പി.എഫ്.ഐയുടെ പരാക്രമം പൊതുജനങ്ങളോട്: സംസ്ഥാനത്തെങ്ങും വ്യാപക അക്രമം, ഇടപെട്ട് ഹൈക്കോടതി

author img

By

Published : Sep 23, 2022, 8:37 AM IST

Updated : Sep 23, 2022, 6:16 PM IST

hartal updates  PFI Hartal in Kerala Live updates  PFI Hartal in Kerala  കേരളത്തില്‍ ഇന്ന് പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍  വാഹനങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണം

17:48 September 23

കെഎസ്‌ആര്‍ടിസിയ്‌ക്ക് നഷ്‌ടം 42 ലക്ഷം; പുതിയ കണക്ക് പുറത്ത്

സംസ്ഥാനത്ത് പിഎഫ്‌ഐ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ അവസാനിക്കാനിരിക്കെ കെഎസ്‌ആര്‍ടിസിയ്‌ക്കുണ്ടായത് 42 ലക്ഷത്തിന്‍റെ നഷ്‌ടമെന്ന് വകുപ്പ്. 70 ബസുകളാണ് കല്ലേറില്‍ നശിച്ചത്. എട്ട് ഡ്രൈവര്‍മാര്‍ക്കും മൂന്ന് കണ്ടക്‌ടര്‍മാര്‍ക്കും ഒരു യാത്രക്കാരിക്കും പരിക്കേറ്റിരുന്നു.

17:32 September 23

കണ്ണൂരില്‍ മില്‍മ ടീ സ്റ്റാള്‍ അടിച്ചുതകര്‍ത്തു

കണ്ണൂരില്‍ മില്‍മ ടീ സ്റ്റാള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചുതകര്‍ത്തു. ജോലി ചെയ്യുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയ്‌ക്ക് തലയ്‌ക്ക് പരിക്കേറ്റു. പലഹാരം വച്ച അലമാരയുടെ ചില്ല് കമ്പിവടി കൊണ്ടാണ് തകര്‍ത്തത്. ഇന്ന് (സെപ്‌റ്റംബര്‍ 23) വൈകിട്ട് നാലിനാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേരില്‍ ഒരാളാണ് ആക്രമിച്ചത്. പ്രതിയെ പിടികൂടാന്‍ നാട്ടുകാര്‍ പിന്നാലെ ഓടിയെങ്കിലും കിട്ടിയില്ല.

17:15 September 23

കരുതല്‍ തടങ്കലില്‍ 229 പേര്‍; ആകെ 53 കേസുകള്‍

ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണത്തില്‍ 229 സമരാനുകൂലികള്‍ കരുതല്‍ തടങ്കലില്‍. ഇതുവരെ ആകെ 53 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്‌തത്.

16:45 September 23

'അക്രമം, തൊട്ടാല്‍ പൊള്ളുമെന്ന് തോന്നുന്നതുവരെ': ഹൈക്കോടതി

കെഎസ്‌ആര്‍ടിസിയെ തൊട്ടാല്‍ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകള്‍ക്ക് നേരെ കല്ലേറ് തുടരുമെന്ന് ഹൈക്കോടതി. 70 കെഎസ്‌ആര്‍ടിസി ബസുകളാണ് ഇന്നത്തെ ഹര്‍ത്താലില്‍ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തത്. 30 ലക്ഷമാണ് വകുപ്പിന് നഷ്‌ടം.

16:17 September 23

കണ്ണൂരില്‍ ലോറിയ്‌ക്ക് നേരേ പെട്രോള്‍ ബോംബേറ്

കണ്ണൂരിലെ മട്ടന്നൂരില്‍ ലോറിയ്‌ക്ക് നേരേ പെട്രോള്‍ ബോംബെറിഞ്ഞു. ജില്ലയിലെ പാലോട്ട് പള്ളിയിലാണ് സംഭവം. വാഹനത്തിന്‍റെ ചില്ല് തകര്‍ന്നു.

16:05 September 23

തകര്‍ത്തത് 70 കെഎസ്‌ആര്‍ടിസി ബസുകള്‍

സംസ്ഥാനത്ത് നടക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പ്രവര്‍ത്തകര്‍ ഇതുവരെ കല്ലെറിഞ്ഞ് തകര്‍ത്തത് 70 ബസുകള്‍. കെഎസ്‌ആര്‍ടിസി ബസുകളാണ് നശിപ്പിച്ചത്.

15:31 September 23

സംസ്ഥാനത്ത് വ്യാപക അക്രമം; ഇതുവരെ പിടിയിലായത് 220 പേര്‍

ഹര്‍ത്താലില്‍ വ്യാപക അക്രമം. സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ ഇതുവരെ 220 പേര്‍ പിടിയില്‍. കൂടുതല്‍ പേര്‍ അറസ്റ്റിലായത് കോട്ടയത്താണ്. ഇവിടെ 110 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

14:31 September 23

പയ്യന്നൂരില്‍ ഹര്‍ത്താല്‍ അനുകൂലികളെ നാട്ടുകാർ കയ്യേറ്റം ചെയ്‌തു

ഹര്‍ത്താല്‍ അനുകൂലികളെ നാട്ടുകാർ കയ്യേറ്റം ചെയ്‌തു

പയ്യന്നൂരിൽ കടകളിൽ കയറി ഭീഷണിപ്പെടുത്തി അടപ്പിക്കാൻ ശ്രമിച്ച ഹര്‍ത്താല്‍ അനുകൂലികളെ കടക്കാരും നാട്ടുകാരും കയ്യേറ്റം ചെയ്‌തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാർ നാലുപേരെയും കസ്റ്റഡിയിലെടുത്തു.

13:39 September 23

കൊല്ലത്ത് ബൈക്കിലെത്തിയ ഹര്‍ത്താല്‍ അനുകൂലി പൊലീസുകാരെ ഇടിച്ചു തെറിപ്പിച്ചു

കൊല്ലത്ത് ബൈക്കില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരെ ബുള്ളറ്റിലെത്തിയ ഹര്‍ത്താല്‍ അനുകൂലി ഇടിച്ചു തെറിപ്പിച്ചു. ബൈക്കില്‍ നിന്നു വീണ് പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരവിപുരം പൊലീസ് സ്റ്റേഷനിലെ ജനമൈത്രി പൊലീസുകാരനായ സി.പി ആന്‍റണി, കൊല്ലം എ.ആര്‍ ക്യാമ്പില്‍ നിന്നും ഡ്യൂട്ടിക്കെത്തിയ നിഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

13:30 September 23

സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമെന്ന് ഡിജിപി അനിൽകാന്ത്

ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാഹചര്യം നിയന്ത്രണവിധേയമെന്ന് ഡിജിപി അനിൽകാന്ത്. ആവശ്യമായ പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ചില ജില്ലകളിൽ ഉണ്ടായ ആക്രമണ സംഭവങ്ങളിൽ നടപടിയെടുത്തിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

13:16 September 23

ഹര്‍ത്താലില്‍ കെഎസ്ആർടിസിക്ക് 30 ലക്ഷം രൂപയുടെ നഷ്‌ടം

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്‌ത ഹർത്താലിനിടെയുണ്ടായ ആക്രമണങ്ങളിൽ നിലവില്‍ കെഎസ്ആർടിസിക്ക് 30 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായതായി ഗതാഗത മന്ത്രി ആന്‍റണി രാജു. കല്ലേറിൽ സംസ്ഥാനത്താകെ 51 ബസുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.

13:07 September 23

കോട്ടയത്ത് കുറിച്ചിയിൽ ഹോട്ടലിന് നേരെ കല്ലേറ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യം

കോട്ടയം കുറിച്ചിയിൽ ഹോട്ടലിന് നേരെ ഉണ്ടായ കല്ലേറിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. എം സി റോഡിൽ പ്രവർത്തിക്കുന്ന ശരവണ ഹോട്ടലിന് നേരെയാണ് ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞത്. ബൈക്കിൽ എത്തിയ 2 പേരാണ് ആക്രമണം നടത്തിയത് എന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തില്‍ ഹോട്ടലിന്‍റെ മുമ്പിലെ ഗ്ലാസുകൾ തകർന്നിട്ടുണ്ട്.

13:06 September 23

തൃശൂരില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്

ഹർത്താലിൽ തൃശൂരിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്. വടക്കാഞ്ചേരി, മുള്ളൂർക്കര, പെരുമ്പിലാവ്, കുന്നംകുളം, ചാവക്കാട്, തളിക്കുളം എന്നിവിടങ്ങളിലാണ് കല്ലേറുണ്ടായത്. ചാവക്കാട് ബൈക്കിലെത്തി കെ.എസ്.ആര്‍.ടി.സി റിക്കവറി ബസിന് നേരെ കല്ലെറിഞ്ഞ പിഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹര്‍ത്താലില്‍ തൃശൂര്‍ നഗരത്തിലെ കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ വാഹനങ്ങളും ഏതാനും ടാക്‌സി വാഹനങ്ങളും നിരത്തിലുണ്ട്. ചുരുക്കം ചില പ്രൈവറ്റ് ബസുകളും, കെ.എസ്.ആര്‍.ടി.സി ബസുകളും മാത്രമാണ് ജില്ലയിൽ സർവീസ് നടത്തുന്നത്.

13:06 September 23

പാലക്കാട് ലോറിക്കു നേരെ ആക്രമണം

പാലക്കാട് ലെക്കിടിയിൽ ഹർത്താൽ അനുകൂലികൾ ലോറിയുടെ ചില്ല് എറിഞ്ഞു തകർത്തു. എടപ്പാളിൽ നിന്ന് പൊള്ളാച്ചി കരൂരിലേക്ക് പോകുകയായിരുന്നു ലോറി. ലെക്കിടി മംഗലത്തിനും ലെക്കിടിപേരൂർ പഞ്ചായത്തിനു ഇടയിൽ വച്ച് ഒരാൾ ലോറിയുടെ മുൻ വശത്തുള്ള ചില്ല് കല്ലെറിഞ്ഞ് തകർക്കുകയായിരുന്നു. ഡ്രൈവർക്ക് പരിക്കില്ല. സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് അന്വേഷണം തുടങ്ങി.

12:59 September 23

കണ്ണൂരില്‍ പെട്രോൾ ബോംബുകളുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂർ കല്യാശേരിയിൽ രണ്ട് പെട്രോൾ ബോംബുകളുമായി ഒരാൾ പിടിയിൽ. നാല് പേർ ഓടി രക്ഷപ്പെട്ടു. ഇരുചക്ര വാഹനത്തിൽ ആക്രമണം ലക്ഷ്യമിട്ട് പെട്രോൾ ബോംബുകളുമായി പോകവെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയയത്.

12:40 September 23

പെരിന്തൽമണ്ണയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ ആക്രമണം; ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്ക്

ഗുരുവായൂരിൽ നിന്നും പെരിന്തൽമണ്ണ വഴി ബത്തേരിയിലക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സിയുടെ സുൽത്താൻ ബത്തേരി ഫാസ്റ്റ് പാസഞ്ചർ ബസിന് നേരെ അങ്ങാടിപ്പുറം റൈൽവെ മേൽപാലത്തിൽ വച്ച് കല്ലേറുണ്ടായി. ബസിന്‍റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. ഡ്രൈവർ അഷ്റഫിന് കണ്ണിൽ പരിക്ക് പറ്റിയതിനെ തുടർന്ന് പെരിന്തൽമണ്ണ സര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സ തേടി. യാത്രക്കാരനും നിസാരമായി പരിക്ക് പറ്റിയിറ്റുണ്ട്.

12:36 September 23

ഇടുക്കിയില്‍ ഹര്‍ത്താല്‍ ഭാഗികം

ഇടുക്കി ജില്ലയില്‍ ഹർത്താൽ ഭാഗികം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സജീവമായിട്ടുള്ള അടിമാലി, നെടുംകണ്ടം മേഖകളിൽ പ്രവർത്തകർ എത്തി വ്യാപാര സ്ഥാപങ്ങൾ അടപ്പിക്കുന്ന സാഹചര്യം ഉണ്ടായി. ജില്ലയിലെ മറ്റ് മേഖലകളിൽ സാധാരണ ദിവസം പോലെ തന്നെ വ്യാപാര സ്ഥാപങ്ങൾ തുറക്കുകയും വാഹങ്ങൾ നിരത്തിൽ ഇറങ്ങുകയും ചെയ്‌തു. ഹർത്താലിനെ അനുകൂലിക്കുന്നില്ല എന്നും വ്യാപാര സ്ഥാപങ്ങൾ എല്ലാം തുറന്ന് പ്രവർത്തിക്കുമെന്നും വ്യാപാരി സംഘടനാ പ്രതിനിധികൾ വ്യക്‌തമാക്കി. തോട്ടം മേഖലകലില്‍ ജോലികൾ സജീവമായി തുടർന്നു. വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് അവധിയാണ്. ഓട്ടോ ടാക്‌സി വാഹങ്ങൾ എല്ലാം നിരത്തിൽ ഇറങ്ങി. ജില്ലയിൽ ഇതുവരെ അനിഷ്‌ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്‌തട്ടില്ല.

12:06 September 23

പോപ്പുലര്‍ ഫ്രണ്ടിന്‍റെ മിന്നൽ ഹർത്താൽ കോടതിയലക്ഷ്യം; ഹൈക്കോടതി

മിന്നൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത പോപ്പുലര്‍ ഫ്രണ്ട് നടപടി കോടതിയലക്ഷ്യം എന്ന് ഹൈക്കോടതി. നിയമവിരുദ്ധ ഹർത്താലിനെ പിന്തുണയ്ക്കുന്നവരെ നിരീക്ഷിക്കാന്‍ കോടതി നിര്‍ദേശിച്ചു. പൊതു-സ്വകാര്യ സ്വത്ത്‌ സംരക്ഷിക്കാൻ പൊലീസ് നടപടി ഉറപ്പാക്കണമെന്നും പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ കേസ് എടുക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. ഇതിന്‍റെ വിശദാംശങ്ങൾ കോടതിയെ അറിയിക്കണമെന്നും പൊതുഗതാഗതത്തിന് മതിയായ സുരക്ഷ നല്‍കാനും ഉത്തരവ്.

11:38 September 23

ബാലരാമപുരത്ത് ബൈക്കില്‍ പിന്നാലെ എത്തി ബസിനു നേരെ കല്ലേറ്, ഡ്രൈവര്‍ക്ക് പരിക്ക്

ബാലരമപുരം കല്ലമ്പലത്ത് ബൈക്കിലെത്തിയ സംഘം കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലെറിഞ്ഞു. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ബസാണ് ആക്രമിക്കപ്പെട്ടത്. വഴിമുക്കില്‍ നിന്ന് ആളെ കയറ്റിയ ശേഷം മുന്നോട്ടെടുത്ത ബസിനു നേരെ പിന്നാലെ ബൈക്കിലെത്തിയയാള്‍ കല്ലെറിയുകയായിരുന്നു. ബസിന്‍റെ മുന്‍ഭാഗത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ സുനില്‍ കുമാറിന് കണ്ണിന് പരിക്കേറ്റിട്ടുണ്ട്. ബസിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ല. അക്രമം നടത്തിയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്‍റെ നമ്പര്‍ യാത്രക്കാര്‍ പൊലീസിന് നല്‍കിയിട്ടുണ്ട്.

11:37 September 23

കോന്നിയില്‍ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറ്

കോന്നിയിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം. തിരുവനന്തപുരം പത്തനംതിട്ട കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിന് നേരെയാണ് കല്ലേറ് ഉണ്ടായത്. കോന്നി കുളത്തിങ്കൽ വച്ചാണ് ബസിന്റെ ഗ്ലാസ് എറിഞ്ഞു തകർത്തത്. പരിക്ക് പറ്റിയ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിൽ യാത്രക്കാർ കുറവായിരുന്നു. രാവിലെ കോന്നി ഇളകൊള്ളൂർ സ്‌കൂൾ പടിക്ക് സമീപം വച്ചും കെഎസ്ആർടിസി ബസിനു നേരെ കല്ലേറ് നടന്നു.

11:26 September 23

പൊലീസുകാര്‍ക്ക് നേരെയും ആക്രമണം; സംസ്ഥാനത്ത് 130ലധികം പേർ കരുതൽ തടങ്കലില്‍

ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക ആക്രമണം. നിരവധി കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണമുണ്ടായി. വിമാനത്താവളങ്ങളിലേക്ക് പോയ വാഹനങ്ങൾക്ക് നേരെ വരെ ആക്രമണം നടന്നു. പൊലീസിനു നേരെയും ആക്രമണം ഉണ്ടായി. കൊല്ലം പള്ളിമുക്കിലാണ് പൊലീസിനെ ബൈക്ക് ഉപയോഗിച്ച് ഇടിച്ച് തെറിപ്പിച്ചത്. കോട്ടയം ഈരാട്ടുപേട്ടയിലെ സംഘർഷാവസ്ഥ ഇപ്പോഴും തുടരുകയാണ്. 130ലധികം പേർ കരുതൽ തടങ്കലിലാണ്.

10:59 September 23

കോഴിക്കോട് 7 പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍

കോഴിക്കോട് 7 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കരുതൽ അറസ്റ്റിൽ. പൊലീസ് സുരക്ഷയില്‍ കെഎസ്ആർടിസി സർവീസ് നടത്തുന്നു.

10:36 September 23

സർവീസുകൾ നിർത്തില്ല, പൊലീസ് സംരക്ഷണയില്‍ ബസ് ഓടും: മന്ത്രി ആന്‍റണി രാജു

കെഎസ്ആർടിസി ബസുകൾ സർവീസുകൾ നിർത്തില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വനം ചെയ്‌ത ഹർത്താലിൽ സംസ്ഥാനത്ത് വ്യാപകമായി കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. കെഎസ്ആർടിസിക്ക് യാത്രാസൗകര്യം ഉറപ്പാക്കും. ഇതിനായി പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്.

കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ പൊലീസ് സുരക്ഷ ലഭ്യമാക്കിയില്ലെങ്കിൽ സർവീസ് നടത്തില്ലെന്നാണ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ (ഓപ്പറേഷൻസ്) ജി പി പ്രദീപ് കുമാർ ഇടിവി ഭാരതിനോട് പ്രതികരിച്ചത്. ഇത് സംബന്ധിച്ച് എല്ലാ യൂണിറ്റുകൾക്കും നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അതേസമയം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിൽ നിരവധി ബസുകൾ തകർന്ന സംഭവത്തിന് പിന്നാലെ മാനേജ്മെന്‍റും രംഗത്തെത്തി.

ആനവണ്ടിയെ തകർത്തുകൊണ്ടുള്ള ഒരു സമരങ്ങളും ധാർമികമായി വിജയിക്കില്ലെന്ന് കെഎസ്ആർടിസി ഫേസ്ബുക്ക് പേജിൽ കുറിച്ചു. സമരങ്ങളുടെ കരുത്തുകാട്ടാൻ ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ഒഴിവാക്കണം. നിങ്ങൾ തകർക്കുന്നത് നിങ്ങളെ തന്നെയാണ്. സാധാരണക്കാരന്റെ സഞ്ചാര മാർഗത്തെയാണെന്നും കെഎസ്ആർടിസി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

10:32 September 23

കോട്ടയത്ത് അഞ്ച് പിഎഫ്ഐ പ്രവർത്തകര്‍ കസ്റ്റഡിയില്‍; നൂറോളം പേര്‍ കരുതല്‍ തടങ്കലില്‍

ഈരാറ്റുപേട്ടയിൽ രാവിലെ ഏഴുമണിയോടെ സംഘടിച്ചെത്തിയ സമരാനുകൂലികൾ നടുറോഡിലിറങ്ങി വാഹനങ്ങൾ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്‌തതതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവുമുണ്ടായതോടെ സംഘർഷാവസ്ഥയുണ്ടായി. ഇതോടെയാണ് പൊലീസ് സംഘമെത്തി സമരാനുകൂലികളെ നീക്കാനായി ലാത്തി ചാർജ് നടത്തിയത്. ഈരാറ്റുപേട്ടയിൽ നഗരത്തിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. കോട്ടയത്ത് അഞ്ച് പിഎഫ്ഐ പ്രവർത്തകരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 100 ഓളം പേരെ കരുതൽ തടവിലാക്കി ഈരാറ്റുപേട്ട പാലാ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി.

10:28 September 23

കോഴിക്കോട് നിര്‍ത്തിവച്ച കെഎസ്‌ആര്‍ടിസി സര്‍വീസ് പൊലീസ് സംരക്ഷണയില്‍ പുനഃസ്ഥാപിച്ചു

ഹർത്താലിൽ കോഴിക്കോട് ജില്ലയിൽ വ്യാപക ആക്രമണം. മൂന്ന് കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ്. വയനാട്ടിൽ നിന്നും കോഴിക്കോട് വരികയായിരുന്നു കെഎസ്ആർടിസി ബസിന് നേരെ ഉണ്ടായ കല്ലേറിൽ ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി വടകര കല്ലായി ഭാഗങ്ങളിലായി ലോറികൾക്ക് നേരെയും കല്ലേറുണ്ടായി.

ബൈക്കിൽ എത്തുന്ന സംഘമാണ് കല്ലെറിഞ്ഞ് രക്ഷപ്പെടുന്നത്. കോഴിക്കോട് നഗരത്തിൽ കടകളൊന്നും തന്നെ തുറന്നു പ്രവർത്തിക്കുന്നില്ല. അതേസമയം ഗ്രാമപ്രദേശങ്ങളിൽ ചില കടകൾ മാത്രം തുറന്ന പ്രവർത്തിക്കുന്നുണ്ട്. അക്രമത്തെ തുടർന്ന് നിർത്തിവച്ചിരുന്ന കെഎസ്ആർടിസി സർവീസ് പൊലീസ് സംരക്ഷണയിൽ പുനഃസ്ഥാപിച്ചു. സ്വകാര്യ വാഹനങ്ങളൊന്നും തന്നെ നിരത്തിലിറങ്ങിയിട്ടില്ല.

10:25 September 23

വയനാട്ടില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ എറിഞ്ഞു തകര്‍ത്തു

പനമരം ആറാം മൈല്‍ മൊക്കത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസന്‍റെ ചില്ല് എറിഞ്ഞു തകര്‍ത്തു. രാവിലെ 6 മണിക്ക് കോഴിക്കോട്ടേക്ക് സര്‍വീസ് ആരംഭിച്ച ബസിന്‍റെ ചില്ലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തത്. കൂടാതെ പീച്ചങ്കോട് വെച്ച് കാറിന്റെയും, മിനിലോറിയുടെയും നേരെ കല്ലേറുണ്ടായി. ഇരു വാഹനങ്ങളുടെയും ചില്ലുകള്‍ തകര്‍ന്നു. ജില്ലയില്‍ വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ തടയുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാലും പലയിടത്തും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്.

10:22 September 23

കിള്ളിപ്പാലത്ത് കെഎസ്ആർടിസി ബസ് എറിഞ്ഞു തകര്‍ത്തു

കിള്ളിപ്പാലത്ത് കെഎസ്ആർടിസി ബസ് കല്ലേറിൽ തകർന്നു.

10:21 September 23

കോട്ടയത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരേ കല്ലേറ്

കോട്ടയത്ത് കുറിച്ചി ഔട്ട് പോസ്റ്റിലും അയ്‌മനത്തും കെഎസ്ആർടിസി ബസുകൾക്ക് നേരേ കല്ലേറ്. കുറിച്ചി ഔട്ട് പോസ്റ്റ്, മന്ദിരം കവല, കാലായിപ്പടി എന്നിവിടങ്ങളിൽ ഉണ്ടായ ആക്രമണത്തില്‍ നിരവധി ബസുകളുടെ ചില്ലുകൾ തകർന്നു. പ്രദേശങ്ങളില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

10:19 September 23

കാസര്‍കോട് നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചു; രണ്ടു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ഹർത്താലിൽ കാസർകോട് കുമ്പളയിൽ ചരക്ക് ലോറിക്ക് നേരെ കല്ലേറുണ്ടായി. മംഗലാപുരത്തു നിന്നും വരികയായിരുന്ന ലോറിക്ക് നേരെയാണ് ആക്രമണം. ചൂരിയിൽ നിർബന്ധിച്ചു കടകൾ അടപ്പിക്കാൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അതേസമയം സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങുന്നുണ്ട്. എന്നാൽ സ്വകാര്യ ബസുകൾ ഓടിയില്ല. കെഎസ്ആർടിസി ബസുകൾ ചില സർവീസുകൾ മാത്രമേ നടത്തുന്നുള്ളൂ. നഗരത്തിലെ ചില കടകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. കാസര്‍കോട് പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.

09:54 September 23

തിരുവനന്തപുരത്ത് സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെയും ആക്രമണം

തിരുവനന്തപുരത്ത് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന കാറിനു നേരെ ആക്രമണം.

09:51 September 23

കോട്ടയത്ത് മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കോട്ടയത്ത് അതിരുവിട്ട് പ്രതിഷേധം

കോട്ടയത്ത് ഹര്‍ത്താല്‍ അനുകൂലികളുടെ പ്രതിഷേധം അതിരു വിട്ടു. ഇരുചക്ര വാഹനത്തിലെത്തിയ യുവാവിന്‍റെ തലക്ക് ഹെല്‍മറ്റു കൊണ്ട് അടിച്ചു. മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

09:37 September 23

ആലപ്പുഴയിൽ വ്യാപക അക്രമം; വാഹനങ്ങൾക്ക് നേരെ കല്ലേറ്

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ വ്യാപക അക്രമം. അമ്പലപ്പുഴ വളഞ്ഞവഴിയിൽ നിരവധി വാഹനങ്ങൾക്ക് നേരെ ഹർത്താൽ അനുകൂലികളുടെ കല്ലേറ്. കെഎസ്ആര്‍ടിസി ബസുകൾക്കും ലോറികൾക്കും കാറിനും നേരെയാണ് ആക്രമണം നടന്നത്. കാക്കാഴം റെയിൽവെ മേൽപ്പാലത്തിന് വടക്ക് ഭാഗത്തും വളഞ്ഞവഴി എസ്എന്‍ കവല ജങ്‌ഷന് സമീപവുമാണ് കല്ലേറ് നടന്നത്. കൊടുങ്ങല്ലൂരിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ, ഹരിപ്പാട് നിന്ന് ആലപ്പുഴയിലേക്ക് പോയ ബസ് എന്നിവക്കു നേരെയുണ്ടായ ആക്രമണത്തിൽ മുൻ വശത്തെ ചില്ലുകൾ തകർന്നു. തൂത്തുക്കുടിയിൽ നിന്ന് കൊച്ചിയിലേക്കു പോയ കണ്ടെയ്‌നർ ലോറിക്കു നേരെ നടന്ന ആക്രമണത്തിൽ മുൻ വശത്തെ ചില്ല് തകർന്നു. കല്ലേറിൽ ട്രക്ക് ഡ്രൈവർക്ക് പരിക്കേറ്റു. പുറക്കാട് ചരക്ക് ലോറിക്ക് നേരെ കല്ലേറുണ്ടായി. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. കെഎസ്ആർടിസി ബസുകൾക്കും മറ്റ് വാഹനങ്ങൾക്കും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹർത്താലിന്‍റെ പേരിൽ അക്രമം അഴിച്ചുവിട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.

09:35 September 23

ആലുവയില്‍ കല്ലേറ്; സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയില്ല

ആലുവ മാറമ്പിള്ളിയിൽ കെ.എസ്.ആർ.ടി.സി ബസുകൾക്കുനേരെ ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞു. കൊച്ചിയിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ലെങ്കിലും കൊച്ചി മെട്രോ സാധാരണ രീതിയില്‍ സർവീസ് നടത്തുന്നു. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്.

09:33 September 23

കോട്ടയം ഈരാറ്റുപേട്ടയില്‍ ലാത്തി ചാര്‍ജ്

ഹർത്താൽ അനുകൂലികൾ ഈരാറ്റുപേട്ടയിൽ വാഹനം തടഞ്ഞു. പ്രവര്‍ത്തകരുടെ പ്രതിഷേധം അതിരു വിട്ടപ്പോള്‍ പൊലീസ് ലാത്തി വീശി. ചങ്ങനാശേരിയിൽ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് ഉപരോധിച്ചു. കെഎസ്ആര്‍ടിസ് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും സ്വകാര്യ ബസുകൾ ഓടുന്നില്ല.

08:45 September 23

തലസ്ഥാനത്ത് കനത്ത സുരക്ഷ

തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസുകൾക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായി. നഗരത്തിൽ റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനൽ അടക്കമുള്ളിടത്ത് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

അട്ടക്കുളങ്ങരയിൽ നെയ്യാറ്റിൻകരയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. ആക്രമണത്തിൽ ബസിന്റെ പിറകിലെ ചില്ല് തകർന്നു. കാട്ടാക്കട അഞ്ചുതെങ്ങ് മൂഡിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. അരുമാനൂരിൽ നിന്ന് പൂവാറിലേക്ക് പോയ ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്.

തിരുവനന്തപുരം കുമരി ചന്തയിൽ സ്വകാര്യ വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. സ്വകാര്യ വാഹനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. ഒരു കാറും ഒരു ഓട്ടോറിക്ഷയും സമരാനുകൂലികൾ എറിഞ്ഞു തകർത്തു. എയർപോർട്ടിലേക്ക് പോയ കാറിന് നേരെയായിരുന്നു ആക്രമണം. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് സുരക്ഷ കാര്യക്ഷമമല്ലെന്ന വിമർശനവും ഉയരുന്നുണ്ട്. അതേസമയം പൊതു-സ്വകാര്യ ബസുകൾ സാധാരണ നിലയിൽ സർവീസ് നടത്തുന്നതിനാൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്ന സാഹചര്യമില്ല.

08:41 September 23

പത്തനംതിട്ടയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് പരിക്കേറ്റു

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പന്തളത്ത് കെഎസ്‌ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. കല്ലേറിൽ ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു. പന്തളം-പെരുമണ്‍ സര്‍വീസിന് നേരെയാണ് കല്ലേറുണ്ടായത്. ഡ്രൈവര്‍ പി.രാജേന്ദന്‍റെ കണ്ണിനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം. പന്തളം-പെരുമണ്‍ സര്‍വീസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്കിറങ്ങുമ്പോഴാണ് കല്ലേറുണ്ടായത്. കല്ലേറിൽ ബസിന്റെ ചില്ലുകളും തകർന്നിട്ടുണ്ട്. കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തുമെന്നാണ് സിഎംഡി നല്‍കിയ അറിയിപ്പ്.

08:38 September 23

കണ്ണൂരില്‍ വ്യാപക ആക്രമണം, പെട്രോള്‍ ബോംബേറ്

കണ്ണൂരില്‍ പെട്രോല്‍ ബോംബേറ്

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ കണ്ണൂരില്‍ വ്യാപക അക്രമം. ഉളിയിൽ സമരക്കാർ കെ.എസ്.ആര്‍.ടി.സി ബസിന്‌ കല്ലെറിഞ്ഞു. കല്ലെറിൽ ബസിന്‍റെ മുൻഭാഗത്തെ ചില്ലുകൾ പൂർണമായും തകർന്നു. നരയൻപാറയിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു.

വിമാനത്താവളത്തിൽ നിന്നു വരുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. അക്രമത്തിൽ ആര്‍ക്കും പരിക്കില്ല. ബോംബെറിഞ്ഞവരെ കണ്ടെത്താനായില്ല. കണ്ണൂരില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. വാഹന ഗതാഗതം നിലച്ച അവസ്ഥയിലാണ്. അപൂര്‍വം ചില കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. വളപട്ടണത്തും തളിപറമ്പിലും ടയറുകള്‍ റോഡിലിട്ട് കത്തിച്ചു. പൊലീസെത്തി ഇവ നീക്കം ചെയ്തു

08:14 September 23

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് തകര്‍ത്തു, ഡ്രൈവറുടെ കണ്ണിന് പരിക്ക്

കോഴിക്കോട് ആക്രമണം

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കോഴിക്കോട് ജില്ലയിൽ വാഹനങ്ങൾക്ക് നേരെ വ്യാപക ആക്രമണം. സിവിൽ സ്റ്റേഷൻ പരിസരത്തും വടകരയിലും ചെറുവണ്ണൂരിലും കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലെറിഞ്ഞു. സിവിൽ സ്റ്റേഷൻ പരിസരത്തെ ആക്രമണത്തിൽ ഡ്രൈവർ ശശിയുടെ കണ്ണിന് പരിക്കേറ്റു. താമരശ്ശേരിൽ ലോറികൾക്ക് നേരെയും കല്ലേറുണ്ടായി. പറമ്പിൽ ഒളിഞ്ഞിരുന്നും ബൈക്കുകളിൽ എത്തിയുമാണ് കല്ലേറ്. ഒരാളെ പോലും ഇതുവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല.

Last Updated :Sep 23, 2022, 6:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.