മോട്ടോര്‍ ബൈക്കുകള്‍ക്ക് മുകളിലൂടെ പാഞ്ഞ് കാര്‍ ; മരണയോട്ടം പൊലീസിന് പിടികൊടുക്കാതിരിക്കാന്‍, 3 പേര്‍ക്ക് പരിക്ക്
Published: May 22, 2023, 10:54 PM

ആനേക്കൽ : കർണാടക - തമിഴ്നാട് അതിർത്തിയിൽ, മോട്ടോര്‍ ബൈക്കുകൾക്ക് മുകളിലൂടെ പാഞ്ഞ് ഇന്നോവ കാർ. സിനിമാരംഗങ്ങളെ വെല്ലുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. സംഭവത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആനേക്കൽ താലൂക്കിലെ ബള്ളൂർ ഗ്രാമത്തിന് സമീപം സംശയാസ്പദമായ രീതിയിൽ സഞ്ചരിച്ച കാർ പൊലീസ് തടയാൻ ശ്രമിച്ചിരുന്നു. ഈ കാര്‍ പൊലീസിന് പിടികൊടുക്കാതെ കടന്നുകളയവെ ഇന്നലെയാണ് (മെയ് 21) സംഭവം.
തമിഴ്നാട് അതിർത്തിക്കടുത്ത ജുജുവാടിക്ക് സമീപമാണ് സംശയാസ്പദമായ സാഹചര്യത്തില്‍ സഞ്ചരിച്ച കാർ തമിഴ്നാട് പൊലീസ് തടഞ്ഞത്. കാറിൽ നാലോ അഞ്ചോ പേർ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. നിർത്താതെ പാഞ്ഞ വാഹനം ബല്ലൂർ ഗ്രാമത്തിലൂടെയാണ് കടന്നുകളഞ്ഞത്. ഇവർ കാറിൽ അനധികൃതമായി മദ്യം കടത്തുകയായിരുന്നെന്ന് സംശയിക്കുന്നു. സംഭവത്തില്‍, പൊലീസ് അന്വേഷണം നടത്തിവരികയാണ്. അത്തിബെലെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.