തടവറ അറിവിന്റെ നിലവറയായപ്പോൾ, താളിയോലകളിൽ തെളിയുന്നത് ചരിത്രം...സെൻട്രൽ ആർക്കൈവ്സിലെ പ്രാചീന കഥകൾ

തടവറ അറിവിന്റെ നിലവറയായപ്പോൾ, താളിയോലകളിൽ തെളിയുന്നത് ചരിത്രം...സെൻട്രൽ ആർക്കൈവ്സിലെ പ്രാചീന കഥകൾ
ഇന്ത്യയിലെ ആദ്യത്തെ താളിയോല രേഖ മ്യൂസിയം തിരുവനന്തപുരത്ത് കോട്ടയ്ക്കകത്തെ സെൻട്രൽ ആർക്കൈവ്സ്. പതിമൂന്നാം നൂറ്റാണ്ട് മുതൽ പത്തൊൻപതാം നൂറ്റാണ്ടുവരെയുള്ള, താളിയോലയിൽ എഴുതിയ ചരിത്രരേഖകളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്.
തിരുവനന്തപുരം: തിരുവിതാംകൂർ രാജവംശ കാലത്ത്, 1887 കുറ്റവാളികളെ വരെ പാർപ്പിച്ചിരുന്ന തടവറ ഇന്ന് അറിവിൻ്റെ നിലവറയാണ്. പറഞ്ഞു വരുന്നത് ലോകത്തിലെ ഏറ്റവും വലിയ, ഇന്ത്യയിലെ ആദ്യത്തെ താളിയോല രേഖ മ്യൂസിയത്തെക്കുറിച്ചാണ്. തലസ്ഥാന നഗരിയില് കോട്ടയ്ക്കകത്തെ സെൻട്രൽ ആർക്കൈവ്സിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോലകളുടെ അപൂർവ ശേഖരം ഒരുക്കിയിരിക്കുന്നത്.
പതിമൂന്നാം നൂറ്റാണ്ട് മുതൽ പത്തൊൻപതാം നൂറ്റാണ്ടുവരെയുള്ള, താളിയോലയിൽ എഴുതിയ ചരിത്രരേഖകളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. താളിയോലകളിൽ അധികവും ഭരണപരമായ രേഖകളാണുള്ളത്. മ്യൂസിയത്തിലെ പ്രധാന ആകർഷണം ശ്രീപത്മനാഭക്ഷേത്രവുമായി ബന്ധപ്പെട്ട മതിലകം രേഖകളാണ്.
തൃപ്പടിദാനം, ഉത്സവങ്ങൾ, കല്ലറകൾ തുറന്നത്, എന്നിവ പരാമർശിക്കുന്ന രേഖകളിൽ ചിലത് മ്യൂസിയത്തിലുണ്ട്. വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ തുടങ്ങിയ പ്രാചീന ലിപികളിലുള്ള താളിയോലകളുടെ ദൃശ്യാവിഷ്കാരവും ഒരുക്കുന്നുണ്ട്. പ്രാചീന ലിപികൾ ആധുനിക മലയാളത്തിലേക്ക് മാറ്റുന്നതിനാൽ സാധാരണക്കാർക്കും രേഖകൾ വേഗത്തിൽ മനസിലാക്കാം. ചരിത്രം, ഭൂമി ഇടപാടുകൾ, യുദ്ധവും സമാധാനവും, വിദ്യാഭ്യാസവും ആരോഗ്യവും, സ്ത്രീശാക്തീകരണം, സ്കൂൾ ആരംഭം, ഉത്തരവുകൾ, ഭൂമി ക്രയവിക്രയം, കോടതി രേഖകൾ തുടങ്ങിയവയും ഉൾപ്പെടുന്നു.
സംസ്ഥാന പുരാരേഖ വകുപ്പിന് ഒന്നരക്കോടിയോളം താളിയോലകളുടെ വിപുലമായ ശേഖരമാണുള്ളത്. ഇതിൽ നിന്നും തിരഞ്ഞെടുത്ത 160 താളിയോല രേഖകളാണ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. തിരുവിതാംകൂർ, കൊച്ചി, മലബാർ രാജ്യങ്ങളുടെ സമഗ്ര ചരിത്രം വെളിവാക്കുന്ന അത്യപൂർവ രേഖകളാണ് ഇതിൽ പലതും.
