വിലക്കും കീഴ്‌വഴക്കവും തച്ചുടച്ച ചുവടുവയ്പ്പ്; മൃതദേഹങ്ങള്‍ സംസ്‌കരിച്ച് സുബീന

author img

By

Published : Jun 6, 2021, 10:59 AM IST

Updated : Jun 6, 2021, 2:48 PM IST

സുബീന  subeena iron lady  iron lady from Thrissur  Thrissur  ഇരിഞ്ഞാലക്കുട എസ്.എൻ.ബി എസ്  മുക്തിസ്ഥാൻ  ശ്‌മശാനം  മൃതദേഹങ്ങൾ  ശവസംസ്കാരം  cremetarium  തൃശ്ശൂർ  ഇരിഞ്ഞാലക്കുട  Irinjalakuda SNBS  Muktistan  subeena

തൃശൂർ ഇരിങ്ങാലക്കുടെ എസ്.എൻ.ബി എസിലെ മുക്തിസ്ഥാനിലാണ് സുബീന ജോലി ചെയ്യുന്നത്.

തൃശ്ശൂർ: പരമ്പരാഗതമായി ശ്‌മശാന ജോലികള്‍ പുരുഷന്‍മാരാണ് നിര്‍വഹിച്ചുവരുന്നത്. എന്നാല്‍ ആ കീഴ്‌വഴക്കം തിരുത്തി വിപ്ലവകരമായ ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ് ഇരിങ്ങാലക്കുട സ്വദേശി സുബീന. മതപരമായ വിലക്ക് മറികടന്നാണ് സുബീന ഈ തൊഴില്‍ തെരഞ്ഞെടുത്തത്. ഭയമോ അറപ്പോ കൂടാതെ സംസ്‌കാര ജോലികള്‍ കൃത്യമായി ചെയ്‌തു വരുന്നു സുബീന.

മൃതദേഹങ്ങള്‍ സംസ്കരിച്ച് സുബീന

മോശം ജോലിയായി പലരും കരുതിപ്പോരുന്ന തൊഴില്‍ അഭിമാനത്തോടെയുമാണ് സുബീന ചെയ്യുന്നത്. മുസ്ലിം പെൺകുട്ടികൾക്ക് വിലക്കുള്ള ഈ ജോലിയിലേക്ക് ചുവടുവച്ചപ്പോൾ ധാരാളം പ്രതിസന്ധികൾ നേരിടേണ്ടിവന്നു. എന്നാൽ അതിനെയെല്ലാം അവൾ തരണം ചെയ്‌തു. ഇതിനിടയിൽ നീ മുസ്ലിം അല്ലേ, പെണ്ണല്ലേ എന്നൊക്കെ അടക്കം പറഞ്ഞവർ ധാരാളമുണ്ട്.

മതത്തെയും ലിംഗഭേദത്തിന്‍റെയും ചങ്ങലകൾ പൊട്ടിച്ച് ഈ ജോലി ചെയ്യാൻ പ്രേരിപ്പിച്ച കാരണമുണ്ട്, വിശപ്പാണത്. മരം വെട്ടുന്നതിനിടെ വാപ്പ വീണതും, പിന്നാലെ വന്ന നാലഞ്ച് ശസ്‌ത്രക്രിയകളും സുബീനയുടെ കുടുംബത്തിന്‍റെ താളം തെറ്റിച്ചു. അക്കൂട്ടത്തിൽ പ്രായപൂർത്തിയായ അനിയത്തിയെ വിവാഹം ചെയ്‌ത് അയക്കുക എന്ന വലിയ ഉത്തരവാദിത്തവും സുബീനയുടെ ചുമലിലായി. എന്നാൽ, എല്ലാ പ്രതിസന്ധിയിലും ഭർത്താവ് റഹ്‌മാൻ അവളെ ചേർത്തുപിടിച്ചു. അങ്ങനെയാണ് ഇരിങ്ങാലക്കുടയിലെ മുക്തിസ്ഥാനിൽ ഒഴിവ് ഉണ്ടെന്നറിഞ്ഞപ്പോൾ കൊമേഴ്‌സ് ബിരുദ ധാരിയായ സുബീന മറ്റൊന്നും ആലോചിക്കാതെ ഇറങ്ങിപ്പുറപ്പെട്ടത്.

മൃതദേഹങ്ങൾ മുൻപിൽ വരുമ്പോൾ പേടി തോന്നാറുണ്ടോയെന്ന ചോദ്യത്തിന് ചെറു പുഞ്ചിരിയാണ് സുബീനയുടെ മറുപടി. സമൂഹത്തിന്‍റെ കപട അഭിമാന സദാചാര ബോധത്തിനപ്പുറം കുടുംബം പട്ടിണിയാകരുതെന്ന ഉറച്ചബോധ്യവും ലക്ഷ്യവുമാണ് അവളെ നയിച്ചത്. പഠിച്ച കോഴ്‌സിന് ചേരുന്ന ജോലി മാത്രം തിരയുന്ന ചെറുപ്പക്കാർ ഉള്ള നാട്ടിൽ പഴയ വാർപ്പു മാതൃകകള്‍ തച്ചുടക്കുകയാണ് സുബീന. പ്രതിസന്ധികളെ മറികടക്കാനുള്ള തീജ്വാലയാണ് അവളുടെ കണ്ണുകളിൽ.

Last Updated :Jun 6, 2021, 2:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.