കെഎംഎസ്‌സിഎല്ലിലെ തീപിടിത്തം : ഗ്ലൗസ് അഴിമതിയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് വി.ഡി സതീശന്‍

author img

By

Published : May 24, 2023, 4:42 PM IST

VD Satheeshan about KMSL Fire  കെഎംഎസ്‌സിഎല്ലിലെ തീപിടിത്തം  ഗ്ലൗസ് അഴിമതിയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം  വിഡി സതീശന്‍  കെഎംഎസ്‌സിഎല്‍  തീപിടിത്തത്തില്‍ ദുരൂഹത  ഗ്ലൗസ് അഴിമതി  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍  മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍  kerala news updates  latest news in kerala

കെഎംഎസ്‌സിഎല്‍ ഗോഡൗണിലെ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഗ്ലൗസ് അഴിമതിയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

തിരുവനന്തപുരം : കൊവിഡ് സമയത്തെ ഗ്ലൗസ് അഴിമതിയുമായി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഗോഡൗണിലെ തീപിടിത്തത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗോഡൗണിലുണ്ടായ തീപിടിത്തത്തിന് പിന്നിലെ അട്ടിമറിയും ഗൂഢാലോചനയും ഗൗരവത്തോടെ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. തെളിവ് നശിപ്പിക്കാനുള്ള ഗൂഢനീക്കത്തിന്‍റെ ഭാഗമാണോ തീപിടിത്തമെന്ന സംശയം പൊതുസമൂഹത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് ഭീഷണി നിലനിന്നിരുന്ന കാലത്ത് അതായത് 2021 മെയ് 14, 27 തീയതികളില്‍ പിപിഇ കിറ്റും ഗ്ലൗസും ഉള്‍പ്പടെ 15 ഇനങ്ങളെ അവശ്യ മരുന്നുകളുടെ ഗണത്തില്‍പ്പെടുത്തി വില നിയന്ത്രിച്ചുള്ള ഉത്തരവിറക്കിയിരുന്നു. ആദ്യ ഉത്തരവ് പ്രകാരം 5.75 രൂപയും രണ്ടാം ഉത്തരവില്‍ 7 രൂപയുമായിരുന്നു ഗ്ലൗസിന്‍റെ പരമാവധി വിലയായി സൂചിപ്പിച്ചിരുന്നത്.

എന്നാല്‍ ഉത്തരവുകളെല്ലാം ലംഘിച്ച് തിരുവനന്തപുരം കഴക്കൂട്ടം ആസ്ഥാനമാക്കി പച്ചക്കറി വില്‍ക്കുന്നതിന് വേണ്ടി ആരംഭിച്ച അഗ്രത ആവയോണ്‍ എക്‌സിം എന്ന സ്ഥാപനത്തില്‍ നിന്ന് 12.15 രൂപ നിരക്കില്‍ ഒരു കോടി ഗ്ലൗസുകള്‍ സംഭരിക്കാനായിരുന്നു മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍റെ തീരുമാനം. ഇവിടെയും കെഎംഎസ്‌സിഎല്‍ എംഡിയെ പൂര്‍ണമായും ഒഴിവാക്കി കാരുണ്യം പര്‍ച്ചേസ് വിഭാഗം അസിസ്റ്റന്‍റ് മാനേജരാണ് നൈട്രൈല്‍ ഗ്ലൗസ് ഇറക്കുമതി ചെയ്യാനുള്ള ഓര്‍ഡറില്‍ ഒപ്പിട്ടത്.

12.15 കോടി രൂപയുടെ ഇറക്കുമതിയാണിത്. മാത്രമല്ല ഉത്തരവിലെ പ്രധാന വ്യവസ്‌ഥകള്‍ രണ്ടെണ്ണം കമ്പനിക്ക് വേണ്ടി പേന കൊണ്ട് വെട്ടിത്തിരുത്തുകയും ചെയ്‌തു. എന്നാല്‍ സംസ്ഥാനത്ത് ഗ്ലൗസിന് വലിയ ക്ഷാമം ഇല്ലായിരുന്ന സമയത്തായിരുന്നു യാതൊരു വിധ ടെന്‍ഡറോ ക്വട്ടേഷനോ ഒന്നുമില്ലാതെ 6.07 കോടി രൂപ മുന്‍കൂര്‍ നല്‍കിയ 12.15 കോടി രൂപയുടെ ഉത്പന്നം ഇറക്കുമതി ചെയ്‌തത്.

മലേഷ്യയില്‍ നിന്നും ഇംഗ്ലണ്ടിലെ ആരോഗ്യ സ്ഥാപനങ്ങള്‍ക്കായി എത്തിച്ച ഗ്ലൗസായിരുന്നു ഇവ. ഇതാണ് അവിടെ നിന്നും കേരളത്തിലേക്ക് ഇറക്കുമതി ചെയ്‌തത്. കരാര്‍ രേഖകളില്‍ പ്രധാനമായ രണ്ട് വ്യവസ്ഥകളാണ് പേന കൊണ്ട് തിരുത്തിയത്. ഇന്‍വോയ്‌സ് തയ്യാറാക്കി 45 ദിവസത്തിനുള്ളില്‍ പണം നല്‍കണം. ഇത് 5 ദിവസത്തിനുള്ളില്‍ എന്ന് തിരുത്തി. ഉത്പന്നത്തിന് ചുരുങ്ങിയത് 60 % ഉപയോഗ കാലാവധി വേണമെന്ന നിബന്ധനയും കരാറില്‍ നിന്ന് വെട്ടിമാറ്റി.

രണ്ട് പര്‍ച്ചേസ് ഓര്‍ഡറുകളിലേക്കായി ഒരു കോടി ഗ്ലൗസുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയത്. മൂന്നാം ദിവസത്തില്‍ മുന്‍കൂര്‍ തുകയുടെ ചെക്കും കൈമാറി. ഈ കമ്പനി എത്തിച്ച ഉത്പന്നത്തില്‍ എവിടെയും നിര്‍മാണ തീയതിയോ കാലാവധി തീരുന്ന ദിവസമോ പരമാവധി വില്‍പന വിലയോ രേഖപ്പെടുത്തിയിട്ടില്ല. ഇതിനിടെ 15 ദിവസത്തിനുള്ളില്‍ 41.6 ലക്ഷം ഗ്ലൗസുകള്‍ മാത്രമാണ് എത്തിച്ചത് എന്ന കാരണം ചൂണ്ടിക്കാണിച്ച് കരാര്‍ റദ്ദ് ചെയ്യുന്ന നടപടിയും സ്വീകരിച്ചു.

അതേസമയം 50 ലക്ഷം ഗ്ലൗസുകള്‍ക്കാണ് മുന്‍കൂറായി പണം നല്‍കിയിരുന്നത്. ഇതില്‍ ശേഷിക്കുന്ന ഒരു കോടി രൂപ ഇതുവരെ തിരിച്ച് വാങ്ങിയിട്ടുമില്ല. പിന്നീട് പച്ചക്കറി സ്ഥാപനത്തിന് നല്‍കാന്‍ സാധിക്കാത്ത 50 ലക്ഷം ഗ്ലൗസ് ലഭ്യമാക്കുന്നതിന് വേണ്ടി മാത്രമായി വീണ്ടും ടെന്‍ഡര്‍ വിളിച്ചു.

also read: 20,000 വീടുകളില്‍ ബയോ ബിന്നും മണ്ണ് നിറച്ച ചട്ടികളും നല്‍കും, കൊച്ചിയില്‍ വികേന്ദ്രീകരണ മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കും: മേയർ

കരാര്‍ ലഭിച്ച ജേക്കബ് സൈന്‍റിഫിക്‌സ്, ലിബര്‍ട്ടി മെഡ് സപ്ലയേഴ്‌സ്‌ എന്നിവര്‍ 8.78 രൂപയ്ക്കും 7 രൂപയ്ക്കുമായിരുന്നു ഗ്ലൗസ് വിതരണം ചെയ്‌തത്. വിപണിയില്‍ ഈ വിലയ്ക്ക്‌ ഗ്ലൗസുകള്‍ ലഭ്യമായിരുന്നുവെന്നാണ് ഇതില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.