കെ ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ താത്കാലിക ചുമതല ഫിനാന്‍സ് ഓഫിസര്‍ക്ക്

കെ ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ താത്കാലിക ചുമതല ഫിനാന്‍സ് ഓഫിസര്‍ക്ക്
ജാതി വിവേചനം നടത്തി എന്ന് ആരോപണം നേരിട്ട ശങ്കര്‍ മോഹന്‍ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞിരുന്നു
തിരുവനന്തപുരം : കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ ഡയറക്ടര്‍ രാജിവച്ച ഒഴിവില്‍ ഫിനാൻസ് ഓഫിസർ ഷിബു അബ്രഹാമിന് താത്കാലിക ചുമതല നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനം കാണിച്ചുവെന്ന് ആരോപണം നേരിട്ട മുൻ ഡയറക്ടർ ശങ്കർ മോഹൻ രാജിവച്ച ഒഴിവിലാണ് ഷിബു എബ്രഹാമിനെ നിയമിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിന ഭരണ കാര്യങ്ങൾ നിർവഹിക്കാനാണ് താത്കാലിക ചുമതല നൽകി ഉത്തരവിട്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർഥികൾ നടത്തിവന്ന സമരം 50 ദിവസത്തിനുശേഷം ഇന്നലെ അവസാനിച്ചിരുന്നു. സമരത്തിലെ പ്രധാന ആവശ്യം ഡയറക്ടര്‍ ശങ്കർ മോഹനെ നീക്കുക എന്നതായിരുന്നു. ശങ്കര്‍ മോഹന്‍ രാജിവച്ചതിന് പിന്നാലെ വിദ്യാർഥികളുമായി മന്ത്രി നടത്തിയ ചർച്ചയിൽ സമരം അവസാനിപ്പിക്കാനും ക്ലാസുകൾ പുനഃരാരംഭിക്കാനും തീരുമാനിച്ചു.
എന്നാൽ സമരം നിർത്തിയ സാഹചര്യത്തിൽ ഇന്ന് ക്ലാസുകൾ തുടങ്ങാനിരിക്കെ ശങ്കർ മോഹന്‍ പിന്തുണയുമായി ഡീൻ അടക്കം ഏഴുപേർ കൂട്ടരാജി നല്കി. ഡീൻ എസ്. ചന്ദ്രമോഹൻ നായർ രണ്ട് വകുപ്പ് മേധാവികൾ ,ഒരു അസോസിയേറ്റ് പ്രൊഫസർ ,അസിസ്റ്റൻറ് പ്രൊഫസർ ഉൾപ്പടെയുള്ളവരാണ് രാജിവച്ചത്. അതേസമയം രാജിവച്ചതിന് സമരവുമായി ബന്ധമില്ലെന്നും കാലാവധി കഴിഞ്ഞതുകൊണ്ടാണ് ഒഴിഞ്ഞതെന്നുമാണ് ശങ്കർ മോഹന്റെ വാദം.
