'ഇനി അച്ഛന്റെ നാട്ടിൽ ജീവിക്കും'; ജെ സി ഡാനിയേലിന്റെ മകൻ ഹാരിസ് ഡാനിയേല്‍ തിരുവനന്തപുരത്ത് താമസം തുടങ്ങി

'ഇനി അച്ഛന്റെ നാട്ടിൽ ജീവിക്കും'; ജെ സി ഡാനിയേലിന്റെ മകൻ ഹാരിസ് ഡാനിയേല്‍ തിരുവനന്തപുരത്ത് താമസം തുടങ്ങി
JC Daniel son Harris Daniel settled in Thiruvananthapuram: മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേലിന്റെ മകൻ വർഷങ്ങൾക്കിപ്പുറം അച്ഛന്റെ നാട്ടിൽ സ്ഥിരതാമസം തുടങ്ങി. അച്ഛന്റെ മഹത്വം അന്ന് അറിയില്ലായിരുന്നുവെന്ന് ഹാരിസ് ഡാനിയേല്‍.
തിരുവനന്തപുരം: മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേൽ തന്റെ സ്വപ്നങ്ങൾ സ്വന്തമാക്കിയ നഗരമാണ് തിരുവനന്തപുരം. മലയാളത്തിലെ ആദ്യ നിശബ്ദ ചിത്രമായ വിഗതകുമാരന്റെയും ജെ സി ഡാനിയേലിന്റെയും ഓർമ്മകൾ പേറുന്ന തലസ്ഥാന നഗരത്തിലേക്ക് ശിഷ്ട ജീവിതം പറിച്ചു നടുകയാണ് അദ്ദേഹത്തിന്റെ മകൻ ഹാരിസ് ഡാനിയേൽ. തമിഴ്നാട്ടിലെ സേലത്തെ ഉപേക്ഷിച്ചാണ് തലസ്ഥാനത്തെത്തിയത്.
നന്ദൻകോട്, നന്ദാവനം റോഡിലെ ഫ്ലാറ്റിലേക്ക് തന്റെ 88-ാം വയസിൽ ഭാര്യയോടൊപ്പം എത്തിയ ഹാരിസ് അച്ഛന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളടങ്ങിയ ആൽബവും ഒപ്പം കരുതിയിട്ടുണ്ട്. ജെ സി ഡാനിയേലിന്റെ അഞ്ച് മക്കളിൽ ഏറ്റവും ഇളയ മകനാണ് ഹാരിസ്. മറ്റ് സഹോദരങ്ങളെല്ലാം മരണപ്പെട്ടു.
നടൻ മധുവിനോടൊപ്പമുള്ള കോളജ് പഠന കാലവും ജെ സി ഡാനിയേലിന്റെ മകൻ എന്നതും മാത്രമാണ് ഹാരിസിന്റെ സിനിമ ബന്ധം. എൽഐസിയിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായി വിരമിച്ച ശേഷം തിരുവനന്തപുരത്തേക്ക് എത്തണമെന്ന് കാലങ്ങളായി ആഗ്രഹിക്കുന്നതായി ഹാരിസ് പറയുന്നു. കുടുംബ സ്വത്ത് വിറ്റ് അച്ഛൻ നിർമിച്ച സിനിമയുടെ ഏക നെഗറ്റീവ് റീലുകൾ കുട്ടിക്കാലത്ത് സഹോദരിയോടൊപ്പം വെട്ടിക്കത്തിച്ച ബാല്യകാലസ്മരണ ഇന്നും ഹാരിസിനെ അലട്ടുന്നു.
സിനിമക്ക് പിറകെ നടന്ന് അച്ഛൻ എല്ലാം നശിപ്പിച്ചുവെന്ന് തന്നെയാണ് ഹാരിസിന്റെ അഭിപ്രായം. അച്ഛന് പിന്നാലെ സിനിമ നിർമിക്കാൻ പോയവർ എന്തിന് അതിന് തുണിഞ്ഞുവെന്ന് ഇപ്പോഴും ആശ്ചര്യപ്പെടുന്നു. അവസാന കാലത്തും സിനിമയ്ക്കുള്ള കഥകൾ തേടി ജെ സി ഡാനിയേൽ ബൈബിൾ വായിച്ചിരുന്നതായി ഹാരിസ് ഡാനിയേൽ പറയുന്നു.
ഒറ്റയാനായി പടംപിടിക്കാനിറങ്ങിയ ഡാനിയേൽ: മലയാളത്തിലെ ആദ്യ നിശബ്ദ ചലച്ചിത്രമായ വിഗതകുമാരന്റെ നിർമാതാവും സംവിധായകനും ഛായാഗ്രഹകനുമായിരുന്നു ജെ സി ഡാനിയേൽ. ചെറുപ്പത്തിലേ സിനമയോടും ആയോധന കലലളോടും ആഭിമുഖ്യം പുലർത്തിയിരുന്ന ആളാണ് ജെ സി ഡാനിയേൽ. സ്വന്തമായി ഉണ്ടായിരുന്ന 100 ഏക്കർ സ്ഥലം വിറ്റാണ് ഡാനിയേൽ സിനിമയ്ക്ക് വേണ്ടി പണം സ്വരൂക്കൂട്ടിയത്. കേരളത്തിലെ ആദ്യത്തെ സിനിമ സ്റ്റുഡിയോ ആയ ട്രാവൻകൂർ നാഷണൽ പിക്ചേഴ്സിനും അദ്ദേഹം തുടക്കം കുറിച്ചു.
എന്നാൽ, ചിത്രം പരാജയപ്പെട്ടതോടെ ഡാനിയേൽ കടബാധ്യതകളിൽ മുങ്ങി. സ്റ്റുഡിയോയും സാങ്കേതിക ഉപകരണങ്ങളുമടക്കം വിൽക്കേണ്ടിവന്നു. ജീവിക്കാൻ നിവർത്തിയില്ലാതെ വന്നതോടെ ഉപജീവനത്തിനായി ദന്തചികിത്സകനാകാൻ തീരുമാനിച്ചു. ഇതിനായി മുംബെയിലും ചെന്നൈയിലും പോയി പഠനം നടത്തി. പഠനത്തിന് ശേഷം മദിരാശി, നെയ്യാറ്റിൻകര, കാരക്കുടി, അഗസ്തീശ്വരം എന്നിവിടങ്ങളിൽ ഡാനിയേൽ ദന്താശുപത്രികൾ നടത്തി.
