ഇന്ന് ലോക വയോജന ദിനം; ഉറ്റവര്‍ ഉപേക്ഷിച്ച വയോജനങ്ങള്‍ക്ക് തണലാകുകയാണ് രാജകുമാരിയിലെ ഒരു നല്ല ശമരിയാക്കാരന്‍

author img

By

Published : Oct 1, 2022, 11:27 AM IST

International Day for Old Persons  Father Benny Ulahannan  Good Samaritan Athurasramam  Good Samaritan Athurasramam Kuruvilacity  Day for Old Persons  ഇന്ന് ലോക വയോജന ദിനം  നല്ല ശമരിയാക്കാരന്‍  Good Samaritan  ഫാദര്‍ ബെന്നി ഉലഹന്നാന്‍  ആംഗ്ലിക്കൻ സഭ  ഗുഡ് സമരിറ്റൻ ആതുരാശ്രമം

ലോക വയോജന ദിനം കടന്നു പോകുമ്പോള്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്ക് മാതൃകയാകുകയാണ് ഇടുക്കി രാജകുമാരി സ്വദേശിയായ ഫാദര്‍ ബെന്നി ഉലഹന്നാന്‍. ആംഗ്ലിക്കൻ സഭയിലെ വൈദികനും ഇടുക്കി രാജകുമാരി കുരുവിളാസിറ്റി ഗുഡ് സമരിറ്റൻ ആതുരാശ്രമത്തിന്‍റെ ഡയറക്‌ടറുമാണ് അദ്ദേഹം

ഇടുക്കി: മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ ഉപേക്ഷിക്കുന്നവര്‍ ഫാദര്‍ ബെന്നി ഉലഹന്നാനെ ഒരിക്കല്‍ എങ്കിലും നേരിട്ട് കാണണമെന്ന് ഇടുക്കിയിലെ രാജകുമാരി നിവാസികൾ പറയും. മക്കള്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍ക്ക് സ്‌നേഹവും കരുതലും നല്‍കി അവരെ ചേര്‍ത്തു പിടിക്കുകയാണ് ഫാദര്‍ ബെന്നി ഉലഹന്നാന്‍. ആംഗ്ലിക്കൻ സഭയിലെ വൈദികനും ഇടുക്കി രാജകുമാരി കുരുവിളാസിറ്റി ഗുഡ് സമരിറ്റൻ ആതുരാശ്രമത്തിന്‍റെ ഡയറക്‌ടറുമാണ് ഫാദര്‍ ബെന്നി ഉലഹന്നാൻ.

രാജകുമാരിയിലെ നല്ല ശമരിയാക്കാരന്‍

അനാഥരായ വയോജനങ്ങളെ പരിചരിക്കാനും ശുശ്രൂഷിക്കാനും തുടങ്ങിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുന്നു. വർഷങ്ങൾക്ക് മുമ്പ് രാജകുമാരി നോർത്തിലെ ഒരു കടക്കുമുന്നില്‍ തണുപ്പിൽ ചുരുണ്ട് കിടന്ന് ഉറങ്ങിയിരുന്ന ചോതി കുട്ടപ്പൻ എന്ന 104 വയസുകാരനെ സ്വന്തം തറവാട്ടിലേക്ക് കൂട്ടികൊണ്ട് വന്നതോടെയാണ് ഫാദര്‍ ബെന്നി ഉലഹന്നാൻ ആരോരുമില്ലാത്തവര്‍ക്ക് നല്ല ശമരിയക്കാരനാകുന്നത്. ഉറ്റവര്‍ ഉപേക്ഷിച്ചവര്‍, ഓർമ നഷ്‌ടപ്പെട്ടവര്‍ അങ്ങനെ നിരവധി പേരാണ് പിന്നെയും ബെന്നിയച്ചന്‍റെ വീടു തേടി എത്തിയത്.

ആളുകളുടെ എണ്ണം കൂടിയതോടെ അച്ചനും കുടുംബവും സാമ്പത്തിക പ്രതിസന്ധിയിലായി. എല്ലാവരെയും പാര്‍പ്പിക്കാനോ ഭക്ഷണം നല്‍കാനോ സൗകര്യം ഇല്ലാതിരുന്നത് അന്ന് ബെന്നി അച്ചനെ നിരാശനാക്കിയിരുന്നു. അതോടെ കുരുവിളാസിറ്റിയിൽ തനിക്ക് വിഹിതമായി ലഭിച്ച 30 സെന്‍റ് ഭൂമിയില്‍ ചെറിയൊരു ആശ്രമം നിര്‍മിക്കാന്‍ ഫാദര്‍ ബെന്നി ഉലഹന്നാന്‍ തീരുമാനിച്ചു.

കടം വാങ്ങിയും സംഭാവന പിരിച്ചും ആശ്രമത്തിനായി പണം കണ്ടെത്തി. നിര്‍മാണം പൂര്‍ത്തിയായതോടെ വീട്ടിലുണ്ടായിരുന്ന അന്തേവാസികളെ ആശ്രമത്തിലേക്ക് മാറ്റി. ഒപ്പം അച്ചനും കുടുംബവും ആശ്രമത്തിലേക്ക് താമസം മാറുകയും ചെയ്‌തു.

ആശ്രമത്തിലുള്ള സ്ത്രീ അന്തേവാസികളെ പരിചരിക്കുന്നത് ഫാദര്‍ ബെന്നി ഉലഹന്നാന്‍റെ ഭാര്യ ബിജിയാണ്. ഏറെ കരുതലോടെയാണ് ഈ ദമ്പതികൾ ആശ്രമത്തിലെ അന്തേവാസികളെ ശുശ്രൂഷിക്കുന്നത്. ചലനശേഷി നഷ്‌ടപ്പെട്ടവരാണ് ഇവരിൽ പലരും.

പ്രാഥമിക ആവശ്യങ്ങൾക്കുപോലും മറ്റുള്ളവരുടെ സഹായം വേണ്ടിവരുന്നവര്‍. എല്ലാവരെയും ഹൃദയത്തിൽ ചേർത്തു നിർത്തി സംരക്ഷിക്കുകയാണ് ഫാദര്‍ ബെന്നി ഉലഹന്നാനും കുടുംബവും. പശുക്കളെ വളർത്തിയും നല്ല മനസുള്ളവരുടെ സഹായം സ്വീകരിച്ചുമൊക്കെയാണ് ആശ്രമത്തിന്‍റെ ഓരോ ദിവസത്തെയും ചെലവുകൾ കണ്ടെത്തുന്നത്.

ഒരു ലോക വയോജന ദിനം കൂടി കടന്നുപോകുമ്പോൾ മാതാപിതാക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന മക്കൾ കണ്ട് പഠിക്കണം ഈ നല്ല ഇടയനെ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.