എസ് ആര് ശക്തിധരന് സ്വദേശാഭിമാനി കേസരി പുരസ്കാരം

എസ് ആര് ശക്തിധരന് സ്വദേശാഭിമാനി കേസരി പുരസ്കാരം
മാധ്യമ മേഖലയിലെ മികവിനുള്ള പരമോന്നത പുരസ്കാരം എസ്.ആര് ശക്തിധരന്. 1 ലക്ഷം രൂപയും കാനായി കുഞ്ഞിരാമന് രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. ശക്തിധരന് പത്രപ്രവര്‍ത്തനം ആരംഭിച്ചത് 1968ലാണ്. തൃശൂര്‍ പ്രസ് ക്ലബ് പ്രസിഡന്റായിരുന്നു. മൂന്ന് വര്‍ഷം കേരള മീഡിയ അക്കാദമി ചെയര്‍മാനായിരുന്നു.
തിരുവനന്തപുരം: മാധ്യമ മേഖലയിലെ മികവിന് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പരമോന്നത പുരസ്കാരമായ സ്വദേശാഭിമാനി കേസരി പുരസ്കാരം എസ് ആര് ശക്തിധരന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന് രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. ദേശാഭിമാനി ദിനപത്രത്തില്‍ അസോസിയേറ്റ് എഡിറ്റര്‍ പദവിയില്‍ നിന്ന് വിരമിച്ച എസ്.ആര് ശക്തിധരന് 1968 ലാണ് പത്രപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്.
ദേശാഭിമാനിയുടെ എറണാകുളം ജില്ല ലേഖകനായി പ്രവര്‍ത്തിച്ചു. രാഷ്ട്രീയ സാമൂഹിക വിഷയങ്ങള്‍ കേന്ദ്രീകരിച്ച് റിപ്പോര്‍ട്ടുകള്‍ എഴുതിയ അദ്ദേഹം എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ഏറെക്കാലം പത്ര പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. തിരുവനന്തപുരം, തൃശൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ്, കേസരി ട്രസ്റ്റ് ചെയര്മാന്, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ദീര്‍ഘകാലം ദേശാഭിമാനിക്ക് വേണ്ടി നിയമസഭ റിപ്പോര്‍ട്ട് ചെയ്തു. പുതിയ നിയമസഭ മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ രാഷ്ട്രപതി കെ.ആര് നാരായണന് ദീര്‍ഘകാലം നിയമസഭ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്ത ലേഖകരെ ആദരിച്ചവരില്‍ എസ്.ആര് ശക്തിധരനും ഉള്‍പ്പെട്ടിരുന്നു. പത്ര പ്രവര്‍ത്തന രംഗത്തെ മികവിന് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള ശക്തിധരന് മൂന്ന് വര്‍ഷം കേരള മീഡിയ അക്കാദമി ചെയര്‍മാനായിരുന്നു.
അശോകന് ചരുവില്‍ ചെയര്‍മാനും ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എച്ച്. ദിനേഷന് കണ്‍വീനറും ഇ.എം അഷ്റഫ്, എം.എസ് ശ്രീകല, എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്.
