ (30), കരികാലൻ (18), ബിഹാര്‍ സ്വദേശികളായ ഗോപാല്‍ ഗിരി (22), അനില്‍കുമാര്‍ (24), ചന്ദകുമാര്‍ (20), രാജ് കുമാര്‍ (26) , മുകേഷ് കുമാര്‍ (20), സന്തോഷ് കുമാര്‍ (20) മനോജ് കുമാര്‍ (20) രവികുമാര്‍ (26) അഖിലേഷ് കുമാര്‍ (23) അഖിലേഷ് (24 ) എന്നിവരെ അടൂര്‍ മഹാത്മ ജനസേവന കേന്ദ്രമാണ് ഏറ്റെടുത്തത്. ജില്ല സാമൂഹ്യനീതി വകുപ്പ് ഓഫിസര്‍ ബി മോഹന്‍, അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം ചെയര്‍മാൻ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷില്‍ഡ, മാനുഷിക സേവ പ്രവര്‍ത്തകരായ മഞ്ജുഷ വിനോദ്, നിഖില്‍ ഡി, പ്രീത ജോണ്‍, വിനോദ് ആര്‍, അമല്‍രാജ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ ഏറ്റെടുത്തത്. തമിഴ്‌നാട് സ്വദേശികളായ ലക്ഷ്‌മി(70), മുത്തമ്മ (70), മാരിയമ്മ (75), ഈശ്വരി (61), ഭാഗ്യം (60), പാഞ്ചാലി (80) എന്നിവരുടെ സംരക്ഷണ ചുമതല കിടങ്ങന്നൂര്‍ കരുണാലയം ഏറ്റെടുത്തിട്ടുണ്ട്. നീലിമല, മരക്കൂട്ടം, ഗണപതി കോവില്‍ എന്നീ ഭാഗങ്ങളിലായി ഭിക്ഷാടനം നടത്തിവരികയായിരുന്നു ഇവർ. പമ്പ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എസ് മഹേഷ്, സബ് ഇന്‍സ്‌പെക്‌ടര്‍ ആദര്‍ശ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്‌ഡിലാണ് ഭിക്ഷാടകരെ കണ്ടെത്തിയത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം യാചക നിരോധിത മേഖലയില്‍ കണ്ടെത്തിയവരെയാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് പമ്പ പൊലീസ് പറഞ്ഞു. ഇനിയും ഇത്തരം ആളുകളെ കണ്ടാല്‍ നടപടി ഉണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. ഇവരില്‍ ആവശ്യമുള്ളവര്‍ക്ക് സംരക്ഷണമൊരുക്കുമെന്നും ബാക്കിയുള്ളവരെ സ്വദേശത്തേക്ക് എത്തിക്കുമെന്നും മഹാത്മ ജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു.