11 മാസം പ്രായമുള്ള കുഞ്ഞിന്‍റെ വയറ്റിൽ 2 കിലോയുള്ള ഭ്രൂണം ; നീക്കിയത് സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ

11 മാസം പ്രായമുള്ള കുഞ്ഞിന്‍റെ വയറ്റിൽ 2 കിലോയുള്ള ഭ്രൂണം ; നീക്കിയത് സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ
അസം ദിബ്രുഗഡിലെ അപേക്ഷ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്‍റെ വയറ്റിൽ ഭ്രൂണം കണ്ടെത്തിയത്. ശസ്‌ത്രക്രിയയിലൂടെ ഭ്രൂണം പുറത്തെടുത്തു.
ദിബ്രുഗഡ് : അസമിൽ 11 മാസം പ്രായമുള്ള കുഞ്ഞിന്‍റെ വയറ്റിൽ 2 കിലോയുള്ള ഭ്രൂണം കണ്ടെത്തി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുഞ്ഞിനെ അസം - ദിബ്രുഗഡിലെ അപേക്ഷ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വയറിനുള്ളിൽ ഭ്രൂണം കണ്ടെത്തിയത്. ഉടൻ ശസ്‌ത്രക്രിയ നടത്തി ഭ്രൂണം വിജയകരമായി പുറത്തെത്തിച്ചു.
വൈദ്യശാസ്‌ത്രത്തിൽ 'ഫീറ്റസ് ഇൻ ഫ്യൂ' (എഫ്ഐഎഫ്) അഥവാ 'ഭ്രൂണത്തിലെ ഭ്രൂണം' എന്നാണ് ഈ അവസ്ഥയെ വിളിക്കാറുള്ളത്. ഇത് വളരെ അപൂർവമായി മാത്രമേ സംഭവിക്കൂ. അരുണാചൽ പ്രദേശിലെ സാംഗ്ലാങ് ജില്ലയിൽ നിന്നുള്ള 11 മാസം പ്രായമുള്ള ആൺകുട്ടിയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറിൽ ഭ്രൂണമുണ്ടെന്ന് കണ്ടെത്തിയത്. ശനിയാഴ്‌ച സങ്കീര്‍ണമായ ശസ്‌ത്രക്രിയയിലൂടെ ഭ്രൂണം നീക്കം ചെയ്‌തുവെന്ന് ആശുപത്രിയിലെ ചീഫ് സർജൻ അറിയിച്ചു. കുട്ടി ഇപ്പോൾ സുഖമായി ഇരിക്കുന്നുവെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു.
