ഹംസഫര്‍ എക്‌സ്‌പ്രസിന്‍റെ ബോഗികളില്‍ തീപടര്‍ന്നു; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്, തീയണയ്‌ക്കാന്‍ ശ്രമം തുടരുന്നു
ഇറ്റാവ (ഉത്തര്‍ പ്രദേശ്): ഹംസഫര്‍ എകസ്‌പ്രസിന്‍റെ ബോഗികള്‍ക്കടിയില്‍ സ്ഥാപിച്ചിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം. ഡൽഹിയിൽ നിന്ന് ദർഭംഗയിലേക്ക് പോവുകയായിരുന്ന ഹംസഫർ എക്‌സ്‌പ്രസിന്‍റെ മൂന്ന് ബോഗികള്‍ക്കടിയില്‍ സ്ഥാപിച്ചിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. സരായ് ഭൂപത് റെയിൽവേ സ്‌റ്റേഷന് സമീപമാണ് അപകടം. ബോഗികളില്‍ തീപടര്‍ന്നതോടെ യാത്രക്കാരും പരിഭ്രാന്തരായി. സംഭവത്തെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചുവരികയാണ്. ബുധനാഴ്‌ച വൈകുന്നേരം അഞ്ച് മണിയോടെ സരായ് ഭൂപത് സ്‌റ്റേഷന് സമീപത്ത് വച്ചാണ് ട്രെയിനിന്‍റെ എസ് 1 ബോഗിയില്‍ അഗ്നിബാധയുണ്ടായത്. ഇതോടെ തീവണ്ടിയ്‌ക്കകത്തെ ഫാനുകളും ലൈറ്റുകളും അണച്ചു. ഇതോടെ പരിഭ്രാന്തരായ ജനം ബോഗികള്‍ക്ക് അകത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ തിക്കും തിരക്കുമുണ്ടായി. മാത്രമല്ല ട്രെയിൻ കമ്പാർട്ടുമെന്‍റിൽ നിന്ന് യാത്രക്കാര്‍ പ്രാണരക്ഷാര്‍ത്ഥം എടുത്തുചാടി. ഈ സമയം ട്രെയിനിന്‍റെ എസ് 1 ബോഗിയില്‍ പൂർണമായും തീ പടര്‍ന്നിരുന്നു. അതേസമയം അപകടമുണ്ടായതായി അറിഞ്ഞിട്ടും ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനാസ്ഥയുണ്ടായതായി ആരോപണവുമുണ്ട്. അപകടം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് അഗ്നിശമന സേന എത്തിയെന്നുള്ളത് ഇതിന് തെളിവാണെന്നും ആരോപണമുണ്ട്. ഈ സമയം കൊണ്ട് തീ എസ്1, എസ്2, എസ്3 ബോഗികളിലേക്ക് കൂടി വ്യാപിച്ചിരുന്നു.