വയനാട് മെഡിക്കൽ കോളജ് മാനന്തവാടിയിൽ തന്നെ പ്രവർത്തിക്കും: ഒആർ കേളു എംഎൽഎ

author img

By

Published : Oct 15, 2022, 3:25 PM IST

Wayanad medical college  mananthavady  or kelu mla  Wayanad  വയനാട് മെഡിക്കൽ കോളജ്  മാനന്തവാടി  ഒആർ കേളു  ഒആർ കേളു എംഎൽഎ  വയനാട്  വയനാട് മെഡിക്കല്‍ കോളജ്‌  wayanad news  wayanad local news

വയനാട് മെഡിക്കല്‍ കോളജിനെതിരെ പ്രതിഷേധം നടത്തുന്ന കൂട്ടായ്‌മയ്‌ക്ക് രഹസ്യ അജണ്ടകള്‍ ഉള്ളതായി സംശയിക്കുന്നതായും, ഇവരുടെ സാമ്പത്തിക വിവരങ്ങൾ സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെടുമെന്നും എംഎല്‍എ പറഞ്ഞു.

വയനാട്: വയനാട് മെഡിക്കല്‍ കോളജ് മാനന്തവാടിയില്‍ തന്നെ തുടരുമെന്ന് ഒആര്‍ കേളു എംഎല്‍എ. പിന്നാക്ക ജില്ലയായ വയനാടിന്‍റെ മുഖ്യ ആവശ്യമായ മെഡിക്കല്‍ കോളജ് ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് മാനന്തവാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ലയിലെ കക്ഷി രാഷ്‌ട്രീയ സംഘടന ഭേദമന്യേ ഒറ്റക്കെട്ടായി തുടങ്ങിയ മെഡിക്കല്‍ കോളജിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് തുരങ്കം വയ്‌ക്കുന്ന രീതിയില്‍ ചിലര്‍ പ്രാദേശിക വാദവുമായി രംഗത്തെത്തിയിരിക്കുന്നത് നിരാശാജനകവും, പ്രതിഷേധാര്‍ഹവുമാണ്.

വയനാട് മെഡിക്കൽ കോളജ് മാനന്തവാടിയിൽ തന്നെ പ്രവർത്തിക്കും: ഒആർ കേളു എംഎൽഎ

ഈ കൂട്ടായ്‌മയ്‌ക്ക് രഹസ്യ അജണ്ടകള്‍ ഉള്ളതായി സംശയിക്കുന്നതായും, ഇവരുടെ സാമ്പത്തിക വിവരങ്ങൾ സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെടുമെന്നും എംഎല്‍എ പറഞ്ഞു. ജില്ലയുടെ പല ഭാഗത്തും മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ ശ്രമം നടത്തിയെങ്കിലും എവിടെയും തുടങ്ങാന്‍ സാധിക്കാത്ത പശ്ചാത്തലത്തിലാണ് മാനന്തവാടിയില്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എയുടെ പ്രസ്‌താവനയുടെ പൂര്‍ണരൂപം: വയനാട് ജില്ലയില്‍ മെഡിക്കല്‍ കോളജ് എന്നതിന് തുടക്കമിട്ടത് 2015 ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഉള്ളപ്പോഴാണ്. 2015ല്‍ മടക്കിമലയില്‍ ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്‌റ്റ് സൗജന്യമായി നല്‍കിയ ഭൂമിയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി തറക്കല്ലിട്ടു. തുടര്‍ന്ന് 2016 ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതി ഉപേക്ഷിക്കാതെ കിഫ്ബിയില്‍ നിന്നും തുക വകയിരുത്തുകയും മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്ന സ്ഥലത്തേക്കുള്ള റോഡ് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടു.

അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചര്‍ തറക്കല്ലിടുകയും ചെയ്‌തു. ഈ പ്രവര്‍ത്തി പുരോഗമിക്കവേയാണ് 2018 ലും 2019 ലും ഭീകരമായ പ്രളയം ഉണ്ടായത്. തുടര്‍ന്ന് ദുരന്തനിവാരണ വിഭാഗം നടത്തിയ പരിശോധനയില്‍ (എന്‍ഐടി) മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്ന സ്ഥലം പാരിസ്ഥിതിക ദുര്‍ബല ഭൂമി ആണെന്നും മെഡിക്കല്‍ കോളജിന് അനുയോജ്യമല്ലെന്നും രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചത്. തുടര്‍ന്ന് പ്രസ്‌തുത സ്ഥലത്തിന് പകരം വൈത്തിരി ചേലോടിൽ ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥലം ഏറ്റെടുക്കുന്ന നടപടിയുമായി മുന്നോട്ട് പോയി.

എന്നാൽ എന്‍ഐടിയുടെ പരിശോധനയില്‍ ഈ സ്ഥലവും പാരിസ്ഥിതി ലോല പ്രദേശമാണെന്ന് ബോധ്യപ്പെട്ട് ഈ സ്ഥലവും ഉപേക്ഷിച്ചു. തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യമെഡിക്കല്‍ കോളജായ വിംസ് ഏറ്റെടുക്കുന്നതിനായി ശ്രമം നടത്തി. ഈ ശ്രമവും വിജയകരമല്ലെന്ന് കണ്ട് ഗവണ്‍മെന്‍റ് പിന്‍മാറി.

വയനാട് ജില്ലയില്‍ മെഡിക്കല്‍ കോളജ് വേണമെന്നുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നിര്‍ബന്ധിത താത്പര്യപ്രകാരം ആണ് ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളജായി അപ്ഗ്രേഡ് ചെയ്‌ത് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 140 ഓളം പുതിയ തസ്‌തികകള്‍ സൃഷ്‌ടിച്ചും ജീവനക്കാരെ നിയമിച്ചും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നേഴ്‌സിങ് കോളജിന്‍റെ പുതിയ കെട്ടിടത്തില്‍ മാനന്തവാടി മെഡിക്കല്‍ കോളജിന്‍റെ ഓഫിസ് താത്‌കാലികമായി പ്രവര്‍ത്തനം ആരംഭിച്ചു.

മള്‍ട്ടിപര്‍പ്പസ് സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ നിര്‍മാണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചു. കാത്ത് ലാബിന്‍റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. എംഎല്‍എ ഫണ്ടില്‍ നിന്നും 4 കോടിയോളം രൂപ വിവിധ പദ്ധതികള്‍ക്കായി വകയിരുത്തി കഴിഞ്ഞു. മെഡിക്കല്‍ കോളജിന്‍റെ ദൈനംദിന പ്രവര്‍ത്തങ്ങള്‍ ഏകോപിക്കുന്നതിന് ഹോസ്‌പിറ്റല്‍ ഡവലപ്പ്മെന്‍റ് സൊസൈറ്റി രൂപീകരിച്ചു.

യഥാര്‍ഥ വസ്‌തുതകള്‍ ഇതാണെന്ന് ഇരിക്കെ മാനന്തവാടിക്കാര്‍ നാളിത് വരെ ഒരു തരത്തിലുമുള്ള പ്രദേശികവാദവും ഉന്നയിച്ചിട്ടില്ല.വയനാട്ടില്‍ എവിടെയെങ്കിലും ഒരു മെഡിക്കല്‍ കോളജ് വരണം എന്നുള്ളതാണ് മാനന്തവാടിക്കാരുടെ നിലപാട്. സമരക്കാരോടും പ്രാദേശികവാദക്കാരോടും പറയാനുള്ളത് മെഡിക്കല്‍ കോളജ് എന്നാല്‍ എന്താണെന്ന് കൃത്യമായി മനസിലാക്കണം. മെഡിക്കല്‍ കോളജ് എന്നാല്‍ ഒരു വിദ്യാഭ്യാസ സ്ഥാപനമാണെന്നും പുതിയ ഡോക്‌ടർമാരെയും മറ്റും വാര്‍ത്തെടുക്കുന്നതിനും, മെഡിക്കല്‍ രംഗത്ത് പുതിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സ്ഥാപനമാണെന്ന് മനസിലാക്കണം.

മെഡിക്കല്‍ കൗണ്‍സില്‍ മാനദണ്ഡം അനുസരിച്ച് സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷകള്‍(നീറ്റ്, കീം)വഴിയാണ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത്. ഇത് പ്രകാരം രാജ്യത്തെ ഏതൊരു മെഡിക്കല്‍ വിദ്യാര്‍ഥിക്കും യോഗ്യതക്കനുസരിച്ച് ഏതൊരു മെഡിക്കല്‍ കോളജിലും പ്രവേശനം നേടാവുന്നതാണ്. അല്ലാതെ കല്‍പ്പറ്റക്കാര്‍ക്ക് മാത്രമല്ല.

ഈ കാര്യങ്ങള്‍ മറച്ചു വച്ചാണ് പൊതുജനങ്ങളെ തെറ്റിധരിപ്പിക്കുന്ന രീതിയില്‍ ചില സമര കോലാഹലങ്ങള്‍ കല്‍പ്പറ്റയില്‍ നടന്നു വരുന്നത്. ഭാവിയില്‍ മെഡിക്കല്‍ കോളജ് നിര്‍മിക്കുന്നതിനായി പേരിയ വില്ലേജിലെ ഗ്ലെന്‍ലേവന്‍ എസ്‌റ്റേറ്റ് ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട് ചില തര്‍ക്ക വിഷയങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതായത് 1942 ല്‍ ശ്രീ അനന്തന്‍ നായര്‍ എന്ന ജന്മി ഗ്ലേന്‍ലെവന്‍ എസ്‌റ്റേറ്റിന് 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുകയാണുണ്ടായത്.

ഗ്ലെന്‍ലേവന്‍ മാനേജ്മെന്‍റ് പിസി ഇബ്രാഹിം എന്ന വ്യക്തിക്ക് മറിച്ച് പാട്ടത്തിന് കൊടുത്തത്. ഈ സ്ഥിതി നിലനില്‍ക്കെയാണ് മെഡിക്കല്‍ കോളജിനായി മേല്‍ ജന്മിയുടെ അനന്തരവകാശികള്‍ക്ക് കുഴിക്കൂറിനുള്ള തുക കോടതിയില്‍ കെട്ടിവച്ച് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തതും പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ആവശ്യമായ നടപടികളുമായി മുന്നോട്ട് പോയതും. ഈ വിഷയം സര്‍ക്കാരിന്‍റെ സജീവ ശ്രദ്ധയില്‍ ഉള്ളതുമാണ്.

സ്ഥലത്തിന്‍റെ യഥാര്‍ഥ ജന്മിയുടെ പിന്‍മുറക്കാര്‍ എന്ത് വിലക്കൊടുത്തും ബോയ്‌സ്‌ ടൗണിലെ ഭൂമിയില്‍ തന്നെ മെഡിക്കല്‍ കോളജ് വരണമെന്ന നിലയില്‍ ഉറച്ചുനില്‍ക്കുകയുമാണ്. സ്ഥലം സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്‌നം ഉണ്ടായാല്‍ അത് എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുകയും ചെയ്യും. 2016ല്‍ മടക്കിമലയില്‍ മെഡിക്കല്‍ കോളജ് വരുമെന്ന് പ്രതീക്ഷിച്ച് തത്പര കക്ഷികളായ ചില ഭൂമാഫിയകള്‍ പ്രദേശത്ത് വികസന സാധ്യത മുന്നില്‍ കണ്ട് നിരവധി ഭൂമി വാങ്ങി കൂട്ടിയതായാണ് വിവരം.

നിലവില്‍ നടക്കുന്ന സമരത്തിന് പിന്നിലുള്ള സാമ്പത്തിക സ്രോതസിനെപറ്റി റിയല്‍ എസ്‌റ്റേറ്റ് മാഫിയ ബന്ധമുണ്ടെന്ന് സംശയമുണ്ട്. ഈ കാര്യത്തില്‍ പൊലീസ് അന്വേഷണത്തിന് ആവശ്യപ്പെടും. പാവങ്ങളായ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരെ പോലും തെറ്റിധരിപ്പിച്ച് സമരായുധമാക്കുന്ന രീതി അംഗീകരിക്കില്ല. ഈ യാഥാര്‍ഥ്യം ജനാധിപത്യ വിശ്വാസികള്‍ മനസിലാക്കണമെന്നും, മാനന്തവാടിയില്‍ തന്നെ മെഡിക്കല്‍ കോളജ് പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടിയുമായി എംഎല്‍എയും സര്‍ക്കാരും മാനന്തവാടിയിലെ പൊതുസമൂഹം ഒറ്റകെട്ടായി മുന്നോട്ടു പോകുമെന്നും ഒആര്‍ കേളു എംഎല്‍എ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.