ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരെ തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടി: മന്ത്രി വീണ ജോര്‍ജ്

ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരെ തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടി: മന്ത്രി വീണ ജോര്‍ജ്
തൃശൂര്‍ എംജി റോഡിലെ ബുഹാരീസ് ഹോട്ടലിൽ പരിശോധനയ്‌ക്കെത്തിയ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥയെ ഹോട്ടൽ ഉടമ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് മന്ത്രി വീണ ജോര്‍ജ് പ്രതികരണവുമായി രംഗത്തെത്തിയത്.
തിരുവനന്തപുരം: ഹോട്ടലുകളില്‍ പരിശോധനയ്‌ക്കെത്തുന്ന ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരെ തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. നിയമം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം നില്‍ക്കുന്ന നടപടി ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഉദ്യോഗസ്ഥര്‍ക്ക് ഭയരഹിതമായി പരിശോധനകള്‍ നടത്താന്‍ കഴിയണം. ഇതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ തൃശൂര്‍ ബുഹാരീസ് ഹോട്ടലിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതുസംബന്ധിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്‌തു. കൃത്യനിര്‍വഹണത്തില്‍ തടസം നിന്നവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.
ഈ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച മൂന്ന് വയസുകാരിയുള്‍പ്പെടെയുള്ള കുടുംബത്തിന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടലില്‍ പരിശോധന നടത്തുകയും വൃത്തിഹീനമായ അന്തരീക്ഷമായതിനാല്‍ പൂട്ടാന്‍ നിര്‍ദേശം നല്‍കുകയും ചെയ്‌തു. എന്നാല്‍ ഭക്ഷ്യസുരക്ഷ വകുപ്പിനെ വെല്ലുവിളിച്ച് ഹോട്ടല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചു.
തൃശൂര്‍ എംജി റോഡിലെ ബുഹാരീസ് ഹോട്ടല്‍ ബുധനാഴ്‌ചയാണ് അടപ്പിച്ചത്. ഇത്തരത്തില്‍ പൂട്ടിക്കുന്ന ഹോട്ടലുകള്‍ ന്യൂനതകള്‍ പരിഹരിച്ച്, ജില്ല അസിസ്റ്റന്‍റ് കമ്മിഷണറുടെ അനുമതിയോടെ മാത്രമേ വീണ്ടും തുറക്കാവൂ എന്നാണ് നിയമം. എന്നാല്‍ ഇതൊന്നും പാലിക്കാതെ സ്വന്തം നിലയില്‍ ഹോട്ടൽ പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. ഇതറിഞ്ഞ് വീണ്ടും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.
പൊലീസ് അകമ്പടിയിലെത്തിയിട്ടും പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥയെ ഫോണില്‍ വിളിച്ച് ഹോട്ടലുടമ ഭീഷണിപ്പെടുത്തി. ദൃശ്യങ്ങളെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും തടഞ്ഞു. എന്നാല്‍ ഭീഷണിക്ക് വഴങ്ങാതെ ഉദ്യോഗസ്ഥ രേഖ മോഹന്‍ ഹോട്ടല്‍ വീണ്ടും അടപ്പിച്ചു.
