K Rail Protest banana മഞ്ഞക്കുറ്റി പിഴുത് നട്ട പൂവൻവാഴ കുലച്ചു; ലേലത്തില്‍ കിട്ടിയത് 28,000 രൂപ
പത്തനംതിട്ട: ഒരു പൂവൻ വാഴക്കുലയ്ക്ക് വിപണിയില്‍ എത്ര രൂപയുണ്ടാകും. തിരുവല്ലയില്‍ വിളവെടുത്ത പൂവൻവാഴക്കുലയ്ക്ക് വിലയല്‍പ്പം കൂടും. കാരണം ഇത് വെറുമൊരു വാഴക്കുലയല്ല. കെ റെയില്‍ വിരുദ്ധ സമരത്തിന്‍റെ ഭാഗമായി മഞ്ഞക്കുറ്റി പിഴുത് നട്ടതാണ് ഈ പൂവൻ വാഴ. അതിപ്പോൾ കുലച്ചു. വാഴക്കുല വെട്ടി ലേലവും നടത്തി. 28,000 രൂപയ്ക്കാണ് പൂവൻ വാഴക്കുല ലേലത്തിൽ പോയത്. തിരുവല്ല കുന്നന്താനം നടയ്ക്കൽ ജംഗ്ഷനിലാണ് സംഭവം. വാഴക്കുല ലേലം ചെയ്‌തു കിട്ടിയ 28,000 രൂപ ചെങ്ങന്നൂരില്‍ അടുപ്പു കല്ല് ഇളക്കി മഞ്ഞക്കുറ്റി സ്ഥാപിച്ച തങ്കമ്മയുടെ വീട് നിര്‍മ്മാണ ഫണ്ടിലേക്ക് കൈമാറി. 'കെ റെയില്‍ വേണ്ട കേരളം വേണം' എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന കെ റെയില്‍ സില്‍വര്‍ ലൈൻ വിരുദ്ധ ജനകീയ സമിതി കഴിഞ്ഞ ജൂൺ അഞ്ചിനാണ് മഞ്ഞക്കുറ്റി പിഴുത് വാഴനട്ടത്. കേരള കോണ്‍ഗ്രസ് നേതാവ് ജോസഫ് എം പുതുശ്ശേരി വാഴയുടെ വിളവെടുപ്പ് നടത്തി. അടിച്ചമര്‍ത്താൻ സര്‍ക്കാര്‍ എത്ര ശ്രമിച്ചാലും പദ്ധതി പിൻവലിക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് തന്നെ പോകുമെന്ന് വാഴയുടെ വിളവെടുപ്പ് നടത്തിയ ശേഷം ജോസഫ് എം പുതുശ്ശേരി പറഞ്ഞു. സമര സമിതി സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവൻ ലേല തുക കൈമാറി തങ്കമ്മയുടെ വീട് നിര്‍മ്മാണ ഫണ്ടിലേക്ക് കൈമാറി. ഓൺലൈൻ വഴിയും ലേലത്തില്‍ പങ്കെടുക്കാൻ അവസരമുണ്ടായിരുന്നു.