ഇ പോസിലെ തകരാര്‍ പരിഹരിക്കാനായില്ല ; സംസ്ഥാനത്ത് അഞ്ചാം ദിവസവും റേഷന്‍ മുടങ്ങി

author img

By

Published : Jan 12, 2022, 12:45 PM IST

Ration distribution disrupted  GR Anil about Ration distribution in Kerala  സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങി  ഇ-പോസ് മെഷിന്‍ തകരാര്‍

ഇ-പോസ് മെഷിനീല്‍ കാര്‍ഡുടമകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ മാത്രമേ റേഷന്‍ കടകളിലൂടെയുള്ള വിതരണം സാദ്ധ്യമാകുകയുള്ളൂ

തിരുവനന്തപുരം : ഇ പോസ് മെഷീന്‍ (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍) തകരാര്‍ പരിഹരിക്കാനാകാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങിയിട്ട് അഞ്ചാംദിവസം. ഡാറ്റ സെന്ററിലുണ്ടായ തകരാര്‍ മൂലമാണ് ഇ-പോസ് മെഷീന്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായത്.

ഭക്ഷ്യ ഭദ്രതാനിയമം സംസ്ഥാനത്ത് നടപ്പാക്കിയ ശേഷം ഇ-പോസ് മെഷിനീല്‍ കാര്‍ഡുടമകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ മാത്രമേ റേഷന്‍ കടകളിലൂടെയുള്ള വിതരണം സാദ്ധ്യമാകുകയുള്ളൂ. ചൊവ്വാഴ്ചയും ഇ-പോസ് മെഷീനില്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയാതിരുന്നതോടെ ഉച്ചയോടെ വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചു.

Also Read: നിര്‍ണായക മന്ത്രിസഭായോഗം ഇന്ന് ; കൊവിഡ് നിയന്ത്രണങ്ങള്‍ ചര്‍ച്ചയാവും

തകരാര്‍ ഇന്നുതന്നെ പരിഹരിച്ച് റേഷന്‍ വിതരണം പുനരാരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചെങ്കിലും വിതരണം പുനരാരംഭിക്കാന്‍ ഇതുവരെ ആയിട്ടില്ല. തുടര്‍ച്ചയായി നാല് ദിവസം റേഷന്‍ വാങ്ങാന്‍ കടയിലെത്തിയെങ്കിലും റേഷന്‍ ലഭിക്കാത്തതിനാല്‍ പലയിടത്തും കഴിഞ്ഞ ദിവസം വ്യാപാരികളും ഉപഭോക്താക്കളും തമ്മില്‍ സംഘര്‍ഷം നടന്ന സാഹചര്യത്തിലാണ് കടകളടച്ചതെന്നാണ് വ്യാപാരികള്‍ നല്‍കുന്ന വിശദീകരണം.

മുന്നറിയിപ്പില്ലാതെ കടയടച്ച വ്യാപാരികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ഇന്നലെ ഉച്ചയ്ക്കുശേഷം മുന്നറിയിപ്പില്ലാതെ കടകളടച്ച വ്യാപാരികള്‍ക്ക് ഭക്ഷ്യ-പൊതു വിതരണ വകുപ്പ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വെള്ള, നീല കാര്‍ഡുടമകള്‍ക്ക് ഈ മാസം മുതല്‍ കൂടുതല്‍ അരിയും അധിക മണ്ണെണ്ണയും നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനാല്‍ ഈ മാസം കടകളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഐ.ടി സെക്രട്ടറിയോടാവശ്യപ്പെട്ടതായി മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. സംസ്ഥാനത്താകെ എല്ലാ വിഭാഗങ്ങളിലുമായി 91,81,378 റേഷന്‍ കാര്‍ഡുടമകളാണുള്ളത്. ഇതില്‍ 13,13,306 പേര്‍ക്ക് മാത്രമാണ് ഇതുവരെ റേഷന്‍ വാങ്ങാനായത്. ആകെ 14,036 റേഷന്‍ കടകളാണ് സംസ്ഥാനത്തുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.