കണ്ടല ബാങ്ക് അഴിമതി ; മുന്‍ സിപിഐ നേതാവ് ഭാസുരാംഗനും മകനും അറസ്റ്റില്‍

കണ്ടല ബാങ്ക് അഴിമതി ; മുന്‍ സിപിഐ നേതാവ് ഭാസുരാംഗനും മകനും അറസ്‌റ്റില്‍
Former Cpi Leader Basurangan And His Son Were Arrested : സിപിഐയുടെ പ്രമുഖ നേതാവ് ഭാസുരാംഗനെ കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അറസ്റ്റ് ചെയ്‌തു. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഭാംസുരാംഗനെയും മകന്‍ അഖിലിനെയും ഇഡി സംഘം അറസ്‌റ്റ് ചെയ്‌തത്.
കൊച്ചി: കണ്ടല ബാങ്ക് അഴിമതി കേസില്‍ മുന്‍ സിപിഐ നേതാവ് ഭാസുരാംഗനും മകനും അറസ്‌റ്റില്‍. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഇഡി സംഘം കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ മുന്‍ പ്രസിഡന്‍റ് കൂടിയായ ഭാസുരാംഗന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത് (Basurangan Arrested). ഭാസുരാംഗന്‍റെ മകന്‍ അഖില്‍ജിത്തിനെയും ഇഡി അറസ്റ്റ് ചെയ്‌തു.
പി.എം.എൽ എ കേസ് പരിഗണിക്കുന്ന കോടതിയിൽ പ്രതികളെ നാളെ (നവംബര്‍ 22) ഹാജരാക്കും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ഭാസുരാംഗനെ ഇത് മൂന്നാം തവണയാണ് ഇ.ഡി ചോദ്യം ചെയതത്. ഭാസുരാംഗനും മകനും വരുമാന സ്രോതസ് തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. ഇവരുടെ മൊഴികൾ തമ്മിൽ വലിയ വൈരുദ്ധ്യമുണ്ടായിരുന്നു.
നൂറ് കോടിയിൽ അധികം രൂപയുടെ തട്ടിപ്പ് ബാങ്കുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടന്നാണ് ആരോപണം. ഓഡിറ്റ് നടത്തിയതിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇരുവർക്കുമെതിരായ വ്യക്തമായ തെളിവുകൾ ഇഡി ശേഖരിച്ചിരുന്നു. ഇഡി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സിപിഐ ഭാസുരാംഗനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്.
അന്വേഷണത്തിനിടെ പല ദിവസങ്ങളിലായി ഭാസുരാംഗനെ ഇഡി സംഘം ഏകദേശം 40 മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു. അറസ്റ്റിനുള്ള പ്രാഥമിക നടപടികളൊക്കെ പൂര്‍ത്തിയാക്കിയ ശേഷം ഭാസുരാംഗനെയും മകനെയും കൊച്ചി ഓഫിസിലേക്ക് ഇഡി ഉദ്യോഗസ്ഥര്‍ വിളിച്ച് വരുത്തുകയായിരുന്നു.
ബാങ്കില്‍ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടില്ലെന്നും ഇടത് മുന്നണിയില്‍ തന്നെയുള്ള ഒരു വ്യക്തിയാണ് തന്നെ കുടുക്കാന്‍ നീക്കങ്ങള്‍ നടത്തിയതെന്നും ഭാസുരംഗാന്‍ പറഞ്ഞു. അയാളുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും ഭാസുരാംഗന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ബാങ്കില്‍ നടന്ന സാമ്പത്തിക തിരിമറികളില്‍ ഭാസുരാംഗന് വ്യക്തമായ പങ്കുണ്ടെന്ന് ഇഡിക്ക് തെളിവ് സഹിതം വിവരങ്ങള്‍ ലഭിച്ചിരുന്നു. എല്ലാ തെളിവും ശേഖരിച്ച ശേഷമാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് ഇഡി ഓഫിസില്‍ നിന്ന് ലഭിക്കുന്ന വിവരം.
